കാനറ ബാങ്കിന്റെ ജപ്തിഭീഷണി; തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച മകള്‍ക്ക് പിന്നാലെ അമ്മയും മരണത്തിന് കീ‍ഴടങ്ങി

തിരുവനന്തപുരം: നെയ്യാറ്റിന്‍കര മാരായമുട്ടത്ത് ജപ്തി ഭീഷണിയെത്തുടര്‍ന്ന് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മയും മരിച്ചു.

ബാങ്കിന്‍റെ ജപ്തി ഭീഷണിക്കിടെ ഇന്ന് അമ്മയും മകളും തീകൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ മകള്‍ നേരത്തെ മരിച്ചിരുന്നു

മാരായിമുട്ടം മലയില്‍ക്കട സ്വദേശി ചന്ദ്രന്റെ ഭാര്യ ലേഖ (40), മകള്‍ വൈഷ്ണവി (19) എന്നിവരാണ് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ലേഖയെ ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇവര്‍ക്ക് 90 ശതമാനം പൊള്ളലേറ്റിരുന്നു.

തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നുവെങ്കിലും ആന്തരിക അവയവങ്ങള്‍ക്ക് ഉള്‍പ്പെടെ ഗുരുതരമായി പൊള്ളലേറ്റ ലേഖയുടെ നില ഗുരുതരമാവുകയായിരുന്നു.

നെയ്യാറ്റിന്‍കരയിലെ കാനറ ബാങ്കില്‍ നിന്നും വീട് നിര്‍മിക്കാനായി ഇവര്‍ വായ്പ എടുത്തിരുന്നു. 15 വര്‍ഷം മുമ്പ് 5 ലക്ഷം രൂപയാണ് ലോണ്‍ എടുത്തത്.

ഇതില്‍ ആറ് ലക്ഷത്തലധികം തുക തിരിച്ചടച്ചിരുന്നതായും ബാക്കി നാല് ലക്ഷത്തോളം ഇനിയും അടയ്ക്കാന്‍ ബാക്കിയുണ്ടായിരുന്നതായും ബന്ധുക്കള്‍ പറയുന്നു.

ഇത്രയും വലിയ തുക തിരിച്ചടയ്ക്കാന്‍ തക്ക സാമ്പത്തിക സ്ഥിതി ഇവര്‍ക്കുണ്ടായിരുന്നില്ല. ബാങ്ക് അധികൃതര്‍ ജപ്തി നടപടികളുമായി മുന്നോട്ടു പോയ സാഹചര്യത്തില്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു ലേഖയും വൈഷ്ണവിയും എന്നാണ് നാട്ടുകാര്‍ പറയുന്നത്.

ബിരുദ വിദ്യാര്‍ഥിനിയാണ് വൈഷ്ണവി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here