ലോക്സഭാ തെരഞ്ഞെടുപ്പ്: ആറാം ഘട്ടത്തില്‍ 61.14 ശതമാനം പോളിങ്; ബംഗാളില്‍ പരക്കെ തൃണമൂല്‍ ആക്രമണം

ന്യൂഡൽഹി: ഏഴ‌് സംസ്ഥാനങ്ങളിലെ 59 ലോക‌്സഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പ‌് നടന്ന ആറാം ഘട്ടത്തിൽ 61.14 ശതമാനം പോളിങ‌്.

എട്ട‌് ലോക‌്സഭാ മണ്ഡലങ്ങളിലേക്ക‌് വോട്ടെടുപ്പ‌് നടന്ന ബംഗാളിലാണ‌് ഉയർന്ന പോളിങ‌്–- 80.16 ശതമാനം. ഏഴ‌് ലോക‌്സഭാ മണ്ഡലങ്ങളുള്ള ഡൽഹിയിൽ 56.11 ശതമാനം പോളിങ‌് രേഖപ്പെടുത്തി. ഹരിയാനയിൽ 62.91, യുപിയിൽ 53.37, ബിഹാറിൽ 59.29, ജാർഖണ്ഡിൽ 64.46, മധ്യപ്രദേശിൽ 60.40 എന്നിങ്ങനെയാണ‌് പോളിങ‌്.

രാഷ്ട്രപതി പ്രണബ‌് മുഖർജി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, മുഖ്യതെരഞ്ഞെടുപ്പ‌് കമീഷണർ സുനിൽ അറോറ എന്നിവർ ഡൽഹിയിൽ വോട്ടുരേഖപ്പെടുത്തി. ബിഹാറിലെ വെസ‌്റ്റ‌് ചമ്പാരനിൽ ബിജെപി സ്ഥാനാർഥി സഞ‌്ജയ‌് ജയ‌്‌സ്വാളിനെ അജ‌്ഞാതർ ആക്രമിച്ചു.

മധോപ്പൂര്‍ സുന്ദര്‍ വില്ലേജിലെ പോളിംഗ് ബൂത്തില്‍ ശിവേന്ദ്ര കിഷോറെന്ന പോളിംഗ് ഉദ്യോഗസ്ഥന് വെടിയേറ്റു. വോട്ടിംഗിനിടെ ഹോംഗാര്‍ഡിന്റെ തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടിയേല്‍ക്കുകായയിരുന്നു. ഇദ്ദേഹം സ്‌കൂള്‍ ടീച്ചറാണ്.

ജില്ലാ ആശുപത്രിയില്‍ കിഷോറിന് പ്രാഥമിക ചികിത്സ നല്‍കി. ഇതിനുശേഷം അദ്ദേഹത്തെ വിദഗ്ധ ചികത്സിയ്ക്കായി മുസഫര്‍ നഗറിലെ എച്‌കെഎംസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ലോക‌്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം മെയ‌് 19ന‌് നടക്കും. ഏഴ‌് സംസ്ഥാനത്തെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും 59 മണ്ഡലങ്ങളിലാണ‌് അവസാന ഘട്ടത്തിൽ തെരഞ്ഞെടുപ്പ‌്. മെയ‌് 23ന‌് വോട്ടെണ്ണും.

ബംഗാളിൽ ഞായറാഴ്ച വോട്ടെടുപ്പ് നടന്ന എട്ടു മണ്ഡലത്തിലും തൃണമൂൽ കോൺഗ്രസ‌് വൻ അക്രമം അഴിച്ചുവിട്ടു. പലയിടത്തും ബിജെപിയും അക്രമം നടത്തി.

നിരവധിപേർക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. അക്രമം തടയാനെത്തിയ കേന്ദ്രസേനയുടെയും പൊലീസിന്റെയും വാഹനങ്ങൾ എറിഞ്ഞുതകർത്തു. നിരവധി പൊലീസുകാർക്ക‌് പരിക്കേറ്റു. ബാങ്കുറ, പുരുളിയ, താംലുക്ക്, ജാർഗ്രാം മെദിനിപുർ മണ്ഡലങ്ങളിലെ നിരവധി സ്ഥലങ്ങളിൽ സിപിഐ എം ഇടതുമുന്നണി പ്രവർത്തകർ അക്രമത്തിനിരയായി.

ഇടതുമുന്നണി ക്യാമ്പ് ഓഫീസുകൾ തൃണമൂലുകാർ തല്ലിത്തകർത്തു. ഏജന്റുമാരെ ബൂത്തുകളിൽനിന്ന് ബലംപ്രയോഗിച്ച‌് ഇറക്കിവിട്ടു. ഇടതുമുന്നണിക്ക‌് സ്വാധീനമുള്ള ഗ്രാമങ്ങളിൽ തൃണമൂലുകാർ മോട്ടോർസൈക്കിളുകളിൽ റോന്തുചുറ്റി വോട്ടർമാർ പുറത്തിറങ്ങുന്നത് തടഞ്ഞു.

മിക്കയിടത്തും കേന്ദ്രസേനയെ നിയോഗിച്ചിരുന്നെങ്കിലും സംസ്ഥാന പൊലീസിന്റെ നിയന്ത്രണത്തിലായിരുന്നു ബൂത്തുകൾ. സംസ്ഥാന പൊലീസ‌് തൃണമൂൽ ഗുണ്ടകൾക്ക‌് ഒത്താശ ചെയ‌്തു.

ഘട്ടാൽ മണ്ഡലത്തിലെ കേശ‌്പുരിൽ ബിജെപി സ്ഥാനാർഥിയും മുൻ ഐപിഎസ് ഉദ്യോഗസ്ഥയുമായ ഭാരതി ഘോഷിനെ തൃണമൂലുകാർ അക്രമിച്ചു.

വണ്ടി തല്ലിത്തകർത്തു. സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു. അക്രമികളെ തടയാൻ സുരക്ഷാസേന അഞ്ച് റൗണ്ട് വെടിവച്ചു. മാധ്യമപ്രവർത്തകർക്കു നേരെയും അക്രമം നടന്നു.

വാഹനങ്ങൾ എറിഞ്ഞുതകർത്തു. ഗാർബേട്ടയിൽ അക്രമം തടയാനെത്തിയ കേന്ദ്രസേനയുടെയും സംസ്ഥാന പൊലീസിന്റെയും വാഹനത്തിനുനേരെ തൃണമൂലുകാർ കല്ലെറിഞ്ഞു.

സൈനികർക്കും പൊലീസിനും പരിക്കേറ്റു. മെദിനിപുരിലെ പിംഗളയിൽ കോൺഗ്രസ് സ്ഥാനാർഥി ശംഭുനാഥ് ചാറ്റർജിയെയും തൃണമൂൽ ഗുണ്ടകൾ ആക്രമിച്ചു. ബൽദയിൽ തൃണമൂൽ ഓഫീസ് ബിജെപിക്കാർ തീയിട്ട് നശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News