പാമ്പുരുത്തി കള്ളവോട്ട്; ഒന്‍പത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു; കള്ളവോട്ട് വാര്‍ത്ത പുറത്തുവിട്ടത് കൈരളി ന്യൂസ്

കണ്ണൂര്‍ പാമ്പുരുത്തി മാപ്പിള എ യു പി സ്‌കൂളില്‍ കള്ള വോട്ട് ചെയ്ത 9 മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തു. ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 171 സി, ഡി. എഫ് പ്രകാരമാണ് വളപട്ടണം പോലീസ് ക്രിമിനല്‍ കേസെടുത്തത്. പാമ്പുരുത്തിയിലെ ലീഗ് കള്ളവോട്ടിന്റെ വാര്‍ത്ത കൈരളി ന്യൂസാണ് പുറത്ത് വിട്ടത്.

പാമ്പുരുത്തിയിലെ സജീവ ലീഗ് പ്രവര്‍ത്തകരായ അബ്ദുള്‍ സലാം, മര്‍ഷദ്, ഉനിയാസ് കെ. പി, കെ. മുഹമ്മദ് അനസ്, മുഹമ്മദ് അസ്ലം, അബ്ദുള്‍ സലാം, സാദിഖ് കെ. പി, ഷമല്‍, മുബഷിര്‍ എന്നിവര്‍ക്കെതിരെയാണ് വളപട്ടണം പോലീസ് ക്രിമിനല്‍ കേസ് എടുത്തത്.

കള്ളവോട്ട് തെളിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ശുപാര്‍ശ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തത്. പാമ്പുരുത്തിയിലെ ലീഗ് കള്ളവോട്ടിന്റെ വാര്‍ത്ത കൈരളി ന്യൂസ് പുറത്ത് വിട്ടതിന് പിന്നാലെ കണ്ണൂര്‍ ജില്ലാ കലക്റ്റര്‍ വിശദമായ അന്വേഷണം നടത്തിയിരുന്നു.

ഇതിന്റെ ഭാഗമായി 166 ആം നമ്പര്‍ ബൂത്തിലെ മുഴുവന്‍ ദൃശ്യങ്ങളും പരിശോധിച്ചു.പോളിങ് ബൂത്തിലെ ദൃശ്യങ്ങള്‍ വിശദമായി പരിശോദിച്ചതില്‍ നിന്നും 9 ലീഗ് പ്രവര്‍ത്തകര്‍ കള്ള വോട്ട് ചെയ്തതായി കണ്ടെത്തി. കള്ള വോട്ട് ചെയ്തെന്ന് കണ്ടെത്തിയ ലീഗ് പ്രവര്‍ത്തകരെ വിളിച്ചു വരുത്തി കലക്റ്റര്‍ മൊഴിയെടുത്തിരുന്നു.

അബ്ദുള്‍ സലാം, മര്‍ഷദ്, ഉനിയാസ് കെ. പി, എന്നിവര്‍ രണ്ടു തവണയും കെ. മുഹമ്മദ് അനസ്, മുഹമ്മദ് അസ്ലം, അബ്ദുള്‍ സലാം, സാദിഖ് കെ. പി, ഷമല്‍, മുബഷിര്‍ എന്നിവര്‍ ഓരോ തവണയും കള്ള വോട്ടു ചെയ്തുവെന്നാണ് ജില്ലാ കളക്ടര്‍ സ്ഥിരീകരിച്ചത്.

ജില്ലാ കലക്റ്റര്‍ മീര്‍ മുഹമ്മദ് അലി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കള്ള വോട്ട് ചെയ്തവര്‍ക്കെതിരെ നടപടിക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ശുപാര്‍ശ ചെയ്തത്.

കള്ളവോട്ട് തെളിഞ്ഞതോടെ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണ് എന്ന ലീഗ് നേതാക്കളുടെ വാദം കൂടിയാണ് പൊളിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here