വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന നിർമ്മാണ സാങ്കേതികവിദ്യ നേരിട്ട് മനസിലാക്കി മുഖ്യമന്ത്രി പിണറായി വിജയൻ.

നെതർലന്റ്സിൽ ഔദ്യോഗിക സന്ദർശനത്തിനിടയിലാണ് വെള്ളപ്പൊക്കത്തെ മറികടക്കാനുള്ള ഡച്ച് മാതൃക മുഖ്യമന്ത്രി നേരിട്ട് വിലയിരുത്തിയത്. നൂർവാർഡിലെ റൂം ഫോർ റിവർ പദ്ധതി മേഖലയിലായിരുന്നു സന്ദർശനം.

വീടുകളിൽ താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കി, വെള്ളപ്പൊക്കത്തെ നിയന്ത്രിക്കുന്ന പദ്ധതിയാണ് റൂം ഫോർ ദി റിവർ പദ്ധതി. കുട്ടനാട് ഉൾപ്പെടെ സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളിൽ പദ്ധതി നടപ്പാക്കാനാകുമോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായിരുന്നു മുഖ്യമന്ത്രിയുടെ സന്ദർശനം.

ജലവിഭവ – ജലമാനേജ്മെന്റ് രംഗത്തെ വിദഗ്ദ്ധരുമായും മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ചർച്ചകൾ നടത്തി. ഫലപ്രദമായ ജലമാനേജ്മെൻറിനുള്ള വിവിധ മാർഗങ്ങൾ വിദഗ്ദ്ധർ കേരളസംഘത്തിനു മുന്നിൽ അവതരിപ്പിച്ചു.

വ്യത്യസ്ത മേഖലയിലെ 20 വിദഗ്ദ്ധരുമായും ചർച്ച നടന്നു. നെതർലന്റ് സർക്കാറിലെ പശ്ചാത്തല വികസനം, ജലവിഭവം – ജല മാനേജ്മെൻറ്, കൃഷി, പരിസ്ഥിതി, ഭക്ഷ്യം തുടങ്ങിയ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ ചർച്ചയിൽ പങ്കാളികളായി.

കോൺഫെഡറേഷൻ ഓഫ് നെതർലാന്റ് ഇൻഡസ്ട്രി ആന്റ് എംപ്ലോയേർസ് നേതൃത്വത്തിൽ ഈ മേഖലയിൽ പ്രശസ്തരായ കമ്പിനി പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു.

നേരത്തെ ഗതാഗതം, ഐടി, മാലിന്യ സംസ്ക്കരണം തുടങ്ങിയ മേഖലകളിലെ കമ്പിനികളുമായും മുഖ്യമന്ത്രിയും സംഘവും ചർച്ച നടത്തിയിരുന്നു