യൂറോപ്യൻ രാജ്യങ്ങളിലെ മലയാളി സമൂഹത്തിന് ഈ മാസം 17 മുതൽ കെ.എസ്.എഫ്.ഇ. പ്രവാസി ചിട്ടി ലഭ്യമാക്കും .

17 ന് ലണ്ടനില്‍ നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിര്‍വ്വഹിക്കും. ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്, കെ.എസ്.എഫ്.ഇ.യുടേയും കിഫ്ബിയുടേയും ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങിൽ പങ്കെടുക്കും.

പ്രവാസി ചിട്ടിയെ പരിചയപ്പെടുത്തുന്നതിന് 18, 19 തീയതികളില്‍ ലണ്ടനിലെ വിവിധ കേന്ദ്രങ്ങളില്‍ മലയാളി സൗഹൃദകൂട്ടായ്മകൾ സംഘടിപ്പിക്കും.

2018 നവംബർ ഇരുപത്തിമൂന്നാം തീയതി ലേലം ആരംഭിച്ച കെ.എസ്.എഫ്.ഇ. പ്രവാസി ചിട്ടി അഞ്ച് മാസം കൊണ്ടുതന്നെ 7 കോടി 32 ലക്ഷം രൂപയുടെ പ്രതിമാസ ചിട്ടി ബിസിനസ് കൈവരിച്ചുകഴിഞ്ഞുവെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

പ്രാരംഭഘട്ടത്തിൽ യു.എ.ഇ യിലെ പ്രവാസി മലയാളികള്ക്ക് മാത്രം ലഭ്യമായിരുന്ന ഈ പദ്ധതി 2019 ഏപ്രിലോടെയാണ് എല്ലാ ജി.സി.സി രാജ്യങ്ങളിലേയ്ക്കും വ്യാപിപ്പിച്ചത്.