റിയാദ്: സൗദി അരാംകോയുടെ രണ്ട് എണ്ണ പമ്പിംഗ് സ്റ്റേഷനുകള്‍ക്ക് നേരെ തീവ്രവാദ ഡ്രോണ്‍ ആക്രമണം.

ദവാദ്മി, അഫീഫ് പ്രദേശങ്ങളിലെ സ്റ്റേഷനുകള്‍ക്ക് നേരെയാണ് ആക്രമണം നടന്നതെന്ന് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചൊവ്വാഴ്ച പുലര്‍ച്ച ആറിനും ആറരക്കും ഇടയ്ക്കായിരുന്നു ആക്രമണമെന്ന് സൗദി ദേശസുരക്ഷ വകുപ്പും ഊര്‍ജ്ജ മന്ത്രിയും അറിയിച്ചു.

സംഭവത്തെ തുടര്‍ന്ന് രണ്ട് സ്റ്റേഷനുകളിലെയും പമ്പിംഗ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കയാണ്.

കഴിഞ്ഞദിവസം ഫുജൈറ തുറമുഖത്ത് നാല് കപ്പലുകള്‍ക്കുനേരേ ആക്രമണമുണ്ടായിരുന്നു. ഇതില്‍ രണ്ടുകപ്പലുകള്‍ തങ്ങളുടേതാണെന്ന് സൗദി അറേബ്യ സ്ഥിരീകരിച്ചിരുന്നു. ഫുജൈറയുടെ കിഴക്കുഭാഗത്ത് ഒമാന്‍ ഉള്‍ക്കടലില്‍ യുഎഇയുടെ സമുദ്രപരിധിയിലായിരുന്നു ആക്രമണം.

സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനോ ആക്രമണത്തിന് പിന്നിലുള്ളതാരെന്ന് വ്യക്തമാക്കാനോ യുഎഇ.-സൗദി സര്‍ക്കാരുകള്‍ തയ്യാറായില്ല.

എന്നാല്‍, അന്താരാഷ്ട്ര ഉപരോധം നേരിടുന്ന ഇറാനോ അവരുമായി ബന്ധമുള്ളവരോ മേഖലയിലൂടെ ചരക്കുനീക്കം അട്ടിമറിക്കാന്‍ ശ്രമം നടത്തുമെന്ന് സഖ്യരാഷ്ട്രങ്ങള്‍ക്ക് യുഎസ് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇറാന്റെ ഭീഷണി മറികടക്കാന്‍ യുഎസ് ഗള്‍ഫ് തീരത്ത് വിമാനവാഹിനിക്കപ്പലുകളും ബി-52 ബോംബര്‍ വിമാനങ്ങളും വിന്യസിക്കുകയും ചെയ്തിരുന്നു.