ബാബാ രാംദേവിന്റെ പരാതിയില്‍ സീതാറാം യെച്ചൂരിക്കെതിരെ കേസ്; കേസുകള്‍കൊണ്ട് കമ്യൂണിസ്റ്റുകാരെ തളര്‍ത്താനാകില്ലെന്ന് കോടിയേരി

വിവാദ ആത്മീയവ്യവസായി ബാബാ രാംദേവിന്റെ പരാതിയില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ ഹരിദ്വാര്‍ പൊലീസ് കേസെടുത്തിരിക്കുകയാണ്.

ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്നാണ് പരാതി. മലേഗാവ് സ്‌ഫോടനക്കേസില്‍ പ്രതിയായിരുന്ന പ്രഗ്യാസിങ് താക്കൂര്‍ ബിജെപി സ്ഥാനാര്‍ഥിയായി ഭോപാലില്‍ വോട്ട് തേടുന്നതിന്റെ അധാര്‍മികത തുറന്നുകാട്ടി യെച്ചൂരി സംസാരിച്ചതാണ് കച്ചവടസ്വാമിയുടെ അനിഷ്ടത്തിന് കാരണം.

നമ്മുടെ ഇതിഹാസകൃതികളായ ‘രാമായണം’, ‘മഹാഭാരതം’ തുടങ്ങിയവയിലെ യുദ്ധങ്ങളും അക്രമങ്ങളും തന്റെ വാദമുഖം സമര്‍പ്പിക്കാന്‍ യെച്ചൂരി പരാമര്‍ശിച്ചിരുന്നു.

എന്നാല്‍, രാമായണത്തെയും മഹാഭാരതത്തെയും മറ്റ് ഇതിഹാസകൃതികളെയും അപമാനിച്ചെന്നും ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്നുമായി രാംദേവിന്റെ ആക്ഷേപം.

ഇത് യുക്തിരഹിതമാണ്. ബിജെപിയെ തെരഞ്ഞെടുപ്പിന് സഹായിക്കാനുള്ള ആശയപരിസരം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് ഇത് ചെയ്തത്. പ്രതിവര്‍ഷം ആയിരംകോടിയിലധികം രൂപ വരുമാനമുള്ള സ്വാമി സിപിഐ എം ജനറല്‍ സെക്രട്ടറിക്കെതിരെ പൊലീസിനെ സമീപിച്ചത് മോഡിക്കും കൂട്ടര്‍ക്കും വോട്ട് പിടിക്കുന്നതിനുവേണ്ടിയാണ്.

സ്വാമിയുടെ പരാതിയില്‍ ഉത്തരാഖണ്ഡിലെ ബിജെപി സര്‍ക്കാരിന്റെ പൊലീസ് എഫ്‌ഐആറിട്ട് യെച്ചൂരിക്കെതിരെ കേസ് ചുമത്തിയിരിക്കുകയാണ്. ഇത്തരം കേസുകള്‍കൊണ്ട് വര്‍ഗീയ ശക്തികള്‍ക്കെതിരായ കമ്യൂണിസ്റ്റുകാരുടെ അചഞ്ചലമായ പോരാട്ടത്തെ തളര്‍ത്താനാകില്ല.

മതനിരപേക്ഷ ആശയത്തെ ക്രിമിനല്‍ കേസിലൂടെ നിശ്ശബ്ദമാക്കാന്‍ കഴിയില്ല

ബാബാ രാംദേവ് ഒരു പഞ്ചനക്ഷത്ര യോഗാ ഗുരുവാണ്. കള്ളപ്പണ സാമ്രാജ്യത്തിന് മുകളിലിരുന്ന് ഇദ്ദേഹം, രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് കള്ളപ്പണവിരുദ്ധ ‘നിരാഹാര നാടകം’ ഡല്‍ഹിയില്‍ നടത്തിയിരുന്നു. യോഗാഭ്യാസത്തിന് പുറമെ ആയുര്‍വേദ മരുന്നു വില്‍പ്പനയും ഉണ്ട്. ‘പതഞ്ജലി’ ഉല്‍പ്പന്നങ്ങളുടെ കച്ചവടം ചെറുതല്ല.

