ഓട്ടിസം ബാധിതനായ മകന്‍റെ ചികിത്സയ്ക്ക് സുമനസുകളുടെ സഹായം തേടി ഒരു കുടുംബം

തിരുവനന്തപുരം മലയം സ്വദേശികളായ രാജേഷിന്‍റെയും ചിത്രലേഖയുടേയും ജീവിതം വിധിയുടെ ക്രൂരതയില്‍ കുടുങ്ങിയിട്ട് 15 വര്‍ഷം പിന്നിടുന്നു.

സന്തോഷ ദിവസങ്ങൾക്കിടെ രണ്ടാം വയസില്‍ മകന്‍ കൈലാസിന് മാറാരോഗം ഓട്ടിസത്തിന്‍റെ രൂപത്തില്‍ പിടിപെട്ടതോടെയാണ് രാജേഷിന്‍റേയും ചിത്രലേഖയുടേയും ജീവിതം തകിടംമറിഞ്ഞത്.

പിന്നീടുളള നാളുകൾ മകനുമായി ആശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്കുളള സങ്കടയാത്രകൾ. വാടക വീട്ടുകളില്‍നിന്ന് വാടക വീടുകളിലേക്കും ജീവിതം മാറ്റപ്പെട്ടു. ഇതിനിടെ ഒരു മകൾ കൂടി ഇവരുടെ ജീവിതത്തിലേക്കെത്തി.

പക്ഷേ കൈലാസിന് പ്രായമേറുംതോറും വിധിയുടെ ക്രൂരത കൂടുകയായിരുന്നു. മകനെ ശുശ്രൂഷിക്കാന്‍ ഒരാൾ എപ്പോ‍ഴും കൂടെ വേണമെന്നിരിക്ക് രാജേഷിന് ഇലക്ട്രിക് ജോലികൾക്ക് പോകാന്‍ ക‍ഴിയാതായി.

ഉറക്കമില്ലാത്ത രാത്രികളില്‍ കൈലാസ് ഉച്ചത്തില്‍ അലമുറയിടുന്നതും , നഗ്നനായി ഇറങ്ങി ഓടുന്നതും പതിവായപ്പോ‍ൾ നിരന്തരം വാടക വീടുകളില്‍ നിന്നും ഈ കുടുംബം പടിയിറക്കപ്പെട്ടു. ഇപ്പോൾ താമസിക്കുന്നയിടത്തുനിന്നും ഉടന്‍ മാറണമെന്ന് ഉടമ അറിയിച്ചിട്ടും മറ്റ് ഗത്യന്തരമില്ലാതെ ക‍ഴിയുകയാണ് രാജേഷും ചിത്രലേഖയും.

കലാകാരി കൂടിയായ ചിത്രലേഖ തിരുവനന്തപുരത്തെ ചില നാടകട്രൂപ്പുകളില്‍ അഭിനയിക്കുന്നതില്‍നിന്ന് കിട്ടുന്ന തുച്ചമായ വരുമാനത്തെ ആശ്രയിച്ചാണ് ജീവിതവും കൈലാസിന്‍റെ ചികിത്സകളും മുന്നോട്ട് പോകുന്നത്. മകൾക്കും പ്രായമേറിവരുന്നതോടെ മുന്നോട്ടുളള വ‍ഴികളില്‍ ഈ കുടുംബത്തിന് കൂട്ടുളളത് ഭയം മാത്രം.

ചില സന്നദ്ധ സംഘടനകൾ കൈലാസിന് പ്രത്യേക പരിശീലനവും പരിചരണവും നല്‍കാന്‍ മുന്നോട്ട് വന്നെങ്കിലും കൈലാസ് അനിയന്ത്രിതനായതോടെ അതും തടസ്സപ്പെട്ടു.

സര്‍ക്കാര്‍ സഹായത്താല്‍ ഒരുവീട് നല്‍കാമെന്ന് പഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളും അറിയിച്ചതാണ് ഈ കുടുംബത്തിന് ഇപ്പോ‍ഴുളള പ്രതീക്ഷ.

പക്ഷേ മൂന്ന് സെന്‍റ് സ്ഥലമെങ്കിലും കണ്ടെത്തിയാല്‍ മാത്രമേ അതും നടപ്പാകുകയുളളൂ. അതിനായി സുമനസ്സുകളുടെ സഹായം തേടുകയാണ് രാജേഷും ചിത്രലേഖയും.

ഇതിനായി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ ചിത്രലേഖയുടെ പേരില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News