തൊടുപുഴയില്‍ ഏഴുവയസുകാരന്റെ മരണം; അമ്മ അറസ്റ്റില്‍

ഇടുക്കി: തൊടുപുഴയില്‍ ഏഴുവയസുകാരന്‍ ക്രൂരമായി കൊല്ലപ്പെട്ട കേസില്‍ കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതിയും സുഹൃത്തുമായ അരുണ്‍ ആനന്ദിനെ രക്ഷിക്കാന്‍ ശ്രമിച്ചതിനും കുറ്റം മറച്ചുവച്ചതിനുമാണ് അമ്മയെ രണ്ടാംപ്രതിയാക്കി പൊലീസ് കേസെടുത്തത്.

അമ്മയുടെ സുഹൃത്തും തിരുവനന്തപുരം സ്വദേശിയുമായ ആരുണ്‍ ആനന്ദിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായാണ് ഏഴുവയസുകരാന്‍ കൊല്ലപ്പെട്ടത്.

സംഭവം നടന്ന് ഒന്നരമാസം തികയുമ്പോഴാണ് കുട്ടിയുടെ അമ്മയെ രണ്ടാം പ്രതിയാക്കി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതി അരുണ്‍ ആനന്ദിനെ രക്ഷിക്കാന്‍ ശ്രമിച്ചുള്ള മൊഴി നല്‍കിയതിനും, കുറ്റകൃത്യം കണ്ടിട്ടും അത് പൊലീസില്‍ അറിയിക്കാത്തതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കുട്ടിയുടെ മരണശേഷം മാനസികമായി തകര്‍ന്ന യുവതി ഏതാനും നാളുകളായി ചികിത്സയിലായിരുന്നു. ആരോഗ്യ പുരോഗതി വിലയിരുത്തിയ പൊലീസ്, വിശദ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഏഴുവയസുകാരന്റെ മുത്തശ്ശിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.

ഒന്നാംപ്രതി അരുണ്‍ആനന്ദ് ക്രൂരമായി മര്‍ദ്ദിച്ച ദിവസം കുട്ടിയെ എത്തിച്ച തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പൊലീസ് രണ്ടാം പ്രതിയുമായി തെളിവെടുപ്പ് നടത്തി.

നേരത്തെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കേസില്‍ അമ്മയെയും പ്രതിചേര്‍ക്കണമെന്ന് നിര്‍ദ്ദേശിച്ച് പൊലീസിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പ്രമാദമായ കേസില്‍ എത്രയും വേഗം കുറ്റപത്രം സമര്‍പ്പിക്കുമെന്ന് തൊടുപുഴ ഡിവൈഎസ്പി കെപി ജോസ് പറഞ്ഞു.

അറസ്റ്റ് രേഖപ്പെടുത്തിയതോടെ കുട്ടിയുടെ കൊലപാതകകേസില്‍ അമ്മയെ സാക്ഷിയാക്കില്ലെന്ന് വ്യക്തമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here