മഴക്കാലപൂർവ ശുചീകരണത്തിന് ഇന്ന് തുടക്കം

മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാ​ഗമായുള്ള സംസ്ഥാനവ്യാപക ശുചീകരണ പ്രവർത്തനങ്ങൾ ശനിയാഴ്ചയും ഞായറാഴ്ചയുമായി  നടക്കും.

വിവിധ വകുപ്പുകൾ, തദ്ദേശഭരണ സ്ഥാപനങ്ങൾ, മിഷനുകൾ എന്നവയുടെ സംയോജിത പ്രവർത്തനത്തിലൂടെയാണ് ശുചീകരണം.

കഴിഞ്ഞ വർഷം നടത്തിയ ആരോഗ്യ ജാഗ്രതാ പ്രവർത്തനങ്ങൾ പകർച്ചവ്യാധികളും മറ്റ് മഴക്കാല രോഗങ്ങളും പനിമരണങ്ങളും തടയുന്നതിന് സഹായിച്ചിരുന്നു.

ഈ വർഷവും മഴക്കാലപൂർവ ശുചീകരണം  കാര്യക്ഷമമായി നടത്തുന്നതിന് കേരളത്തിലുടനീളം മാലിന്യമുക്ത പരിസരം സൃഷ്ടിക്കുന്നതിനുള്ള പ്രവൃത്തികൾ ഇതിനോടകംതന്നെ ആരംഭിച്ചു.

ഓരോ ജില്ലയിലെയും പ്രവർത്തനങ്ങൾക്ക് മന്ത്രിമാർ മേൽനോട്ടം വഹിക്കും. കൂടാതെ, ഓരോ ജില്ലയിലും കലക്ടർമാരുടെ നേതൃത്വത്തിൽ വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥർക്കും ചുമതല നൽകിയിട്ടുണ്ട്.

ജില്ലാതലത്തിൽ മന്ത്രിമാരുടെയും നിയോജകമണ്ഡലം അടിസ്ഥാനത്തിൽ എംഎൽഎമാരുടെയും പ്രത്യേക യോഗങ്ങൾ ചേർന്നു.

ശുചീകരണയജ്ഞത്തിൽ പാതയോരം, പൊതുയിടം, മാലിന്യനിക്ഷേപ കേന്ദ്രം, ജലസ്രോതസ‌്, ഓട, ഓവുചാൽ തുടങ്ങി മാലിന്യങ്ങളുടെ സാന്നിധ്യമുള്ള മുഴുവൻ ഇടങ്ങളും വൃത്തിയാക്കും. ശുചീകരണത്തിന്റെ ഭാഗമായി നീക്കംചെയ്യുന്ന വസ്തുക്കളിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ വൃത്തിയാക്കി തദ്ദേശ സ്ഥാപനങ്ങളുടെ മെറ്റീരിയൽ കലക‌്ഷൻ ഫെസിലിറ്റി (എംസിഎഫ്), റിസോഴ്‌സ് റിക്കവറി ഫെസിലിറ്റികളിലേയ്ക്ക് (ആർആർഎഫ്) മാറ്റും. പാഴ്‌വസ്തു വ്യാപാരികൾ മുഖേന പുനഃക്രമണത്തിന് കൈമാറും.

ജൈവമാലിന്യങ്ങൾ ഓരോ തദ്ദേശഭരണ സ്ഥാപന പരിധിയിലും സ്ഥാപിച്ചിട്ടുള്ള എയ്‌റോബിക് കമ്പോസ്റ്റ് യൂണിറ്റ്, വിൻഡ്രോ കമ്പോസ്റ്റ് യൂണിറ്റ്, കമ്യൂണിറ്റി ബയോഗ്യാസ് പ്ലാന്റുകൾ എന്നിവിടങ്ങളിലേക്കും ബാക്കിയുള്ളവ കുഴി കമ്പോസ്റ്റാക്കിയും മാറ്റും.

പൊതുശുചീകരണ പ്രവർത്തനങ്ങൾക്കുശേഷം വീടുകൾ, സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ചുള്ള ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കും. തദ്ദേശഭരണ സ്ഥാപനങ്ങൾ രണ്ടുപേരടങ്ങുന്ന സ്‌ക്വാഡിന് 50 വീട‌് എന്ന ക്രമത്തിൽ സ്‌ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട‌്.

സർക്കാർ ഓഫീസുകൾക്ക് ഈ ദിവസങ്ങളിൽ അവധിയായതിനാൽ എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ വെള്ളിയാഴ് ശുചീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel