മോദി തെരഞ്ഞെടുപ്പില്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണം നിരാശാബോധത്തെയും തോല്‍പ്പിക്കുന്ന തരത്തിലാകുന്നുണ്ട്; യെച്ചൂരിയുടെ വിശകലനം

പ്രധാനമന്ത്രി നരേന്ദ്ര മോഡി പൊതുതെരഞ്ഞെടുപ്പിൽ നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണം നിരാശാബോധത്തെയും തോൽപ്പിക്കുന്ന തരത്തിലാകുന്നുണ്ട്. മുമ്പ്, മഹാരാഷ്ട്രയിലെ ലാത്തൂരിൽ നടത്തിയ പ്രസംഗത്തിൽ, അദ്ദേഹം പുൽവാമാ രക്തസാക്ഷികളുടെ പേരിലാണ് ബിജെപിക്ക് വോട്ട് ചെയ്യാൻ അഭ്യർഥിച്ചത്.

ഗുജറാത്തിലെ തെരഞ്ഞെടുപ്പ‌്  പ്രചാരണത്തിന്റെ അവസാന ദിവസമായ ഏപ്രിൽ 21ന്, മോഡി പറഞ്ഞത്, പാകിസ്ഥാൻ നമ്മുടെ വ്യോമസേനാ പൈലറ്റിനെ വിട്ടുതന്നിരുന്നില്ലെങ്കിൽ അവർക്ക് അതൊരു കൂട്ടക്കുരുതിയുടെ രാത്രിയാകുമായിരുന്നു എന്നാണ്.

വിരോധാഭാസമെന്തെന്നാൽ, പാകിസ്ഥാൻ നമ്മുടെ വൈമാനികൻ അഭിനന്ദൻ വർധമാനെ വിട്ടുതന്ന അതേദിവസം, മാർച്ച് ഒന്നിന് അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ് ട്രംപ‌്, വിയറ്റ്നാമിലെ ഹാനോയിൽ ആഗോള മാധ്യമങ്ങളോട് പറഞ്ഞത്, ഇന്ത്യ–– പാകിസ്ഥാൻ സംഘർഷത്തെ സംബന്ധിച്ച്, ശുഭവാർത്തകൾ ഉടൻ ഉണ്ടാകും എന്നാണ്. അമേരിക്ക –- – ദക്ഷിണ കൊറിയ ഉച്ചകോടിക്കെത്തിയ ട്രംപ‌് ഇത‌ുപറഞ്ഞത്, അഭിനന്ദനെ പാകിസ്ഥാൻ തിരിച്ചെത്തിക്കുന്നതിന് ഏതാനും മണിക്കൂറുകൾ മുമ്പാണ്.

രാജസ്ഥാനിലെ ബാർമേറിൽ നടന്ന ഒരു റാലിയിൽ മോഡി പറഞ്ഞത് ഇങ്ങനെയാണ‌്: ‘പാകിസ്ഥാന്റെ ഭീഷണി കേട്ട് വിരണ്ടുപോകുന്ന നയം ഇന്ത്യ ഉപേക്ഷിച്ചിരിക്കുന്നു. തങ്ങൾക്ക് ആണവ ബട്ടൺ ഉണ്ടെന്നാണ‌് അവർ പറയുന്നത‌്.

നമുക്ക് പിന്നെ എന്താണുള്ളത്? അത് ദീപാവലിക്കുവേണ്ടി കാത്തുസൂക്ഷിക്കുകയാണോ നാം?’ വോട്ട് തട്ടിക്കൂട്ടാനായി സൈനികശക്തിക്ക് മേൽകൈ നൽകുന്ന ഇത്തരത്തിലുള്ള നാണംകെട്ട ആഹ്വാനവും  ആണവായുധത്തെച്ചൊല്ലിയുള്ള  ഭീഷണിയും മുഴക്കുന്നത് മോഡിയുടെ  തികഞ്ഞ നിരാശ വെളിപ്പെടുത്തുന്നതാണ്.

മറ്റെല്ലാ പ്രശ്നങ്ങളിലും വോട്ടർമാർ തന്റെ ഗവൺമെന്റിനെ പുറത്താക്കാൻ ദൃഢനിശ്ചയം ചെയ‌്തിരിക്കുകയാണെന്ന‌് മോഡിക്കറിയാം.

