നിയമ വിദ്യാഭ്യാസമേഖലയ്ക്ക് പുതിയ ദിശാബോധം പകര്‍ന്ന വ്യക്തിയായിരുന്നു മാധവമേനോനെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: നിയമ വിദ്യാഭ്യാസമേഖലയ്ക്ക് പുതിയ ദിശാബോധം പകര്‍ന്ന വ്യക്തിയായിരുന്നു ഡോ. എന്‍ ആര്‍ മാധവമേനോനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

നിയമ വിദ്യാഭ്യാസത്തെ അദ്ദേഹം നവീകരിച്ചു. നിയമത്തിലുള്ള അഗാധമായ പാണ്ഡിത്യം ലളിതമായ ഭാഷയില്‍ പകര്‍ന്നുകൊടുക്കാന്‍ മാധവമേനോന് സാധിച്ചു. ബാംഗ്‌ളൂരിലെ നാഷണല്‍ ലോ സ്‌കൂള്‍ സ്ഥാപിതമായത് മാധവമേനോന്റെ ശ്രമഫലമായിരുന്നു.

കൊല്‍ക്കത്തയില്‍ ഇത്തരത്തില്‍ ഒരു സ്ഥാപനം തുടങ്ങാന്‍ അന്നത്തെ മുഖ്യമന്ത്രി ജ്യോതിബസു അദ്ദേഹത്തെ ക്ഷണിക്കുകയും ഇന്ത്യയിലെ രണ്ടാമത്തെ നിയമ സര്‍വ്വകലാശാല കല്‍ക്കട്ടയില്‍ സ്ഥാപിതമാവുകയുമായിരുന്നു. അതിന്റെ ആദ്യ വൈസ് ചാന്‍സലര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടതും മാധവമേനോനായിരുന്നു.

ജഡ്ജിമാര്‍ക്ക് പരിശീലനം നല്‍കുന്ന ഭോപ്പാലിലെ നാഷണല്‍ ജുഡീഷ്യല്‍ അക്കാദമിയുടെ രൂപീകരണത്തിലും മാധവമേനോന്‍ പ്രധാന പങ്ക് വഹിച്ചു. എല്ലാ മലയാളികള്‍ക്കും അഭിമാനിക്കാവുന്ന നേട്ടങ്ങളാണ് നിയമ രംഗത്ത് അദ്ദേഹം ഉണ്ടാക്കിയത്.

കേരളത്തില്‍ അഭിഭാഷകര്‍ക്ക് പരിശീലനം നല്‍കാനുള്ള ഒരു സ്ഥാപനവുമായി ബന്ധപ്പെട്ട് ജീവിതാവസാനം വരെ നിയമ മേഖലയില്‍ സജീവമായിരുന്നു എന്‍.ആര്‍. മാധവമേനോന്‍. കുടുംബാംഗങ്ങള്‍ക്കൊപ്പം ദുഃഖം പങ്കിടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here