മഴക്കാലപൂര്‍വ്വ ശുചീകരണം, പകര്‍ച്ച വ്യാധി പ്രതിരോധം എന്നിവ സംസ്ഥാനത്ത് കാര്യക്ഷമമായി നടപ്പാക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍

മഴക്കാലപൂര്‍വ്വ ശുചീകരണം, പകര്‍ച്ച വ്യാധി പ്രതിരോധം എന്നിവ സംസ്ഥാനത്ത് കാര്യക്ഷമമായി നടപ്പാക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. മെയ് 11, 12 തീയതികളില്‍ ജനപങ്കാളിത്തത്തോടെയാണ് ശുചീകരണം നടത്തുന്നത്.

മഴക്കാലത്തിനു മുന്നോടിയായി കുളങ്ങളും നദികളും തോടുകളും വൃത്തിയാക്കി ഒഴുക്ക് സുഗമമാക്കുന്നതിന്റെ ഭാഗമായാണ് ശുചീകരണ യജ്ഞം. ജില്ലാതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മന്ത്രിമാര്‍ക്കും സെക്രട്ടറിമാര്‍ക്കുമാണ് ചുമതല.

ഇത് സംബന്ധിച്ച് മുഖ്യമന്ത്രി നേരിട്ട് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാലിന്യ സംസ്‌കരണത്തിന് ജനവാസമില്ലാത്ത സ്ഥലം കണ്ടെത്താന്‍ ജില്ലാ കളക്ടര്‍മാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

പകര്‍ച്ചവ്യാധി പ്രതിരോധത്തിനുതകുംവിധം വാര്‍ഡ്തല ആരോഗ്യ ശുചിത്വസമിതി ജാഗ്രതയോടെ പ്രവര്‍ത്തിക്കും. വാര്‍ഡ് പരിധിയിലെ വീടുകള്‍, സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവ മാലിന്യമുക്തവും ശുദ്ധമായ കുടിവെള്ളം ലഭ്യമാണെന്നും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉറപ്പുവരുത്തണം. സ്‌കൂള്‍ തുറക്കുംമുമ്പേ സ്‌കൂള്‍പരിസരം വൃത്തിയാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വിവിധ വകുപ്പുകളുടെ ഏകോപനത്തില്‍ ഒരുവര്‍ഷം നീളുന്ന മാലിന്യമുക്ത പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്. ജലസ്രോതസ്സുകളിലും കനാലുകളിലും വിസര്‍ജ്യമുള്‍പ്പെടെയുള്ള മാലിന്യം തള്ളുന്നവര്‍ക്കെതിരെ നിയമനടപടി കര്‍ശനമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here