ജനങ്ങളുടെ ജീവനോപാധികൾ തകർക്കുന്നു

അതിവേഗം താണുകൊണ്ടിരിക്കുന്ന ജീവിതനിലവാരം കാരണം പൊതുജനങ്ങളിൽ നിന്നുയരുന്ന രോഷത്തെ നേരിടാനാകാതായിരിക്കുന്നു നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി-–-ആർഎസ്എസ് സംഘത്തിന്. കഴിഞ്ഞ അഞ്ച‌് വർഷത്തിനകം സാധാരണ ജനങ്ങളുടെ ജീവിത നിലവാരത്തിനുനേരെ ചിട്ടയേറിയതും സർവതോന്മുഖവുമായ ആക്രമണമാണ് അഴിച്ചുവിട്ടത്.

ഇന്ത്യയുടെ ജിഡിപി വളർച്ച ഉയർത്തിക്കാട്ടാനായി സ്ഥിതിവിവരക്കണക്കുകളിൽ പോലും കൃത്രിമം കാട്ടിയിട്ടും, കഴിഞ്ഞ അഞ്ച‌് വർഷക്കാലത്തെ വളർച്ചയിൽ ഏറ്റവും കുറവാണ് ഇക്കൊല്ലത്തേത്.

അഞ്ച‌് വർഷംകൊണ്ട് 10 കോടി തൊഴിലവസരം ഉണ്ടാക്കുമെന്ന് വാഗ‌്ദാനം ചെയ‌്തിടത്ത‌്, ഏറ്റവും കൂടിയ തൊഴിലില്ലായ‌്മാ നിരക്കാണ് മോഡിയുടെ സംഭാവന.  കർഷകദുരിതം പെരുകുകയാണ‌്. ദുരിതംമൂത്ത കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടാതിരിക്കാനായി ഒറ്റത്തവണ വായ‌്പ എഴുതിത്തള്ളൽ നടത്തും എന്ന ഉറപ്പിന്റെ കാര്യത്തിലും അദ്ദേഹം വഞ്ചന കാട്ടി.
കഴിഞ്ഞ അഞ്ച‌് വർഷക്കാലം, വ്യവസായമേഖല മുരടിപ്പിലാണ‌്.

ഇപ്പോഴാകട്ടെ അത് തകർച്ചയിലേക്ക് നീങ്ങുകയാണ്. വ്യാവസായിക ഉൽപ്പാദന സൂചിക (ഐഐപി) 2019 ജനുവരിയിൽ 1.7 ശതമാനം വർധന കാണിച്ചിടത്ത‌് 2019 ഫെബ്രവരി ആയപ്പോൾ, അത് വെറും 0.1 ശതമാനമായി ചുരുങ്ങി. 2018 ജനുവരിയിൽ വ്യാവസായിക വളർച്ചാനിരക്ക് 6.9 ശതമാനമായിരുന്നു.

ശിങ്കിടി മുതലാളിത്തം

നിരന്തരമായ സാമ്പത്തികാതിക്രമങ്ങൾകൊണ്ട് കഷ‌്ടപ്പെടുന്ന ജനങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള ആശ്വാസമെത്തിക്കുന്നതിന് എതിരെ നിൽക്കുന്നവർ, നമ്മുടെ അന്നദാതാക്കളായ കർഷകർക്ക‌് ഒറ്റത്തവണ വായ‌്പ എഴുതിത്തള്ളുന്ന കാര്യം നിഷേധിക്കുന്നവർ, തങ്ങളുടെ ഇഷ്ടതോഴന്മാരായ ശിങ്കിടി മുതലാളിമാർ ബാങ്കുകളിൽ നിന്നെടുത്ത 5,55,603 കോടി രൂപയ‌്ക്കുള്ള വായ‌്പകളാണ‌് കഴിഞ്ഞ അഞ്ച‌് വർഷംകൊണ്ട്  എഴുതിത്തള്ളിയത്.

കഴിഞ്ഞ പത്ത‌് വർഷത്തിനിടയിൽ എഴുതിത്തള്ളിയ വായ‌്പയുടെ 80 ശതമാനവും മോഡി സർക്കാർ അധികാരമേറ്റശേഷം തീരുമാനമെടുത്തവയാണ്. ഇങ്ങനെ എഴുതിത്തള്ളിയവരുടെ പേരുവിവരം വെളിപ്പെടുത്താൻ മോഡി സർക്കാർ തയ്യാറല്ല.

