കുറ്റ്യാട്ടൂര്‍ മാമ്പ‍ഴ കര്‍ഷകര്‍ക്ക് പ്രതീക്ഷയേകി കൃഷി വകുപ്പ്

കേരളത്തിലെ മാമ്പഴ ഗ്രാമമായ കുറ്റ്യാട്ടൂരിൽ ഇത്തവണ കർഷകർ സന്തോഷത്തിലാണ്.നല്ല വില നൽകി കൃഷി വകുപ്പ് നേരിട്ട് മാമ്പഴം സംഭരിക്കാൻ തുടങ്ങിയതാണ് കർഷകർക്ക് ആശ്വാസമായത്.പൂർണമായും ജൈവ രീതിയിൽ പഴുപ്പിക്കുന്ന വിഷം തീണ്ടാത്ത കുറ്റ്യാട്ടൂർ മധുരം തേടി ദൂര ദേശങ്ങളിൽ നിന്ന് പോലും ആളുകളെത്തുന്നു.

കുറ്റ്യാട്ടൂർ എന്ന ഗ്രാമത്തിന്റെ പെരുമ ലോകമെമ്പാടും എത്തിച്ചത് മാമ്പഴമാണ്.വാണിജ്യാടിസ്ഥാനത്തിൽ ആരും കൃഷി ചെയ്യുന്നില്ലെങ്കിലും ഓരോ വീട്ടിലും രണ്ടും മൂന്നും മാവുകളുണ്ടാകും.മുൻ വർഷങ്ങളിൽ ഇടനിലക്കാർ തുച്ഛമായ വില നൽകിയാണ് മാമ്പഴം ശേഖരിച്ചിരുന്നത്.

എന്നാൽ ഇത്തവണ ഇത് കൃഷി വകുപ്പ് നേരിട്ട് ഏറ്റെടുത്തത്തോടെ കിലോയ്ക്ക് 10 രൂപ ലഭിച്ചിരുന്ന സ്ഥാനത്ത് ശരാശരി 50 രൂപ വരെ ലഭിച്ചു.ഇടനിലക്കാർ കാൽസ്യം കാർബൈഡ് ഉപയോഗിച്ച് കൃത്രിമമായി മാമ്പഴം പഴുപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതും കൃഷിവകുപ്പ് സംഭരണം നേരിട്ട് ഏറ്റെടുക്കുന്നതിന് കാരണമായി.

പൂർണമായും ജൈവ രീതിയിൽ വൈക്കോലും കാഞ്ഞിരത്തിന്റെ ഇലയും ഉപയോഗിച്ചാണ് സംഭരിക്കുന്ന മാങ്ങ കൃഷി വകുപ്പ് പഴുപ്പിക്കുന്നത്.കൃഷി ഓഫീസർ കെ കെ ആദർശിന്റെ നേതൃത്വത്തിൽ മാമ്പഴത്തിൽ നിന്നും മൂല്യവർധിത ഉല്പന്നങ്ങൾ ഉണ്ടാക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു കഴിഞ്ഞു.

ഏകദേശം 5000 ടൺ മാമ്പഴമാണ് പ്രതി വർഷം കുറ്റ്യാട്ടൂരിൽ വിളയുന്നത്.ഇതിൽ നല്ലൊരു ഭാഗം പാഴയിപ്പോകുന്നതായിരുന്നു പ്രധാന പ്രശ്നം.ഇതിന് പരിഹാരമായാണ് കൃഷി വകുപ്പ് സ്വന്തമായി വിപണി കണ്ടെത്തിയതും മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here