ചൂര്‍ണിക്കര വ്യാജരേഖ കേസ്; കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അബു അറസ്റ്റില്‍

ആലുവ ചൂര്‍ണ്ണിക്കരയില്‍ ഭൂമി തരം മാറ്റുന്നതിന് വ്യാജരേഖയുണ്ടാക്കിയ കേസില്‍ ഇടനിലക്കാരനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ അബു പിടിയില്‍.

യഥാര്‍ത്ഥ രേഖകള്‍ നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ച് സ്ഥലമുടമ ഹംസയില്‍ നിന്നും ഏഴ് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. റവന്യൂ ഉദ്യോഗസ്ഥരടക്കമുളളവരുടെ സഹായം അബുവിന് ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷണസംഘം പരിശോധിച്ച് വരികയാണ്.

ആലുവ ചൂര്‍ണ്ണിക്കരയിലുള്ള 25 സെന്റ് ഭൂമി തരം മാറ്റുന്നതിന് 7 ലക്ഷം രൂപ ഇടനിലക്കാരനായ അബുവിന് കൈമാറിയെന്നായിരുന്നു ഭൂവുടമയായ തൃശൂര്‍ മതിലകം സ്വദേശി ഹംസയുടെ മൊഴി. യഥാര്‍ത്ഥ രേഖകള്‍ കിട്ടുന്നതിനായി പണം വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വീതിച്ച് നല്‍കണമെന്നാണ് അബു പറഞ്ഞത്.

തുടര്‍ന്ന് രണ്ട് ലക്ഷം രൂപ ചെക്കായും അഞ്ച് ലക്ഷം പണമായും നല്‍കിയെന്നും ഹംസ മൊഴി നല്‍കിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് കാലടി ശ്രീഭൂതപുരം സ്വദേശി അബുവിനെ അന്വേഷണ സംഘം പിടികൂടിയത്.

ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ലാന്റ് റവന്യു കമ്മീഷണറുടേതെന്ന പേരില്‍ അനുമതി പത്രം വ്യാജമായി ഇയാള്‍ നിര്‍മ്മിച്ച് നല്‍കിയതായി വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. വ്യാജരേഖ കേസില്‍ അന്വേഷണം തുടങ്ങിയതോടെ അബു ഒളിവില്‍ പോയിരുന്നു. പിന്നാലെ പൊലീസ് അബുവിന്റെ വീട്ടില്‍ റെയ്ഡും നടത്തി.

വീട്ടില്‍ നിന്നും ചില റവന്യൂ രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. കോണ്‍ഗ്രസ്സിന്റെ സജീവ പ്രവര്‍ത്തകനായ അബു വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നയാളാണെന്നാണ് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഉദ്യോഗസ്ഥതലം മുതല്‍ താഴെത്തട്ടിലുളള ഇടനിലക്കാര്‍ വരെ വ്യാജരേഖ ചമയ്ക്കാന്‍ കൂട്ടുനിന്നിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണ്.

കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുളള അബു തന്റെ രാഷ്ട്രീയബന്ധം ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നതെന്നാണ് വിവരം.

മുന്പും സമാനമായ തട്ടിപ്പില്‍ ഇയാള്‍ കേസിലകപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ കേസുകളെല്ലാം പണം തിരികെ നല്‍കി ഒത്തുതീര്‍പ്പിലാകുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here