ഇന്ത്യ കണ്ടതിൽവച്ച‌് ഏറ്റവും വൃത്തികെട്ട ശിങ്കിടി മുതലാളിത്തത്തിന് മറയിടുന്നതിന‌ുവേണ്ടിയാണിത്. എൻഫോഴ‌്സ‌്മെന്റ‌് ഡയറക്ടറേറ്റ‌്  ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്, നമ്മുടെ പൊതുപണം കുത്തിച്ചോർത്തിയ 36 വൻകിട കൊള്ളക്കാർ രാജ്യംവിട്ട് വിദേശത്ത് അഭയം തേടിയിരിക്കുന്നു എന്നാണ്.

വൈകാരിക പ്രചാരണം

ജനങ്ങളുടെ നിത്യജീവിതത്തിന‌് നേരെ കടന്നാക്രമണം നടത്തുന്നവർക്കെതിരെ അവരിൽനിന്ന്  ഉയരുന്ന രോഷത്തെ നേരിടാനാകാതെ, ബാലറ്റ്പെട്ടിയിലൂടെ അവർ തങ്ങളെ നിരാകരിക്കുമെന്ന് ഭയന്നാണ‌്, മോഡി ഇപ്പോൾ അക്രമോത്സുകമായ പ്രചാരണം നടത്തുന്നത്, ഭീകരതയ‌്ക്കെതിരെയുള്ള പോരാട്ടവും നമ്മുടെ സൈനികരുടെ ത്യാഗവും എടുത്തുദ്ധരിച്ച‌ുകൊണ്ടാണ്.

ഈ പ്രക്രിയയിൽ അദ്ദേഹവും ബിജെപി––ആർഎസ്എസ‌് കൂട്ടുകെട്ടും തെരഞ്ഞെടുപ്പ് കമീഷന്റെ മാതൃകാ പെരുമാറ്റച്ചട്ടത്തെത്തന്നെ കാറ്റിൽ പറത്തുന്നത് തങ്ങൾ ശിക്ഷിക്കപ്പെടില്ല എന്ന ഉത്തമ ബോധ്യത്തോടെയാണ്.

മോഡിയുടെ വികാരപരമായ അവകാശവാദങ്ങൾ ഒന്ന് പരിശോധിക്കാം. ––– അതിർത്തിക്കപ്പുറത്ത‌് നിന്നുള്ള തീവ്രവാദം അവസാനിപ്പിച്ചുവെന്നാണ‌് പ്രധാന അവകാശവാദം. അതിർത്തിക്കപ്പുറത്ത‌് നിന്നുള്ള ഭീകരവാദപ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാന്റെ ശ്രമത്തെ ചെറുത്ത‌ുതോൽപ്പിക്കാൻ തനിക്കാകുമെന്ന് 56 ഇഞ്ച് നെഞ്ചളവ് ചൂണ്ടിക്കാട്ടി മോഡി പൊങ്ങച്ചം പറഞ്ഞു.

ഇപ്പോൾ മോഡി കലിതുള്ളിക്കൊണ്ട് പ്രചരിപ്പിക്കുന്നത്, ഭീകരവാദികളെ പേടിപ്പിക്കാൻ തനിക്ക് കഴിഞ്ഞുവെന്നാണ്. എന്നാൽ വസ‌്തുത എന്താണ്?

2009-–-2014 മായി താരതമ്യം ചെയ്യുമ്പോൾ, അഞ്ചുവർഷത്തെ മോഡി ഭരണത്തിന‌് കീഴിൽ, ഭീകരവാദികളുടെ ആക്രമണം 109 ൽനിന്ന് 626 ആയി വർധിച്ചു. പാകിസ്ഥാന്റെ ഭാഗത്തുനിന്നുള്ള വെടിനിർത്തൽ കരാർ ലംഘനം 563ൽനിന്ന് 5596 ആയാണ് ഉയർന്നത്. നമ്മുടെ സുരക്ഷാഭടന്മാരുടെ വീരമൃത്യു 139ൽനിന്ന് 483 ആയി വളർന്നു.

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സിവിലിയന്മാരുടെ എണ്ണം 12ൽനിന്ന് 210 ആയി.  മോഡി സർക്കാരിന്റെ കശ‌്മീർ നയത്തിന്റെ ഭാഗമായി, തീവ്രവാദി ഗ്രൂപ്പുകളിൽ ചേരുന്ന നാട്ടുകാരുടെ എണ്ണം 2014ലെ 16ൽനിന്ന് 2019 ആയപ്പോൾ 191 ആയി വർധിച്ചു. ഉറിയിലെ സൈനികത്തവളത്തിനു നേരെ നടന്ന ആക്രമണത്തിനുശേഷം, ഇന്ത്യൻ പട്ടാളം സർജിക്കൽ സ്ട്രൈക്ക് നടത്തി.