ആയുര്‍വേദമരുന്നില്‍ മൃഗക്കൊഴുപ്പുണ്ടെന്ന ആക്ഷേപം ശക്തമായപ്പോള്‍ അതേപ്പറ്റി തെളിവുകള്‍ ശേഖരിച്ച് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പരസ്യമായി രംഗത്ത് വന്നിരുന്നു. അപ്പോള്‍, ഡല്‍ഹിയിലെ സിപിഐ എം ആസ്ഥാനമായ എ കെ ജി ഭവന്‍ ആക്രമിച്ചുകൊണ്ടായിരുന്നു വിവാദസ്വാമിയുടെ അനുയായികളും സംഘപരിവാറും പ്രതികരിച്ചത്.

രാജ്യത്തിനകത്തും പുറത്തും സ്ഥലം വാങ്ങിക്കൂട്ടുകയും സ്‌കോട്ട്‌ലന്‍ഡില്‍ ഒരു ദ്വീപ് തന്നെ സ്വന്തമാക്കുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കള്ളപ്പണസാമ്രാജ്യം പടുത്തുയര്‍ത്താന്‍ ബാബാ രാംദേവിന് വിവിധ സംസ്ഥാനങ്ങളിലെ ബിജെപി ഭരണം തുണയായി. കഴിഞ്ഞ അഞ്ചുവര്‍ഷം മോഡിഭരണം കാണിച്ച വഴിവിട്ട പിന്തുണയ്ക്കുള്ള നന്ദിയായിട്ടാകണം യെച്ചൂരിക്കെതിരെ പൊലീസ് കേസിന് പുറപ്പെട്ടത്. കേസിനെ കേസിന്റെ വഴിയിലൂടെ യെച്ചൂരിയും സിപിഐ എമ്മും നേരിടും.

മതനിരപേക്ഷ ആശയത്തെ ക്രിമിനല്‍ കേസിലൂടെ നിശ്ശബ്ദമാക്കാന്‍ കഴിയില്ല.

കേസിന് ആധാരമായി ഉന്നയിച്ച കാവി സ്വാമിയുടെ വാദമുഖങ്ങള്‍ അപകടകരമാണ്. രാമായണം, മഹാഭാരതം, ഹിന്ദു എന്നിവയെ കൂട്ടുപിടിച്ചാണ് യെച്ചൂരിക്കെതിരെ പടപ്പുറപ്പാട്.

രാമായണത്തിന്റെയും ഭാഗവതാദി പുരാണങ്ങളുടെയും ബ്രഹ്മസൂത്രാദി വേദാന്തകൃതികളുടെയും രചനാകാലത്ത് ഹിന്ദുമതമെന്ന പേര് ഉണ്ടായിരുന്നോ എന്ന് വ്യക്തമാക്കാന്‍ വിവാദസ്വാമിക്കോ സംഘപരിവാറിനോ കഴിയുമോ? ഹിന്ദു എന്ന പദം ആദ്യം ഉപയോഗിച്ചത് വിദേശികളാണല്ലോ.

ഇന്ത്യയുടെ ഇതിഹാസകൃതിയായി കണക്കാക്കുന്ന മഹാഭാരതത്തിലും ആദ്യകാവ്യമായ രാമായണത്തിലും വേദങ്ങളിലും വേദാന്തഗ്രന്ഥങ്ങളിലും ഉപനിഷത്തുകളിലും ‘ഹിന്ദു’ എന്ന പദം കാണാനാകില്ല.

നാം ഹിന്ദുക്കളാണെന്നും നമ്മുടെ മതം ഹിന്ദുമതമാണെന്നും വാത്മീകിയും വേദവ്യാസനും പറഞ്ഞിട്ടില്ല. ഋഷിമാരും ഉപനിഷത്താചാര്യന്മാരും പറഞ്ഞിട്ടില്ല. എന്തിന് എഡി 8–ാം നൂറ്റാണ്ടില്‍ ജീവിച്ച ശങ്കരാചാര്യരോ എഡി 10–ാം നൂറ്റാണ്ടില്‍ ജീവിച്ച രാമാനുജാചാര്യരോ ഹിന്ദുമതത്തെപ്പറ്റി ഉച്ചരിച്ചിട്ടില്ല.

