ചൂര്‍ണിക്കര വ്യാജരേഖ കേസ്; ഇടനിലക്കാരന്‍ അബു സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍

ആലുവ ചൂര്‍ണ്ണിക്കരയില്‍ ഭൂമി തരം മാറ്റുന്നതിന് വ്യാജരേഖയുണ്ടാക്കിയ ഇടനിലക്കാരന്‍ അബു സജീവ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍. വ്യാജരേഖ നിര്‍മ്മിച്ചതിനു പിന്നില്‍ ഇടനിലക്കാരന്‍ അബുവാണെന്ന് സ്ഥലമുടമ ഹംസ വിജിലന്‍സിന് മൊഴി നല്‍കിയിരുന്നു. ഇതെത്തുടര്‍ന്ന് അബു ഒളിവിലാണ്.

ആലുവ ചൂര്‍ണ്ണിക്കരയിലുള്ള ഭൂമി തരം മാറ്റുന്നതിന് സഹായ വാഗ്ദാനം നല്‍കി ഇടനിലക്കാരനായി എത്തിയത് കാലടി ശ്രീഭൂതപുരം സ്വദേശി അബുവാണെന്ന് ഭൂവുടമ ഹംസ കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. നടപടിക്രമങ്ങളുടെ ഭാഗമായും ഉദ്യോഗസ്ഥര്‍ക്ക് നല്‍കാനായും 7 ലക്ഷം രൂപ നല്‍കണമെന്നും ഇയാള്‍ തന്നോട് ആവശ്യപ്പെട്ടിരുന്നതായും ഹംസ മൊഴി നല്‍കിയിരുന്നു.

പണമിടപാടിനെത്തുടര്‍ന്നാണ് ലാന്റ് റവന്യു കമ്മീഷണറുടേതെന്ന പേരില്‍ അനുമതി പത്രം വ്യാജമായി ഇയാള്‍ നിര്‍മ്മിച്ച് നല്‍കിയതെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അബു ഒളിവില്‍ പോയത്.അബു കോണ്‍ഗ്രസ്സിന്റെ സജീവ പ്രവര്‍ത്തകനാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിന്റെ അടുപ്പക്കാരനായിരുന്ന അബു ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാന്റെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായിരുന്നുവെന്നും അയല്‍വാസിയായ കബീര്‍ മേത്തര്‍ പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശ്രീഭൂതപുരത്തെ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായി സ്വകാര്യ വ്യക്തിയുടെ ഭൂമിയിലൂടെ കടന്നുപോകുന്ന പൈപ്പ് മാറ്റി സ്ഥാപിച്ചു നല്‍കാന്‍ സഹായിക്കാമെന്ന് പറഞ്ഞ് സ്ഥലമുടമയില്‍ നിന്ന് 50000 രൂപ തട്ടിയെടുത്തുവെന്നും ഇയാള്‍ക്കെതിരെ പരാതിയുയര്‍ന്നിരുന്നു.

ഉദ്യോഗസ്ഥര്‍ക്ക് നല്‍കാനെന്ന് പറഞ്ഞാണ് അന്നും ഇയാള്‍ പണം വാങ്ങിയത്. എന്നാല്‍ പിന്നീട് പോലീസ് ഇടപെട്ട് പണം തിരിച്ചുനല്‍കിച്ച് കേസ് ഒത്തു തീര്‍പ്പാക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News