മോഡിയും ബിജെപി സർക്കാരും അവകാശപ്പെട്ടത്, അതിർത്തിക്കപ്പുറത്ത‌് നിന്നുള്ള ഭീകരവാദത്തെ തുടച്ചുനീക്കാനായെന്നും ഇനിയൊരിക്കലും അത്തരം ആക്രമണം ഉണ്ടാകില്ല എന്നുമാണ്. അതിനുശേഷമാണ് പുൽവാമയിൽ ആക്രമണം നടന്നതും 40 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടതും.

ഇതേത്തുടർന്ന് ഇന്ത്യൻ വ്യോമസേന ബാലാകോട്ടിൽ ഭീകരത്താവളത്തെ ഉന്നമിട്ടപ്പോൾ, നമ്മളോട് പറഞ്ഞത് നിലവിലെ തീവ്രവാദ പരിശ്രമങ്ങളെ പൂർണമായും ഇല്ലായ‌്മ ചെയ്യാനായില്ലെങ്കിലും, ഭാവിയിലെ തീവ്രവാദ ആക്രമണങ്ങളെ തളർത്തിക്കളയാനായിട്ടുണ്ട് എന്നാണ്. എന്നാൽ, ബാലാകോട്ടിന‌ുശേഷം ഭീകരവാദപ്രവർത്തനങ്ങൾ തുടരുകയായിരുന്നു.

ആക്രമണങ്ങളിൽ രക്തസാക്ഷികളായ സൈനികരുടെ എണ്ണം കൂടുകയായിരുന്നു. ഇതാണ് മോഡിയുടെ 56 ഇഞ്ച് നെഞ്ചളവിന്റെ കഥ !

മോഡി പാകിസ്ഥാനെ പേടിപ്പിക്കുന്നു എന്നതായിരുന്നു മറ്റൊരു അവകാശവാദം. എന്നാൽ വസ‌്തുത എന്താണ‌്?  ബിജെപി/ആർഎസ്എസിനെയും നരേന്ദ്ര മോഡിയെയും പാകിസ്ഥാന് ഭയമാണെന്ന അവകാശവാദം തീർത്തും വസ‌്തുതാവിരുദ്ധമാണ്. യഥാർഥത്തിൽ, മുസ്ലിം മൗലികതാവാദവും ഹിന്ദുമൗലികതാവാദവും പരസ‌്പരം പോറ്റുകയാണ്, ഒന്ന് മറ്റേതിൽനിന്ന് ശക്തി സംഭരിക്കുകയാണ്.

വർഷങ്ങൾക്കുമുമ്പ് 1999ൽ, അടൽ ബിഹാരി വാജ്പേയ് നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന് ഭൂരിപക്ഷം നഷ‌്ടപ്പെട്ട സാഹചര്യത്തിൽ നടന്ന പൊതുതെരഞ്ഞെടുപ്പ് കാലത്ത് ലഷ‌്കർ ഇ -തോയ്ബയോട് ആര് അധികാരത്തിൽ വരാനാണ് താൽപ്പര്യം എന്ന‌് ചോദിച്ചപ്പോൾ, അതിന്റെ ഇൻഫർമേഷൻ സെക്രട്ടറി നൽകിയ മറുപടി ശ്രദ്ധേയമാണ്. ‘‘ബിജെപിയാണ് ഞങ്ങൾക്ക് ചേരുക.

ഒരു വർഷത്തിനകം,  ഞങ്ങളെ ആണവായുധ -മിസൈൽ ശക്തിയായി മാറ്റിയത് അവരാണ്. ലഷ‌്കർ ഇ -തോയ്ബയ‌്ക്ക് നല്ല പ്രതികരണം കിട്ടുന്നുവെങ്കിൽ, അതിനുകാരണം ബിജെപിയുടെ പ്രസ‌്താവനകളാണ‌്.

