ജാലിയന്‍ കണാരനെ കടത്തിവെട്ടുന്ന മോദി തള്ളല്‍

ജാലിയന്‍ കണാരന്‍ എന്ന കഥാപാത്രത്തെ നമുക്കെല്ലാം അറിയാം.

ഇല്ലാത്തത് സ്വന്തം പേരില്‍ പൊതുസമൂഹത്തിന് മുന്നില്‍ അടിച്ചിറക്കുന്ന കണാരന്‍, നമ്മളെയെല്ലാം ഏറെ ചിരിപ്പിച്ചതാണ്. സ്വാതന്ത്ര്യം കിട്ടിയശേഷം ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയാവാന്‍ ജാലിയന്‍ കണാരന്റെ വീട്ടിലെത്തി നെഹ്റുവരെ നിര്‍ബന്ധിച്ചിരുന്നു എന്നുള്‍പ്പടെ കണാരന്‍ കനത്ത തള്ളല്‍ നടത്തുന്നുണ്ട്. ഹാസ്യപരിപാടിയാണ് എന്നതിനാല്‍ ഇത് നമ്മളെല്ലാം ആസ്വദിച്ചതാണ്.

എന്നാല്‍ നരേന്ദ്ര മോഡി അങ്ങനെയൊരു ഹാസ്യ കഥാപാത്രമല്ല ; രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെയാണ്. ഇങ്ങനെ ഓരോ ദിവസത്തിലും ജാലിയന്‍ കണാരനെ കടത്തിവെട്ടുന്ന തള്ളല്‍ വസ്തുതെയെന്നോണം മോഡി അവതരിപ്പിക്കുമ്പോള്‍, നാട് തന്നെയാണ് അപമാനപ്പെടുന്നത്.

1987-88 കാലയളവില്‍ ഡിജിറ്റല്‍ ക്യാമറയില്‍ ചിത്രമെടുത്ത് ഇ-മെയില്‍ ചെയ്തിട്ടുണ്ടെന്നാണ് ഇന്ന് ഒരഭിമുഖത്തില്‍ മോഡി പറഞ്ഞതായി വാര്‍ത്ത വന്നിരിക്കുന്നത്. എന്നാല്‍ ആദ്യത്തെ ഡിജിറ്റല്‍ ക്യാമറ ജാപ്പാനീസ് കമ്പനിയായ നിക്കോണ്‍ അവതരിപ്പിച്ചത് മോഡിപറഞ്ഞ വര്‍ഷത്തിന് ശേഷമാണെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്.

മാത്രമല്ല, അത് ഇന്ത്യന്‍ വിപണിയിലെത്താന്‍ പിന്നേയും സമയമെടുത്തു എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അന്ന് അതിന് ലക്ഷങ്ങള്‍ തന്നെയായിരുന്നു വില. സാധാരണക്കാരനായി ജിവിച്ചുവെന്ന് മോദിതന്നെ പലവട്ടം പരസ്യമായി പറഞ്ഞ ആ കാലത്ത് പുറത്തിറങ്ങിയ ഉടനെ ഡിജിറ്റല്‍ ക്യാമറ വാങ്ങിച്ചു എന്നാണോ..? അതിന്റെ ടെക്നോളജി എല്ലാം എങ്ങനെയോ മനസ്സിലാക്കി സാധാരണക്കാരനായി ജീവിച്ച മോഡി, വലിയ വിലകൊടുത്ത് ഡിജിറ്റല്‍ ക്യാമറ വാങ്ങി എന്നുതന്നെ കരുതുക.

ആ ക്യാമറയില്‍ എടുത്ത ഫോട്ടോ എങ്ങനെയാണ് ഇ-മെയില്‍ ചെയ്തത്..? ആര്‍ക്കും ഇ-മെയില്‍ ഇല്ലാതിരുന്ന കാലത്ത് ആര്‍ക്കാണ് മോഡി, ഇ-മെയില്‍ അയച്ചത്..!?. ഇന്ത്യയില്‍ 1995 ലാണ് ഇന്റര്‍നെറ്റ് സേവനം പൊതുജനങ്ങള്‍ക്ക് വി.എസ്.എന്‍.എല്‍ ലഭ്യമാക്കിയതെന്ന വസ്തുതയും പുറത്തുവന്നുകഴിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ദിവസവും ഇത്തരത്തിലൊരുകാര്യം മോഡി പറഞ്ഞത് പുറത്തുവന്നതാണ്. മഴക്കാറുള്ളപ്പോള്‍ ആക്രമിച്ചാല്‍ പാകിസ്ഥാന്റെ റഡാറിന്റെ കണ്ണില്‍പ്പെടാതെ രക്ഷപ്പെടാമെന്ന് ഉപദേശിച്ചത് താനാണെന്നും അതുകൊണ്ടാണ് ഫെബ്രുവരി 26 ന് തന്നെ ബാലാക്കോട്ടില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയതെന്നുമുള്ള നരേന്ദ്രമോഡിയുടെ പ്രസ്താവന അപമാനച്ചിരിയോടെയാണ് ലോകം കണ്ടത്.

മാധ്യമങ്ങളെ അഭിമുഖീകരിച്ച് അപ്പപ്പോള്‍ പ്രതികരിക്കാന്‍ ഭയമുള്ളതുകൊണ്ടാണ് അധികാരത്തിലിരുന്ന അഞ്ചുവര്‍ഷത്തിനിടയില്‍ ഒരിക്കല്‍പ്പോലും പത്രസമ്മേളനം നടത്താന്‍ മോഡി തയ്യാറാകാതിരുന്നതെന്നത് പരക്കെ വിമര്‍ശ്ശിക്കപ്പെട്ടതാണ്.

അങ്ങനെ പത്രസമ്മേളനം നടത്തിയാല്‍ ഇത്തരം കാര്യങ്ങള്‍ക്കുമുന്നില്‍ വാക്കുമുട്ടിപ്പോവുമെന്ന് മോഡി ഭയക്കുന്നു എന്ന് കരുതണം. അത് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഒട്ടും ഭൂഷണമല്ല. മാത്രമല്ല, തയ്യാറാക്കിയ ഉത്തരങ്ങളിലൂടെ പ്രതികരിക്കുമ്പോഴും രാജ്യത്തെ നാണം കെടുത്തുന്ന മറുപടിയുണ്ടാകുന്നത് പ്രതിഷേധാര്‍ഹമാണ്.

സംഘപരിവാര്‍ വേദികളില്‍ നുണകള്‍ക്ക് പ്രാധാന്യമുണ്ടാവാം. എന്നാല്‍ നുണകളെ സത്യമെന്നോണം വിഴുങ്ങാന്‍ രാജ്യത്തെ എല്ലാവരും സംഘപരിവാരുകാരല്ലല്ലോ. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുസംസാരിക്കാന്‍ മോഡിക്ക് സാധിക്കണമായിരുന്നു എന്നവിമര്‍ശ്ശനത്തെ മുഖവിലക്കെടുക്കുക തന്നെവേണം.

വിമാനം കണ്ടുപിടിച്ചത് റൈറ്റ് സഹോദരന്മാരല്ലെന്നും അതിനും മുമ്പ് ഇവിടെ പുഷ്പക വിമാനം ഉണ്ടായിരുന്നുവെന്നും, ആദ്യ പ്ലാസ്റ്റിക് സര്‍ജ്ജറി ഗണപതിയുടേതാണെന്നുമെല്ലാമുള്ള സംഘപരിവാര്‍ വേദികളിലെ പ്രചരണത്തിന്റെ തുടര്‍ച്ച മോഡിയുടെ പ്രസ്താവനയിലും നിരീക്ഷിക്കാം. ഇവിടെ പക്ഷേ അവസാനഘട്ട തെരഞ്ഞെടുപ്പിലെങ്കിലും നേട്ടമുണ്ടാക്കാനുള്ള പരിശ്രമവും ഉണ്ട്.

ബാലാക്കോട്ട് വ്യോമാക്രമണത്തിലൂടെ പാകിസ്ഥാന് തിരിച്ചടി നല്‍കിയത് സൈന്യമല്ല, ബിജെ.പിയാണെന്ന് വരുത്താനുള്ള ശ്രമമാണ്,കാര്‍മേഘമുള്ളപ്പോള്‍ ആക്രമിച്ചാല്‍ റെഡാറില്‍ കാണില്ലെന്ന ഉപദേശം നല്‍കി ആക്രമണത്തിന് നിര്‍ദ്ദേശം നല്‍കിയത് താനാണെന്ന മോഡിയുടെ പരാമര്‍ശ്ശം.

ജാലിയന്‍ കണാരനെ വെല്ലുന്ന ഇത്തരം നുണകള്‍ക്ക് അത്ര ഗൗരവമേ മുഖം നോക്കാതെ കേട്ടാല്‍ ജനങ്ങള്‍ നല്‍കുകയുള്ളൂ.

എന്നാലിത് പറഞ്ഞിരിക്കുന്നത് രാജ്യത്തെ പ്രധാനമന്ത്രി തന്നെയാണെന്നതാണ് ഇതിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നത്. അത് ഏതെങ്കിലും സംഘപരിവാര്‍ വേദിയില്‍ പറയുന്നത് പോലെയല്ല.

രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ വാക്കുകള്‍ ലോകം ശ്രദ്ധിക്കുന്നതാണ്. തെരഞ്ഞെടുപ്പ് നേട്ടത്തിനായുള്ള പരിശ്രമത്തില്‍, ഇത്തരത്തില്‍ ഒന്നൊന്നര തള്ളല്‍ നടത്തുമ്പോള്‍, ടെക്നോളജി സംബന്ധിച്ചെല്ലാം ഉത്സുകതയോടെ പഠനം നടത്തിയ ലോകസമൂഹത്തിന് മുന്നില്‍ രാജ്യത്തെ അപമാനപ്പെടുന്നതിന് ഇടയാക്കുന്നുണ്ട് എന്നത് കാണാതിരിക്കാന്‍ കഴിയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here