ഉത്തര്‍പ്രദേശിലെ ബന്‍വാരിടോലയിലെ സഹോദരിമാരാണ് ജ്യോതിയും നേഹയും. അച്ഛന്റെ ബാര്‍ബര്‍ ഷോപ്പില്‍ ജോലി ചെയ്യാനെത്തിയതോടെ നാട്ടുകാര്‍ക്ക് കൗതുകമായി.

പുരുഷന്മാരുടെ വേഷം ധരിച്ചാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. ഷേവ് ചെയ്യാനെത്തുന്ന പുരുഷന്മാര്‍ക്ക് അപരിചിതത്വം തോന്നാതിരിക്കാനായിരുന്നു ഈ പുരുഷവേഷം.

സ്‌കൂളില്‍ പോകുന്നത് മുടക്കാതെയായിരുന്നു ജോലിയും. നാട്ടുകാര്‍ ആദ്യം ഇതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും പിന്നീട് അതുമാറി. ഒടുവില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വരെ ഇവര്‍ക്ക് പിന്തുണയുമായി കടയിലെത്തി.

ബാര്‍ബര്‍ ഷോപ്പിലെത്തി ഷേവ് ചെയ്തായിരുന്നു സച്ചിന്‍ തന്റെ പിന്തുണ അറിയിച്ചത്. ഇതിന്റെ ചിത്രം സച്ചിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തു.

എന്റെ ജീവിതത്തിലെ ആദ്യ അനുഭവമാണിത്. ഇതിന് മുമ്പ് മുമ്പ് മറ്റൊരാളെ കൊണ്ട് ഞാന്‍ ഷേവ് ചെയ്യിപ്പിച്ചിട്ടില്ല. എന്നാല്‍ ആ റെക്കോഡ് ഇന്ന് തകര്‍ന്നു. ഈ ബാര്‍ബര്‍ ഷോപ്പ് ഗേള്‍സിനെ പരിചയപ്പെടാനായതുതന്നെ ഒരു ബഹുമതിയായി കാണുന്നുവെന്ന് സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.