അത് മുമ്പത്തേതിലും മെച്ചപ്പെട്ടിട്ടുണ്ട് ഇപ്പോൾ. അവർ ജയിച്ച് അധികാരത്തിലെത്താൻ ഞങ്ങൾ ദൈവത്തോട് പ്രാർഥിക്കുന്നു. അങ്ങനെ വന്നാൽ, ഞങ്ങൾ കൂടുതൽ ശക്തരായി വളരും.’’ ( ഹിന്ദുസ്ഥാൻ ടൈംസ് –-1999 ജൂലൈ 19)

മുമ്പത്തെ ചാരതാരങ്ങളായ ലഫ്. ജനറൽ (റിട്ടയേഡ്) അസദ് ദുറാനിയും എ എസ് ദുലത്തും ചേർന്നെഴുതിയ പുസ‌്തകമാണ‌് ‘സ്പൈ ക്രോണിക്കിൾസ്’ (ചാരക്കഥകൾ).  ആദ്യത്തെ കക്ഷി പാകിസ്ഥാന്റെ ഐഎസ്ഐയുടെ (ഇന്റർ സർവീസസ് ഇന്റലിജൻസിന്റെ)  മുൻ ഡയറക്ടർ ജനറൽ.

രണ്ടാമൻ ഇന്ത്യയിലെ റിസർച്ച് ആൻഡ‌് അനാലിസിസ് വിങ്ങിന്റെ (റോ) മുൻ തലവനും. അസദ് ദുറാനി പറയുന്നത്, ഐഎസ്ഐക്ക് കൂടുതൽ താൽപ്പര്യം നരേന്ദ്ര മോഡി ഇന്ത്യൻ പ്രധാനമന്ത്രിയാകണം എന്നാണ്.

അദ്ദേഹം പറയുന്നു: ‘‘മോഡി പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിനെപ്പറ്റി പാകിസ്ഥാനിലുണ്ടായ പ്രതികരണം, അത് ഇന്ത്യക്ക് നല്ലതാണ് എന്നായിരുന്നു. മോഡി ഇന്ത്യയുടെ കാര്യം നോക്കട്ടെ. അതിന്റെ പ്രതിച്ഛായ തകർക്കട്ടെ, സാധ്യമെങ്കിൽ അതിന്റെ ആന്തരിക സമതുലിതാവസ്ഥയും തകർക്കട്ടെ.’’ ഇന്ത്യൻ തെരഞ്ഞെടുപ്പിൽ ആര് ജയിക്കണം എന്ന കാര്യത്തിൽ ഐ എസ്ഐയുടെ തെരഞ്ഞെടുപ്പ് അങ്ങനെ വളരെ വ്യക്തമാണ്.

ഇതിനെ ഫലത്തിൽ അംഗീകരിച്ചുകൊണ്ട്, 2019 ഏപ്രിൽ 10ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, ഒന്നാം ഘട്ടം തെരഞ്ഞടുപ്പ് ആരംഭിച്ചപ്പോ ൾ ഒരുപറ്റം വിദേശ മാധ്യമ പ്രവർത്തകരെ മുൻനിർത്തി പറഞ്ഞത്, മോഡി ജയിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നതായാണ്. അങ്ങനെ ജയിച്ചാൽ, ഇന്ത്യ-–-പാകിസ്ഥാൻ സമാധാനത്തിന് മെച്ചപ്പെട്ട ഒരവസരം കിട്ടും എന്നാണ്.  ഇതിലും കൂടുതലായി എന്തെങ്കിലും പറയേണ്ടതുണ്ടോ, മിസ്റ്റർ മോഡി, ഇന്ത്യയിൽ ആര് ജയിക്കാനാണ് പാകിസ്ഥാന് താൽപ്പര്യം എന്ന കാര്യത്തിൽ? ഇന്ത്യയിൽ ഹിന്ദുത്വ വർഗീയത കൂടുതൽ ശക്തിപ്പെടുന്നതോടെ, മുസ്ലിം മൗലികതാ വാദത്തിന് പാകിസ്ഥാനിലും ശക്തിയേറും.

ഈ വികാരോത്തേജനങ്ങൾക്കിടയിലും,  ഇന്ത്യൻജനത കഴിഞ്ഞ അഞ്ച‌ുവർഷത്തെ തങ്ങളുടെ ദൈനംദിന ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ തങ്ങളുടെ സമ്മതിദാനാവകാശം നിസ്സംശയം ഉപയോഗപ്പെടുത്തുക തന്നെ ചെയ്യും. ബിജെപിയുടെ പരാജയം ആസന്നമാണ്; അത് തെരഞ്ഞെടുപ്പിനുശേഷം ഒരു ബദൽ മതനിരപേക്ഷ സർക്കാരിന് വഴിതെളിയിക്കുകതന്നെ ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News