രാജീവ് ഗാന്ധിയുടെ പേരില്‍ കോണ്‍ഗ്രസ്-ബിജെപി പോര് രൂക്ഷം: സിക്ക് വിരുദ്ധ കൂട്ടക്കൊലയ്ക്ക് കാരണക്കാരന്‍ രാജീവെന്ന് ബിജെപി: രാജീവിന്റെ കൊലപാതകത്തിന് കാരണം ബിജെപിയെന്ന് കോണ്‍ഗ്രസ്

ദില്ലി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരില്‍ കോണ്‍ഗ്രസ്-ബിജെപി പോര് രൂക്ഷമാകുന്നു.

സിക്ക് വിരുദ്ധ കൂട്ടക്കൊലയ്ക്ക് കാരണക്കാരന്‍ രാജീവ് ഗാന്ധിയെന്ന് ബിജെപി കുറ്റപ്പെടുത്തി. രാജീവിന്റെ കൊലപാതകത്തിന് കാരണം ബിജെപിയെന്ന് കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ തിരിച്ചടിച്ചു.

രാജീവ് ഗാന്ധി മരിക്കുമ്പോള്‍ ഒന്നാം നമ്പര്‍ അഴിമതികാരനായിരുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍ക്ക് പിന്നാലെയാണ് കോണ്ഗ്രസ്-ബിജെപി വാക്പോര് രൂക്ഷമായിരിക്കുന്നത്.

ഇന്ദിരാ ഗാന്ധിയുടെ മരണത്തെ തുടര്‍ന്ന് 1984ല്‍ പൊട്ടിപുറപ്പെട്ട സിഖ് വിരുദ്ധ കൂട്ടകൊലയ്ക്ക് പിന്നില്‍ രാജീവ് ഗാന്ധിയാണന്ന് ബിജെപി ഔദ്യോഗിക ട്വീറ്ററിലൂടെ ആരോപണം ഉന്നയിച്ചു.

രാജീവ് ഗാന്ധി നേരിട്ട് നിര്‍ദേശിച്ചത് പ്രകാരമാണ് സിഖ് മതസ്ഥരെ കൂട്ടകൊല ചെയ്തത്. നാനാവതി കമ്മീഷന്‍ ഇത് കണ്ടെത്തിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ബിജെപി ട്വീറ്റ് ചെയ്തു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അഴിമതികാരനായി ലോക്സഭ തിരഞ്ഞെടുപ്പ് റാലികളില്‍ മോദി ചിത്രീകരിക്കുമ്പോഴാണ് കൊലപാതക ആരോപണം കൂടി ബിജെപി കൂട്ടിചേര്‍ക്കുന്നത്.

ആരോപണം വന്നതിന് പിന്നാലെ മറുപടിയുമായി സോണിഗാന്ധിയുടെ വിശ്വസ്തനും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ അഹമ്മദ് പട്ടേല്‍ രംഗത്ത് എത്തി. രാജീവിന്റെ കൊലപാതകത്തിന് പിന്നില്‍ ബിജെപിയാണ്. ബിജെപി പിന്തുണയോടെ വിപി സിങ്ങ് സര്‍ക്കാര്‍ ഭരിക്കുമ്പോഴാണ് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്.

രഹസ്യാന്വേഷണ മുന്നറിയിപ്പുകള്‍ ഉണ്ടായിട്ടും മതിയായ സുരക്ഷ നല്‍കാന്‍ ബിജെപി പിന്തുണയുള്ള വിപി സിങ്ങ് സര്‍ക്കാര്‍ തയ്യാറായില്ലെന്നും അഹമ്മദ് പട്ടേല്‍ ട്വീറ്ററിലൂടെ വിമര്‍ശിച്ചു. ദില്ലിയും പഞ്ചാബും അടക്കം സിഖ് മതസ്ഥര്‍ക്ക് പ്രാഥാന്യമുള്ള സംസ്ഥാനങ്ങള്‍ തിരഞ്ഞെടുപിലേയ്ക്ക് കടക്കുമ്പോള്‍ സിഖ് കൂട്ടക്കൊല ചര്‍ച്ചയാക്കുന്നത് ഗുണം ചെയ്യുമെന്ന് ബിജെപി കരുതുന്നു.

നാവികസേന പടകപ്പലായ ഐഎന്‍എസ് വിരാട് രാജീവ് ഗാന്ധി ടൂറിസ്റ്റ് ടാക്സി പോലെ ഉപയോഗിച്ചെന്നും മോദി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here