കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ ആറിന് എത്തും. ഇത്തവണ അഞ്ച് ദിവസം വൈകുമെന്നും ഞായറാഴ്ചയോടെ ആന്‍ഡമാന്‍ തീരത്തെത്തുമെന്നും കേന്ദ്രകാലാവസ്ഥാ നീരീക്ഷ കേന്ദ്രം.

എന്‍നിനോ പ്രതിഭാസം നിലവിലുണ്ടെങ്കിലും കാലവര്‍ഷം തുടങ്ങുന്നതോടെ എല്‍ നിനോയുടെ തീവ്രത കുറയുമെന്നും കാലവര്‍ഷത്തിന്റെ അ്‌ളവിനെ ബാധിക്കില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ നിന്ന് വ്യത്യസ്തമായി കേരളത്തില്‍ ഇത്തവണ കാലവര്‍ഷം പതിവിലും വൈകുമെന്നാണ് കേന്ദ്രകാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയപ്പ് നല്‍കുന്നത്.

കഴിഞ്ഞ വര്‍ഷം മെയ് 30നും 2017ല്‍ മെയ് 29നുമാണ് കേരളത്തില്‍ കാലവര്‍ഷമെത്തിയത്. നാല് മാസത്തോളം നീണ്ട് നില്‍ക്കുന്ന കാലവര്‍ഷം അഞ്ച് ദിവസത്തോളം വൈകി ഇത്തവണ ജൂണ്‍ ആറോടെ മാത്രമാകും കേരളത്തിലെത്തുക.

ശനിയാഴ്ചയോ ഞായറാഴ്ചയോ കാലവര്‍ഷം ആന്‍ഡമാന്‍ തീരത്തെത്തുമെന്നും കേന്ദ്രകാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

സാധാരണ ഗതിയിലുള്ള മഴയായിരിക്കും കേരളത്തില്‍ ലഭിക്കുക. കാലവര്‍ഷം ആന്‍ഡമാന്‍ തീരത്തെത്തുന്നതോടെ 20മുതല്‍ കേരളത്തില്‍ പ്രീമമണ്‍സൂണ്‍ തുടങ്ങുമെന്നും പ്രവചനമുണ്ട്.

ഇതോടെ കേരളത്തില്‍ ഇപ്പോഴുള്ള ചൂടിന് അല്‍പ്പം ശമനമാകും. എന്നാല്‍ എല്‍നിനോ പ്രതിഭാസം രൂപപ്പെടുന്നത് മഴയുടെ അളവിനെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന ആശങ്കയും നിലവിലുണ്ടെങ്കിലും കാലവര്‍ഷം ശക്തമാകുന്നതോടെ എല്‍നിനോയുടെ തീവ്രത കുറയുമെന്നതിനാല്‍ കാവവര്‍ഷത്തെ ബാധിക്കില്ലെന്നും 96 ശതമാനത്തോളം മഴ ലഭിക്കുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം.

അതേസമയം ഇന്ത്യയിലെ സ്വകാര്യ കാലാവസ്ഥാ നിരീക്ഷ കമ്പനിയായ സ്‌കൈലെറ്റ് ജൂണ്‍ നാലോടെ കാലവര്‍ഷം കേരളത്തിലെത്തുമെന്നാണ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്.