ബിനാനിപുരത്തിന്‍റെ അഭിമാനമായി ഈ ബിഹാറുകാരന്‍

എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയവര്‍ നിരവധിയുണ്ടെങ്കിലും കൊച്ചി ബിനാനിപുരം ഗവണ്‍മെന്‍റ് ഹൈസ്ക്കൂളിലെ വിജയത്തിന് പത്തരമാറ്റിന്‍റെ തിളക്കമുണ്ട്.

ഇതരസംസ്ഥാനക്കാരനായ ബിഹാര്‍ സ്വദേശി മുഹമ്മദ് ദില്‍ഷാദ് ആണ് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി നാടിനും സ്കൂളിനും അഭിമാനമായത്.

അന്യഭാഷയ്ക്കപ്പുറം വാടകവീട്ടിലെ പരിമിതികളെയും സാമ്പത്തിക ബുദ്ധിമുട്ടുകളെയും മറികടന്നാണ് ദില്‍ഷാദിന്‍റെ മിന്നുന്ന ജയം.

മുഹമ്മദ് ദില്‍ഷാദ് ഇനി അന്യനാട്ടുകാരനല്ല. ബിനാനിപുരത്തിന്‍റെ അഭിമാനം കൂടിയാണ്. സ്വന്തം നാട്ടിലെ ഗവണ്‍മെന്‍റ് സ്കൂളിന് എല്ലാ വിഷയങ്ങളിലും എ പ്ലസ് വിജയം നേടിക്കൊടുത്ത ബിഹാറുകാരനായ മുഹമ്മദ് ദില്‍ഷാദിനെ ഒരു നാടാകെ ഏറ്റെടുത്തുക‍ഴിഞ്ഞു.

വാടക വീട്ടിലെ പരിമിതികളും സാമ്പത്തിക ബുദ്ധിമുട്ടുകളും തളര്‍ത്താത്ത അവന് തുണയായത് കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്‍റെ മികവ് തന്നെ.

ചെരുപ്പു കമ്പനിയില്‍എ ജോലി ചെയ്യുന്ന അച്ഛന്‍ ഭുട്ടുവിന്‍റെ ചെറിയ വരുമാനത്തിലാണ് രോഗിയായ ഭാര്യയും അഞ്ച് കുട്ടികളും അടങ്ങുന്ന കുടുംബം ക‍ഴിയുന്നത്. മകനെ പരമാവധി പഠിപ്പിക്കണമെന്നാണ് ഈ അച്ഛന്‍റെ ആഗ്രഹവും.

ക്ലാസ്സധ്യാപകനായ ടി പി സുധിയാണ് ദില്‍ഷാദിന് എല്ലാ പിന്തുണയും നല്‍കുന്നത്. 50 ശതമാനത്തോളം അന്യസംസ്ഥാനക്കാര്‍ പഠിക്കുന്ന സ്കൂളില്‍ സര്‍ക്കാരിന്‍റെ റോഷ്നി പദ്ധതിയിലൂടെ നല്ല വിദ്യാഭ്യാസം നല്‍കാനാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നാട്ടുകാരും ജനപ്രതിനിധികളും മധുരപലഹാരങ്ങള്‍ സമ്മാനിച്ചാണ് നാടിന്‍റെ അഭിമാനമായി മാറിയ ദില്‍ഷാദിനെ അഭിനന്ദിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News