ഹിന്ദുത്വമെന്ന പുതിയ മുദ്രാവാക്യമുയര്‍ത്തിയത് ആര്‍എസ്എസ് ആണ്. ഇത് മതപരവും രാഷ്ട്രീയവുമായ മിശ്രസങ്കല്‍പ്പമാണ്. അക്രമാസക്തമായിട്ടാണെങ്കിലും ഇന്ത്യയെ ഹിന്ദുരാജ്യമാക്കണമെന്ന് ആവശ്യപ്പെടുന്നു. അന്യമതക്കാരുടെ ദേശസ്‌നേഹത്തെയും സംസ്‌കാരത്തെയും ചോദ്യംചെയ്യുന്നു

ഹിന്ദുത്വമെന്ന പുതിയ മുദ്രാവാക്യമുയര്‍ത്തിയത് ആര്‍എസ്എസ് ആണ്. ഇത് മതപരവും രാഷ്ട്രീയവുമായ മിശ്രസങ്കല്‍പ്പമാണ്. അക്രമാസക്തമായിട്ടാണെങ്കിലും ഇന്ത്യയെ ഹിന്ദുരാജ്യമാക്കണമെന്ന് ആവശ്യപ്പെടുന്നു.

അന്യമതക്കാരുടെ ദേശസ്‌നേഹത്തെയും സംസ്‌കാരത്തെയും ചോദ്യംചെയ്യുന്നു. ഇപ്രകാരം ആര്‍എസ്എസിന്റെ ‘ഹിന്ദു’ സങ്കല്‍പ്പം ഒരു വര്‍ഗീയ രാഷ്ട്രീയ ആശയമാണ്.

ഈ പശ്ചാത്തലത്തില്‍ വേണം രാമായണത്തെയും മഹാഭാരതത്തെയും കൂട്ടുപിടിച്ച് ഹിന്ദുവിനെ അപകടത്തില്‍നിന്ന് രക്ഷിക്കാനുള്ള അവകാശവാദം ഉന്നയിച്ചുള്ള കാവിസ്വാമിയുടെ പുറപ്പാടിനെ വിലയിരുത്തേണ്ടത്.

നമ്മുടെ ഇതിഹാസകൃതികളില്‍ യുദ്ധവും തമ്മില്‍പ്പോരും ചോരപ്പുഴയും ഉണ്ടെന്ന് യെച്ചൂരി പറഞ്ഞത് യാഥാര്‍ഥ്യമാണെന്നിരിക്കെ, ഇക്കാര്യത്തില്‍ സംഘപരിവാറിനുവേണ്ടി പൊലീസിനെക്കൊണ്ട് കേസ് എടുപ്പിച്ചതുകൊണ്ട് ചരിത്രം തലകുത്തിവീഴില്ല.

രാമന്റെയും രാവണന്റെയും കുടുംബങ്ങള്‍തമ്മിലുള്ള രക്തരൂഷിതമായ ഏറ്റുമുട്ടലാണല്ലോ രാമായണം. അതുപോലെ പാണ്ഡവരും കൗരവരും തമ്മിലുള്ള ചോരക്കളി നിറഞ്ഞതല്ലേ മഹാഭാരതം.

ഇനി ഭഗവത്ഗീതയുടെ കാര്യമെടുത്താലോ. 80,000 ശ്ലോകങ്ങളുള്ള മഹാഭാരതത്തിന്റെ ഭാഗമാണല്ലോ ഭഗവാന്റെ പാട്ടായ ഭഗവത്ഗീത. പതിനെട്ട് അധ്യായങ്ങളിലായി എഴുനൂറില്‍പ്പരം ശ്ലോകങ്ങളുണ്ട് ഗീതയില്‍. യുദ്ധഭൂമിയില്‍ ബന്ധുമിത്രാദികളെ കണ്ടപ്പോള്‍ മനസ്സുപതറിയ അര്‍ജുനന് ശ്രീകൃഷ്ണന്‍ യുദ്ധവീറ് പകരുന്ന കര്‍മോപദേശമാണ് ഗീത.

ശ്രീകൃഷ്ണന്റെ ഉപദേശവും അതിനോടുള്ള അര്‍ജുനന്റെ പ്രതികരണവുമടങ്ങുന്ന സംവാദമാണ് ആ കൃതി. താടകവധം, ശൂര്‍പ്പണഖയുടെ മുലയരിയല്‍, ബാലിവധം തുടങ്ങി സീതാപരിത്യാഗം വരെയുള്ളവ ഹിംസയും അക്രമവുമാണല്ലോ.

ഭീഷ്മരെയും ദ്രോണരെയും കര്‍ണനെയും ശല്യരെയും പാണ്ഡവര്‍ വീഴ്ത്തുന്നതില്‍ ശ്രീകൃഷ്ണന്‍ ഒരുക്കിക്കൊടുത്ത ചതിയുടെ പങ്കും ചെറുതല്ലല്ലോ. ഇതേപ്പറ്റിയെല്ലാം ചരിത്രപണ്ഡിതരും സാഹിത്യകാരന്മാരും എത്രയെത്ര വിമര്‍ശനാത്മകമായ കൃതികള്‍ രചിച്ചിട്ടുണ്ട്. ഇതൊന്നും മനസ്സിലാക്കാത്ത പൊട്ടക്കിണറ്റിലെ തവളയാണോ ‘പതഞ്ജലി സ്വാമി’.

