ചികിത്സ തേടിയ നവജാതശിശുവിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍

ആരോഗ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഹൃദ്രോഗ ചികിത്സ തേടിയ നവജാതശിശുവിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍.

ആദ്യഘട്ട ചികിത്സ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയില്ലാതെ തന്നെ മറികടക്കാനായിയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നവജാത ശിശുവിന്റെ അമ്മയുടെ സഹോദരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ സഹായമഭ്യര്‍ത്ഥിക്കുകയും ആരോഗ്യമന്ത്രി ഇടപെട്ട് ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുഞ്ഞിന് സൗജന്യ ചികിത്സ ആരംഭിക്കുകയുമായിരുന്നു.

മലപ്പുറം എടക്കര സ്വദേശികളായ ദമ്പതികളുടെ ഹൃദ്രോഗവുമായി പിറന്ന ഒരു ദിവസം പ്രായമായ പെണ്‍കുഞ്ഞിനാണ് ആരോഗ്യമന്ത്രി ഇടപെട്ട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കിയത്.

കുഞ്ഞിന്റെ ആദ്യഘട്ട ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കാനായെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഹൃദയത്തില്‍ നിന്നും ശ്വാസകോശത്തിലേക്കുളള കുഴല്‍ സ്റ്റെന്റ് മുഖേന വികസിപ്പിക്കാന്‍ കഴിഞ്ഞതിനാല്‍ സങ്കീര്‍ണ്ണമായ ശസ്ത്രിക്രിയ ഒഴിവാക്കാനായിയെന്നും ലിസ്സി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.

ഹൃദ്രോഗവുമായി പിറന്ന കുഞ്ഞിന് ചികിത്സാ സഹായം അഭ്യാര്‍ത്ഥിച്ച് അമ്മയുടെ സഹോദരനാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. നിമിഷങ്ങ!ള്‍ക്കകം തന്നെ ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചര്‍ ഇടപെടുകയും പെരിന്തല്‍മണ്ണയില്‍ നിന്നും എറണാകുളത്ത് ചികിത്സ ലഭ്യമാക്കുകയുമായിരുന്നു. ആരോഗ്യവകുപ്പിന്റെ ഇടപെടലില്‍ എഫ്ബി പോസ്റ്റിട്ട ജിയാസ് നന്ദിയറിയിച്ചു.

സോഷ്യല്‍മീഡിയയിലും ആരോഗ്യമന്ത്രിക്ക് അഭിനന്ദനപ്രവാഹമായിരുന്നു. കുഞ്ഞിന് ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വിദഗ്ധ ചികിത്സ പുരോഗമിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News