തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇന്ധനവില കുതിച്ചുയരും

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ രാജ്യത്ത് ഇന്ധനവില കുതിച്ചുയരും. പെട്രോള്‍–ഡീസല്‍ വിലയില്‍ ലിറ്ററിന് ശരാശരി അഞ്ചുരൂപയുടെ വര്‍ധനയാണ് ഒറ്റയടിക്ക് ഉണ്ടാവുക.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില ഉയരുന്ന സാഹചര്യമാണെങ്കില്‍ ആഭ്യന്തര എണ്ണവിലയില്‍ തുടര്‍ന്നും വര്‍ധനയുണ്ടാകും. ഇറാനും വെനസ്വേലയ്ക്കുംമേല്‍ അമേരിക്ക അടിച്ചേല്‍പ്പിച്ച ഉപരോധവും എണ്ണ ഉല്‍പ്പാദനത്തില്‍ കുറവുവരുത്തിയ ഒപെക് രാജ്യങ്ങളുടെ നടപടിയും അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വിലവര്‍ധനയ്ക്ക് വഴിവയ്ക്കുമെന്നാണ് വിലയിരുത്തല്‍.

ഇറാന്‍, വെനസ്വേല എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതി നിലച്ചതോടെ രാജ്യം എണ്ണ ക്ഷാമത്തിലേക്ക് നീങ്ങുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാര്‍ച്ച് 10 മുതല്‍ രാജ്യത്ത് പെട്രോള്‍– ഡീസല്‍ വില കൂടിയിട്ടില്ല. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ വില ഒരു കാരണവശാലും വര്‍ധിപ്പിക്കരുതെന്ന മോഡി സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.

സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശമുള്ളതിനാലാണ് പെട്രോള്‍– ഡീസല്‍ വില ഉയര്‍ത്താതിരുന്നതെന്ന് എണ്ണക്കമ്പനി വൃത്തങ്ങള്‍ പറഞ്ഞു. മെയ് 19ന് ഏഴാംഘട്ട വോട്ടെടുപ്പും പൂര്‍ത്തിയാകുന്നതോടെ പെട്രോളിന്റെയും ഡീസലിന്റെയും വില കുത്തനെ കൂട്ടും.

ഇറാനില്‍നിന്നുള്ള എണ്ണവരവ് പൂര്‍ണമായും നിലയ്ക്കുന്നതോടെ വലിയ വിലവര്‍ധയ്ക്കാണ് സാഹചര്യമൊരുങ്ങുന്നതെന്നും എണ്ണക്കമ്പനി വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ഏപ്രില്‍ 22ന് ക്രൂഡോയില്‍ വില ബാരലിന് 74 ഡോളര്‍വരെ എത്തിയിട്ടും പെട്രോളിന്റെയും ഡീസലിന്റെയും ആഭ്യന്തരവില കൂട്ടിയിരുന്നില്ല. തെരഞ്ഞെടുപ്പ് സീസണില്‍ ഇന്ധനവില കുറഞ്ഞ നിരക്കില്‍ നിലനിര്‍ത്തിയതിന്റെ ബാധ്യത ഉപയോക്താക്കള്‍ക്ക് ഒറ്റയടിക്ക് സഹിക്കേണ്ടിവരും.

മാര്‍ച്ച് 10ന് പെട്രോള്‍വില (ഡല്‍ഹി) ലിറ്ററിന് 72.40 രൂപയും ഡീസല്‍വില 67.54 രൂപയുമായിരുന്നു. ഈ ഘട്ടത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില (ബ്രെന്റ്) ബാരലിന് 66.58 ഡോളറായിരുന്നു.

പിന്നീട് ക്രൂഡോയില്‍ വിലയില്‍ തുടര്‍ച്ചയായി വര്‍ധനയുണ്ടായി. ഏപ്രില്‍ 22 ന് ബാരലിന് 74.04 ഡോളര്‍വരെയായി ഉയര്‍ന്നു. എന്നാല്‍, പെട്രോള്‍– ഡീസല്‍ വിലവര്‍ധനയുണ്ടായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News