തന്റെപേരില്‍ സീതയും രാമനുമുണ്ടെന്ന് അറിയാത്ത രാഷ്ട്രീയ നേതാവാണ് സീതാറാം യെച്ചൂരിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ബംഗാളിലെ തെരഞ്ഞെടുപ്പ് യോഗത്തില്‍ പരിഹസിച്ചിരുന്നു.

രാമായണം ഉള്‍പ്പെടെയുള്ള കൃതികളെ വിശാലഹൃദയത്തോടെ സമീപിക്കുന്നതിനുള്ള സ്വാതന്ത്ര്യം ലോകത്തിലുള്ള ഏതൊരാള്‍ക്കും ഉണ്ട്. എത്ര രാമായണങ്ങള്‍? മുന്നൂറോ മൂവായിരമോ? ഈ ചോദ്യവുമായി രാമകഥയുടെ ബഹുസ്വരതയുടെ ചുരുക്കം ഒരു ലേഖനമാക്കി പ്രശസ്ത പണ്ഡിതനായ എ കെ രാമാനുജന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മധ്യപ്രദേശിലെ രണ്ട് ഗോത്രങ്ങളുടെ കഥയായിരിക്കണം രാമായണകഥ എന്ന് പുരാവസ്തുഗവേഷകനായ എച്ച് ഡി സങ്കാലിയ അഭിപ്രായപ്പെട്ടിട്ടുണ്ട്. വൈജ്ഞാനികലോകത്തെ ഈ ബഹുസ്വരതയെ കഴുത്ത് ഞെരിച്ച് കൊല്ലാനാണ് രാംദേവിനെപ്പോലെ മോഡിയും നിലകൊള്ളുന്നത്.

അതുകൊണ്ടാണ് നാടിന്റെ ബഹുസ്വരത സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ദേശീയമായി നേതൃത്വം നല്‍കുന്ന സീതാറാമിനെ രാമന്റെയും സീതയുടെയും പേര് ഉപയോഗിച്ച് പരിഹസിക്കാന്‍ മോഡി ശ്രമിച്ചത്. ഇതിലൂടെ പരിഹാസ്യനാകുന്നത് മോഡിയാണ്.

ഇതിഹാസകൃതികളിലെ യുദ്ധവും അക്രമവും ഉള്‍പ്പെടെയുള്ള ഉള്ളടക്കത്തെപ്പറ്റി അഭിപ്രായം പറയുന്നത് എങ്ങനെയാണ് ഒരു ജനവിഭാഗത്തിനെ തരംതാഴ്ത്തുന്നതാകുന്നത്. ഉള്ളടക്കത്തെപ്പറ്റി വ്യത്യസ്ത വിലയിരുത്തലുകള്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കുന്നതാണ് നമ്മുടെ ഇതിഹാസകൃതികള്‍.

ഇവയെ ചുട്ടുകരിക്കാന്‍ നില്‍ക്കുന്നവരല്ല കമ്യൂണിസ്റ്റുകാര്‍. രാമായണം കത്തിക്കണമെന്ന് മുമ്പൊരുകാലത്ത് പ്രസിദ്ധ സാഹിത്യകാരന്‍ പി കേശവദേവ് പ്രഖ്യാപിച്ചപ്പോള്‍ അതിനോട് ഇ എം എസ് വിയോജിച്ചു.

ഇത്തരം ഇതിഹാസകൃതികള്‍ ഓരോ കാലഘട്ടത്തിന്റെയും വിലപ്പെട്ട സംഭാവനകളാണെന്നായിരുന്നു ഇ എം എസ് ചൂണ്ടിക്കാട്ടിയത്. എന്നാല്‍, അവയെ വ്യത്യസ്തരൂപത്തില്‍ സമീപിക്കാനുള്ള അവകാശം പൗരന്മാര്‍ക്കുണ്ട്.

ചിലര്‍ ഭക്തിയുടെയോ മറ്റുചിലര്‍ യുക്തിയുടെയോ രൂപത്തിലാകാം. വിശ്വാസികളെപ്പോലെയാകില്ല കമ്യൂണിസ്റ്റുകാരും പുരോഗമനവാദികളും ഈ കൃതികളെ സമീപിക്കുക.

