സ്ഥിരജോലിയില്ല, വിവാഹം നടക്കുന്നില്ല; ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവ്

തനിക്ക് സ്ഥിരജോലിയില്ലാത്തതും വിവാഹം നടക്കാത്തതും മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നതിനാല്‍ ദയാവധം അനുവദിക്കണമെന്ന വിചിത്ര ആവശ്യവുമായി യുവാവ് രംഗത്ത്. മുഖ്യമന്ത്രിക്ക് അയച്ച കത്തിലാണ് യുവാവ് തനിക്ക് ദയാവധം വേണമെന്ന് ആവശ്യപ്പെട്ടത്.

മഹാരാഷ്ട്ര പൂനെ സ്വദേശിയായ 35കാരനാണ്‌ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്‌ ദയാവധം വേണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയത്‌.

മാതാപിതാക്കള്‍ക്ക്‌ വേണ്ടി ഒന്നും ചെയ്യാനാവാത്തതില്‍ കടുത്ത നിരാശയിലാണെന്നും സ്ഥിരജോലിയില്ലാത്തത്‌ വലിയ ബുദ്ധിമുട്ടാണെന്നും യുവാവ്‌ കത്തില്‍ പറയുന്നു.

വിവാഹാലോചനകള്‍ വന്നെങ്കിലും സ്ഥിരജോലിയില്ലാത്തതിനാല്‍ അതെല്ലാം ഒഴിവായിപ്പോയെന്നും താന്‍ കടുത്ത മാനസികസംഘര്‍ഷത്തിലാണെന്നും അതുകൊണ്ട്‌ തനിക്ക് ദയാവധത്തിന്‌ അനുമതി നല്‍കണം എന്നതായിരുന്നു കത്തില്‍ പറയുന്ന ആവശ്യം.

യുവാവിന്റെ 70 ഉം 83 ഉം വയസ്സു പ്രായമായ മാതാപിതാക്കള്‍ക്ക് വേണ്ടി തനിക്ക്‌ ഒന്നും ചെയ്യാനാവുന്നില്ലെന്ന കുറ്റബോധമാണ്‌ യുവാവിനെ ഇത്തരമൊരു തീരുമാനത്തിലേക്ക്‌ എത്തിച്ചതെന്നാണ് പൊലീസ്‌ പറയുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ രണ്ടാഴ്‌ച്ച മുമ്പാണ്‌ യുവാവിന്റെ കത്ത്‌ ലഭിക്കുന്നത്. കത്ത്‌ ലഭിച്ചയുടന്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസും പൊലീസും ഇടപെടുകയും യുവാവിന്‌ കൗണ്‍സലിംഗ്‌ അടക്കമുള്ള സഹായം നല്‍കുകയും ചെയ്‌തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News