കണ്ണൂരില്‍ രണ്ടു മണ്ഡലങ്ങളില്‍ കള്ളവോട്ട് നടന്നതായി സ്ഥിരീകരണം; ഒന്‍പത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്; വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

തിരുവനന്തപുരം: കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ പാമ്പുരുത്തിയിലും ധര്‍മ്മടത്തും കള്ളവോട്ട് നടന്നതായി തെളിഞ്ഞെന്ന് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ടിക്കാറാം മീണ.

പാമ്പുരുത്തി മാപ്പിള എയുപി സ്‌കൂളിലും ധര്‍മ്മടത്ത് ബൂത്ത് നമ്പര്‍ 52ലുമാണ് കള്ളവോട്ട് നടന്നത്. പാമ്പുരുത്തിയില്‍ ഒമ്പതു പേരാണ് കള്ളവോട്ട് ചെയ്തത്. 12 വോട്ടുകള്‍ ഇത്തരത്തില്‍ ചെയ്തിട്ടുണ്ട്. ധര്‍മ്മടത്ത് ഒരു കള്ളവോട്ടാണ് നടന്നതെന്ന് ടിക്കാറാം മീണ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

കുറ്റക്കാര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 171 സി, ഡി എഫ് പ്രകാരം ക്രിമിനല്‍ കേസെടുക്കും. പാമ്പുരുത്തിയിലെ പ്രിസൈഡിംഗ് ഓഫീസര്‍, പോളിംഗ് ഓഫീസര്‍, മൈക്രോ ഒബ്സര്‍വര്‍ എന്നിവരുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചതായാണ് ജില്ലാ കളക്ടര്‍ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 134 അനുസരിച്ച് ഇവര്‍ക്കെതിരെയും ക്രിമനല്‍ നടപടി സ്വീകരിക്കും. ഉദ്യോഗസ്ഥര്‍ക്കെതിരെ അവരുടെ വകുപ്പുകള്‍ അച്ചടക്ക നടപടിയെടുക്കാനും ശുപാര്‍ശ ചെയ്യും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പികെ ശ്രീമതിയുടെയും സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ സുധാകരന്റേയും പോളിംഗ് ഏജന്റുമാരാണ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കും റിട്ടേണിംഗ് ഓഫീസര്‍ക്കും പരാതി നല്‍കിയത്.

ഗള്‍ഫിലുള്ള ചിലരുടെ പേരില്‍ കള്ളവോട്ട് നടന്നുവെന്നായിരുന്നു പരാതി. തുടര്‍ന്ന് ജില്ലാ കലക്ടര്‍ അന്വേഷണം നടത്തി ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ക്ക് വിശദമായ റിപ്പോര്‍ട്ട് നല്‍കി.

പോളിങ് സ്റ്റേഷനിലെ വീഡിയോ പരിശോധിച്ചാണ് കള്ളവോട്ട് ചെയ്തവരെ കണ്ടെത്തിയത്. അബ്ദുള്‍ സലാം, മര്‍ഷദ്, ഉനിയാസ് കെ. പി, എന്നിവര്‍ രണ്ടു തവണയും കെ. മുഹമ്മദ് അനസ്, മുഹമ്മദ് അസ്ലം, അബ്ദുള്‍ സലാം, സാദിഖ് കെ. പി, ഷമല്‍, മുബഷിര്‍ എന്നിവര്‍ ഓരോ തവണയും വോട്ടു ചെയ്തുവെന്നാണ് ജില്ലാ കളക്ടര്‍ സ്ഥിരീകരിച്ചത്. ഇവരെ വിളിച്ചു വരുത്തി തെളിവെടുത്തിരുന്നു.

ഈ പോളിംഗ് സ്റ്റേഷനിലെ 1249 വോട്ടുകളില്‍ 1036 എണ്ണം പോള്‍ ചെയ്തിരുന്നു. കള്ളവോട്ടു നടക്കുന്ന വേളയില്‍ പോളിംഗ് ഏജന്റ് എതിര്‍പ്പറിയിച്ചെങ്കിലും പ്രിസൈഡിംഗ് ഓഫീസര്‍ ശക്തമായി ഇടപെടാന്‍ തയ്യാറായില്ലെന്ന് വ്യക്തമായിട്ടുണ്ട്.

ധര്‍മ്മടത്ത് ബൂത്ത് നമ്പര്‍ 52ല്‍ സയൂജ് എന്നയാളാണ് കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. സുധാകരന്റെ പോളിംഗ് ഏജന്റ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടര്‍ പരിശോധന നടത്തിയത്.

വീഡിയോ പരിശോധനയില്‍ ബൂത്ത് നമ്പര്‍ 47ലെ വോട്ടര്‍ ആയ സയൂജ് 52ല്‍ വോട്ട് ചെയ്തതായി കണ്ടെത്തി. ഇയാള്‍ 47ലും വോട്ട് ചെയ്തിട്ടുണ്ട്. കള്ളവോട്ട് ചെയ്യുന്നതിന് സയൂജിനെ സഹായിച്ചതായി കരുതുന്ന മുഹമ്മദ് ഷാഫി കെ.പിയുടെ പങ്ക് അന്വേഷിക്കാന്‍ പോലീസിനോട് ആവശ്യപ്പെടുമെന്ന് മീണ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here