നീതിന്യായ കോടതിയില്‍ മാത്രമല്ല, ജനങ്ങളുടെ കോടതിയിലും മറുപടി നല്‍കേണ്ടിവരും

മതവിശ്വാസികള്‍ക്കെതിരെ കുരിശുയുദ്ധം നടത്തുന്നവരല്ല കമ്യൂണിസ്റ്റുകാര്‍. മതം നശിക്കട്ടെ, നിരീശ്വരത്വം നീണാള്‍ വാഴട്ടെഎന്നതല്ല ഞങ്ങളുടെ മുദ്രാവാക്യം. ഭയാനകമായ കഷ്ടതകളുടെ മുന്നില്‍ നിസ്സഹായരായ അധ്വാനിക്കുന്ന ജനലക്ഷങ്ങളുടെ പ്രയാസകരമായ ജീവിതമാണ് മതത്തെ സൃഷ്ടിക്കുകയും വളര്‍ത്തുകയും ചെയ്യുന്നതെന്ന് കാള്‍ മാര്‍ക്‌സ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പല മതപരമായ ചടങ്ങുകള്‍ക്കും സഹസ്രാബ്ദങ്ങളിലെ സാമൂഹ്യജീവിതത്തിലൂടെ ഉജ്വലമായ ഒരു സാംസ്‌കാരികപരിവേഷമുണ്ടായിട്ടുണ്ട്. ഹിന്ദുക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍, മുസ്ലിം തുടങ്ങിയ മറ്റ് മതവിഭാഗങ്ങളുടെ വിശേഷദിവസാഘോഷങ്ങള്‍, ക്രിസ്മസ് ആഘോഷങ്ങള്‍ എന്നിവയ്‌ക്കെല്ലാം മതപരമായ വിശ്വാസാനുഷ്ഠാനങ്ങളെ മറികടക്കുന്ന സാംസ്‌കാരികതലം ഉണ്ടായിട്ടുണ്ട്.

ഇതെല്ലാമടങ്ങിയ മതപരമായ വശം ഒഴിച്ചു നിര്‍ത്തിയാലും വിശ്വാസികളെപ്പോലെ അവിശ്വാസികളും പങ്കെടുക്കുന്ന സാമൂഹ്യ ആഘോഷങ്ങളായി ഇവ ഓരോന്നും മാറിയിട്ടുണ്ട്. അതിനാല്‍ ഈ സാമൂഹ്യ ആഘോഷങ്ങളെ വര്‍ഗസമരപ്രസ്ഥാനം വളര്‍ത്തിയെടുക്കേണ്ടതിന്റെ ഭാഗമായി വിപ്ലവ തൊഴിലാളിവര്‍ഗം ഉപയോഗപ്പെടുത്തണമെന്നതാണ് സിപിഐ എം കാഴ്ചപ്പാട്.

ഇതുമായി കൂട്ടിയിണക്കിവേണം, ഇതിഹാസകൃതികളെ തള്ളിപ്പറയുന്നവരാണ് കമ്യൂണിസ്റ്റുകാരെന്ന വിവരംകെട്ട ആക്ഷേപത്തെ വിലയിരുത്തേണ്ടത്.

ഈ കൃതികളില്‍ സാമൂഹ്യപുരോഗതിയെ സഹായിക്കുന്നതെന്തുണ്ടോ അതിനെയെല്ലാം ഉപയോഗിക്കുന്നത് വിപ്ലവകാരികളുടെ കടമയാണ്. അതുകൊണ്ടാണ് മോഡിയുടെ തനിനിറം ബോധ്യപ്പെടുത്താന്‍ ചിലപ്പോഴെല്ലാം ഇതിഹാസകൃതികളിലെ കഥാപാത്രങ്ങളെ യെച്ചൂരി ഉള്‍പ്പെടെയുള്ള കമ്യൂണിസ്റ്റ് നേതാക്കള്‍ പ്രസംഗങ്ങളില്‍ ഉദ്ധരിക്കുന്നത്.

ഇതൊന്നും മനസ്സിലാക്കാതെ യെച്ചൂരിക്കെതിരെ കേസിനിറങ്ങിയ കാവിസ്വാമിയും കേസ് ഉണ്ടെന്ന അര്‍ഥത്തില്‍ അത് ചാര്‍ജ് ചെയ്ത പൊലീസിനെ നയിക്കുന്ന ബിജെപി ഭരണക്കാരും നീതിന്യായ കോടതിയില്‍ മാത്രമല്ല, ജനങ്ങളുടെ കോടതിയിലും മറുപടി നല്‍കേണ്ടിവരും.

