നെയ്യാറ്റിന്‍കര ആത്മഹത്യ: വീട്ടമ്മയുടെ ഭര്‍ത്താവും ബന്ധുക്കളും അറസ്റ്റില്‍; ആത്മഹത്യയില്‍ പങ്കില്ല, കാരണക്കാരി അമ്മയെന്ന് ഭര്‍ത്താവ്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ വീട്ടമ്മയുടേയും മകളുടേയും ആത്മഹത്യയുമായി ബന്ധപ്പെട്ട് വീട്ടമ്മയുടെ ഭര്‍ത്താവ് ചന്ദ്രന്‍, അമ്മ കൃഷ്ണ, ചന്ദ്രന്റെ സഹോദരിമാര്‍ എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

ആത്മഹത്യാ പ്രേരണാ കുറ്റത്തിനാണ് ഇവരുടെ പേരില്‍ കേസെടുത്തിരിക്കുന്നത്. അന്വേഷണത്തിന് ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്ന കാര്യം പരിഗണിക്കുമെന്നും പൊലീസ് പറഞ്ഞു.

തന്റെയും മകളുടെയും ആത്മഹത്യയ്ക്ക് ഉത്തരവാദി ഭര്‍ത്താവും ബന്ധുക്കളുമാണെന്ന് മരിച്ച ലേഖയുടെ ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

വീട് ജപ്തിയെത്തിയിട്ടും ഭര്‍ത്താവ് ചന്ദ്രന്‍ ഒന്നും ചെയ്തില്ലെന്ന് കുറിപ്പില്‍ ആരോപിക്കുന്നു. സ്ഥലം വില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്തു.

വില്‍ക്കാന്‍ ശ്രമിച്ച സ്ഥലത്ത് ആല്‍ത്തറയും മന്ത്രവാദക്കളവും ഉണ്ടായിരുന്നെന്നും അതിനാല്‍ വില്‍ക്കാന്‍ ഭര്‍ത്താവ് അനുവദിച്ചില്ലെന്നാണ് കുറിപ്പിലെ പരാമര്‍ശം. ഭര്‍ത്താവിന്റെ മാതാവ് കൃഷ്ണമ്മ തന്നെ വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

അതേസമയം, ഭാര്യയുടെയും മകളുടെയും ആത്മഹത്യയ്ക്ക് പിന്നില്‍ തന്റെ അമ്മയാണെന്ന് ചന്ദ്രന്‍ പറഞ്ഞു.

അവരുടെ ആത്മഹത്യയില്‍ തനിക്ക് പങ്കില്ലെന്നും ഗള്‍ഫില്‍ നിന്ന് താന്‍ നാട്ടില്‍ വന്നിട്ട് ആറുമാസം മാത്രമേ ആയിട്ടുള്ളൂവെന്നും ചന്ദ്രന്‍ പറഞ്ഞു. ഭാര്യയും അമ്മ കൃഷ്ണയും തമ്മില്‍ വഴക്കുണ്ടായിരുന്നെന്നും ഇയാള്‍ പറയുന്നു.

ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. വീട് ജപ്തി ചെയ്യാനിരിക്കുകയാണെന്ന് അറിയിച്ച ബാങ്കില്‍ നിന്ന് ഫോണ്‍ വന്നതിന് പിന്നാലെ അമ്മയും മകളും സ്വയം തീ കൊളുത്തുകയായിരുന്നു. വൈഷ്ണവി തല്‍ക്ഷണവും ലേഖ ഇന്നലെ വൈകിട്ട് ആശുപത്രിയില്‍ വച്ചും മരിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel