കൊല്ലം: രാജ്‌മോഹന്‍ ഉണ്ണിത്താനും അനുയായികള്‍ക്കുമെതിരെ പരാതിയുമായി കോണ്‍ഗ്രസ് കുണ്ടറ ബ്ലോക്ക് ജനറല്‍ സെക്രട്ടറിയായ പൃഥ്വിരാജിന്റെ ഭാര്യയുടെ പരാതി.

ഫോണില്‍ ഭീഷണിപ്പെടുത്തുന്നുവെന്നും ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്നും ആരോപിച്ചാണ് പൃഥ്വിരാജിന്റെ ഭാര്യ രമാദേവി കൊല്ലം റൂറല്‍ എസ്പിക്ക് പരാതി നല്‍കിയത്.

അസഭ്യ ശബ്ദസന്ദേശത്തിന്റെ സിഡിയും രമാദേവി തിങ്കളാഴ്ച കുണ്ടറ സിഐക്കു കൈമാറി. പരാതിയില്‍ സിഐ തുടര്‍അന്വേഷണം നടത്തും.

ഉണ്ണിത്താന്‍ തനിക്കെതിരെ അപകീര്‍ത്തിപരമായ പ്രസ്താവന നടത്തിയെന്നാരോപിച്ച് പൃഥ്വിരാജ് , മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയ്ക്കും പരാതി നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച കെപിസിസി ആസ്ഥാനത്തെത്തിയാണ് പൃഥ്വിരാജ് പരാതി നല്‍കിയത്.

അതേസമയം, പൃഥ്വിരാജ് അഞ്ച് ലക്ഷം രൂപ മോഷ്ടിച്ചുവെന്ന പരാതിയില്‍ പൊലീസില്‍ മൊഴി നല്‍കാതെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍.

പരാതി അന്വേഷിക്കുന്ന മേല്‍പ്പറമ്പ് എസ്‌ഐ ഉണ്ണിത്താനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കാസര്‍കോട് വന്നിട്ട് മൊഴി നല്‍കാമെന്നായിരുന്നു മറുപടി. പരാതിക്കാരന്‍ മൊഴി നല്‍കിയാലേ തുടരന്വേഷണം സാധ്യമാകൂവെന്ന് മേല്‍പ്പറമ്പ് എസ്‌ഐ പിസി സഞ്ജയ്കുമാര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഉണ്ണിത്താനും സഹായികളും താമസിച്ച മേല്‍പ്പറമ്പിലെ വാടകവീട്ടില്‍നിന്ന് പൃഥ്വിരാജ് പണം മോഷ്ടിച്ചുവെന്നാണ് പരാതി.