മതത്തെ നിരാകരിക്കുന്നവരും മതവിശ്വാസം സഹിക്കാത്തവരുമാണ് കമ്യൂണിസ്റ്റുകാരെന്ന പ്രതീതി 17–ാം ലോക്‌സഭാ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ വോട്ടര്‍മാരില്‍ സൃഷ്ടിക്കാനുള്ള കള്ള പ്രചാരവേലയാണ് മോഡിക്കുവേണ്ടി രാംദേവും കൂട്ടരും നടത്തുന്നത്.

ലോകത്ത് ഒരു കമ്യൂണിസ്റ്റ് പാര്‍ടിയുടെയും ഭരണഘടനയില്‍ പാര്‍ടി അംഗമാകുന്നതിനുള്ള വ്യവസ്ഥകളുടെ കൂട്ടത്തില്‍ മതവിശ്വാസി അല്ലാതാകുക എന്ന് ചേര്‍ത്തിട്ടില്ല

മതത്തെ നിരാകരിക്കുന്നവരും മതവിശ്വാസം സഹിക്കാത്തവരുമാണ് കമ്യൂണിസ്റ്റുകാരെന്ന പ്രതീതി 17–ാം ലോക്‌സഭാ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ വോട്ടര്‍മാരില്‍ സൃഷ്ടിക്കാനുള്ള കള്ള പ്രചാരവേലയാണ് മോഡിക്കുവേണ്ടി രാംദേവും കൂട്ടരും നടത്തുന്നത്.

ലോകത്ത് ഒരു കമ്യൂണിസ്റ്റ് പാര്‍ടിയുടെയും ഭരണഘടനയില്‍ പാര്‍ടി അംഗമാകുന്നതിനുള്ള വ്യവസ്ഥകളുടെ കൂട്ടത്തില്‍ മതവിശ്വാസി അല്ലാതാകുക എന്ന് ചേര്‍ത്തിട്ടില്ല.

കേരളത്തിലും ഇന്ത്യയിലും സിപിഐ എം അണികളില്‍ മതവിശ്വാസികളായ ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഉണ്ട്. അവരുടെ മതവിശ്വാസം അവരെ പാര്‍ടിയോടുള്ള വിശ്വാസത്തില്‍നിന്ന് പിന്തിരിപ്പിക്കുന്നില്ല.

മതവിശ്വാസം പുലര്‍ത്തിക്കൊണ്ടുതന്നെ സമത്വാധിഷ്ഠിത ലോകസൃഷ്ടിക്കുള്ള പാര്‍ടിയുടെ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ അവര്‍ പ്രവര്‍ത്തിക്കുന്നു. ഓരോരുത്തര്‍ക്കും അവരവര്‍ക്കിഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം വേണം.

അതുപോലെതന്നെ മതവിശ്വാസി ആകാതിരിക്കാനുള്ള സ്വാതന്ത്ര്യവും വേണം. വിവിധ മതവിശ്വാസികള്‍ ആശയവാദത്തിലും കമ്യൂണിസ്റ്റുകാര്‍ വൈരുധ്യാധിഷ്ഠിത ഭൗതികവാദത്തിലും അടിയുറച്ചുനില്‍ക്കുമ്പോള്‍ത്തന്നെ, ആ വൈരുധ്യത്തെ മറികടക്കുന്ന ഐക്യം അവര്‍തമ്മില്‍ തീവ്രഹിന്ദുത്വം അടക്കമുള്ള വിപത്തുകളെ തടയുന്നതടക്കമുള്ളകാര്യങ്ങളില്‍ ഉണ്ടാകുന്നുണ്ട്.

ഇതില്‍ സഹികെട്ടാണ് ദൈവത്തിന്റെയും മതത്തിന്റെയും മറവില്‍ കമ്യൂണിസ്റ്റുകാരെ വിശ്വാസികള്‍ക്കിടയില്‍ ഒറ്റപ്പെടുത്താന്‍ വ്യാജപ്രചാരണങ്ങള്‍ നടത്തുകയും കള്ളക്കേസുകള്‍ ചമയ്ക്കുകയും ചെയ്യുന്നത്. പക്ഷേ കാവിസ്വാമിമാരുടെ കള്ളച്ചൂത് നാട് തിരിച്ചറിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News