യുഎഇയിലെ ഫുജൈറയില്‍ നാലു ചരക്കു കപ്പലുകള്‍ക്കു നേരെ ആക്രമണം. ആക്രമണം നടന്നതായി യുഎഇ സ്ഥിരീകരിച്ചു.

സൗദി അറേബ്യയുടെ രണ്ട് ഓയില്‍ ടാങ്കറുകള്‍ ആക്രമണത്തില്‍ തകര്‍ന്നു. എന്നാല്‍ ആളപായം ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ഇറാന്റെ ആക്രമണ ഭീഷണി ഉണ്ടാകുമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് അമേരിക്ക നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് നാല് ചരക്കു കപ്പലുകള്‍ ആക്രമിക്കപ്പെട്ടത്.

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് സഹായകമായി അമേരിക്ക ഇവിടേയ്ക്ക് വിമാനവാഹിനിക്കപ്പലും ബോംബര്‍ വിമാനങ്ങളും അയച്ചിരുന്നു. ആക്രമണത്തെ ഗള്‍ഫ് രാജ്യങ്ങള്‍ അപലപിച്ചു. ജിസിസി സെക്രട്ടറി ജനറല്‍ ഡോക്ടര്‍ അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി ആക്രമണത്തെ ശക്തമായി അപലപിച്ചു.

മേഖലയെ സംഘര്‍ഷഭരിതമാക്കാനുള്ള ഇത്തരം നീക്കങ്ങള്‍ക്കെതിരെ കരുതിയിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. യെമന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും ആക്രമണത്തെ അപലപിച്ചു.