ശ്രീലങ്കന്‍ സ്‌ഫോടനം: സംസ്ഥാനത്ത് 40 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: ശ്രീലങ്കയിലെ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ 40 പേര്‍ പൊലീസ് നിരീക്ഷണത്തില്‍. ചോദ്യംചെയ്യാനായി ഇവരുടെ വിശദവിവരങ്ങളടങ്ങിയ പട്ടിക ഇന്റലിജന്‍സ് മേധാവി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി.

മതപ്രബോധനത്തിനെന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന തൗഹീദ് ജമാഅത്ത് എന്ന സംഘടനയില്‍പ്പെട്ട ഇവരില്‍ തമിഴ്‌നാട് സ്വദേശികളാണ് കൂടുതലും. സംഘത്തിലെ മലയാളികളും തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരാണ്.

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ളവര്‍ സംഘത്തിലുണ്ട്. കൂടുതലും യുവാക്കളും മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവരുമാണ്. ഇവരുടെ സംഘടന, ഓഫീസ്, പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയുടെ വിവരം ഇന്റലിജന്‍സ് ശേഖരിച്ചിട്ടുണ്ട്. എന്നാല്‍, ചോദ്യംചെയ്യാന്‍ നിയമപ്രകാരം ഇന്റലിജന്‍സിന് പരിമിതിയുണ്ട്. അതിനാലാണ് ലോക്കല്‍ പൊലീസ് ചോദ്യംചെയ്യുന്നത്.

അടുത്ത ദിവസം 40 പേരെയും വളിച്ചുവരുത്തി അതത് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ വിവരങ്ങള്‍ ശേഖരിക്കും. തീവ്രവാദബന്ധം കണ്ടെത്തിയാല്‍ വിവരം എന്‍ഐഎക്ക് കൈമാറും.

കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കന്‍ ചര്‍ച്ചുകളിലും ഹോട്ടലുകളിലും നടന്ന സ്‌ഫോടനത്തില്‍ 235 പേര്‍ കൊല്ലപ്പെട്ടിരുന്നു. ചാവേറായ ഷഹ്‌റാന്‍ ഹാഷിമിന് കേരളവുമായി ബന്ധമുള്ളതായി എന്‍ഐഎക്ക് വിവരം ലഭിച്ചിരുന്നു. എന്‍ഐഎയും കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സും അന്വേഷണം നടത്തി പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിനെ അറസ്റ്റ്‌ചെയ്തു.

തുടര്‍ന്ന്, സംസ്ഥാന ഇന്റലിജന്‍സ് വിശദമായി നടത്തിയ അന്വേഷണത്തിലാണ് 40 പേരുടെ പട്ടിക തയ്യാറാക്കിയത്.

അതേസമയം, നിലവില്‍ ഇവരാരുടെയും പേരില്‍ കേരളത്തില്‍ കേസില്ല. എങ്കിലും വിശദമായി ചോദ്യംചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News