കോടികളുടെ നിക്ഷേപ തട്ടിപ്പ് കേസില്‍ പിടിയിലായ ഹീരാഗ്രൂപ്പ് ഉടമ നൗഹീര ഷെയ്ക്കിനേയും രണ്ടു ജീവനക്കാരേയും 15 ദിവസത്തെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിട്ടു. മലയാളിയും നൗഹീര ഷെയ്ക്കിന്റെ പ്രൈവറ്റ് സെക്രട്ടറിയുമായ മോളി തോമസ്, മറ്റൊരു ജീവനക്കാരനായ ബിജു തോമസ് എന്നിവരെയാണ് ഹൈദരാബാദിലെ മെട്രോപൊളിറ്റന്‍ സെഷന്‍ ജഡ്ജി 15 ദിവസത്തേക്ക് എന്‍ഫോ!ഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിട്ടത്.

ഉയര്‍ന്ന വരുമാനം വാഗ്ദാനംചെയ്ത് ഇന്ത്യയിലും വിദേശത്തുമുളള നിരവധി ആളുകളില്‍ നിന്ന് മൂവായിരം കോടിയിലധികം തട്ടിയെടുത്ത കേസിലാണ് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹീരാ ഗ്രൂപ്പ് ഉടമ നൗഹീര ഷെയ്ക്കിനേയും സഹായികളേയും എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വാങ്ങിയത്. ഹൈദരാബാദിലെ മെട്രോപൊളിറ്റന്‍ സെഷന്‍ ജഡ്ജിക്ക് മുമ്പാകെ ഹാജരാക്കിയ പ്രതികളെ കൂടുതല്‍ അന്വേഷണത്തിനായി15 ദിവസത്തേക്ക് എന്‍ഫോ!ഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിട്ടു. കളളപ്പണ നിരോധന നിയമം 2002 പ്രകാരമാണ് പ്രതികള്‍ക്കെതിരേ കേസെടുത്തിട്ടുളളത്.

ഹൈദരാബാദ് കേന്ദ്രമായ പ്രവര്‍ത്തിച്ച ഹീരാ ഗോള്‍ഡ് എക്‌സിം എന്ന കമ്പനി ഓഫീസ് മുഖേനയാണ് വമ്പന്‍ നിക്ഷേപ തട്ടിപ്പ് അരങ്ങേറിയത്. 36 ശതമാനം വരെ വരുമാനം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഒരുലക്ഷം രൂപയ്ക്ക് 2500 മുതല്‍ 4500 വരെ മാസവരുമാനം നിക്ഷേപകര്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നു. ഇത്തരത്തില്‍ കേരളത്തില്‍ നിന്നുമാത്രമായി മുന്നൂറുകോടിയിലധികം നിക്ഷേപം ശേഖരിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം!. നിക്ഷേപകരില്‍ അധികവും പ്രവാസികളാണ്.

കമ്പനിക്കെതിരേ കേരളത്തിനകത്തും പുറത്തും വിവിധ പൊലീസ് സ്റ്റേഷനുകളില്‍  അന്വേഷണം തുടരുന്നതിനിടെയാണ് ഇവര്‍ ഹൈദരാബാദില്‍ പിടിയിലായത്. ലാഭവിഹിതമൊ പലിശയോ ലഭ്യമാകാതെ വന്നതോടെ നിക്ഷേപകര്‍ നിയമനടപടി സ്വീകരിക്കുകയായിരുന്നു. കോഴിക്കോട് എംകെ റോഡില്‍ ഓഫീസ് തുറന്നാണ് കമ്പനി കേരളത്തിലെ തട്ടിപ്പുകള്‍ക്ക് ചുക്കാന്‍ പിടിച്ചത്. കൊച്ചയിലും കമ്പനി ഓഫീസ് തുറന്നിരുന്നു.

എന്‍ഫോ!ഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍ 1,72,114 പേരില്‍ നിന്നായി 3000 കോടിയിലധികം കമ്പനി സ്വരൂപിച്ചെന്നാണ് കണ്ടെത്തല്‍. വിവിധ ഇടങ്ങളിലായി കമ്പനിയുടെ 24 ബ്രാഞ്ചുകള്‍ പ്രവര്‍ത്തിച്ചിരുന്നു. വിവിധ ബാങ്കുകളിലായി 182 അക്കൗണ്ടുകള്‍ തുറന്നെന്നും എന്‍ഫോ!ഴ്‌സ്‌മെന്റ് കണ്ടെത്തി. ഇതില്‍ 10 അക്കൗണ്ടുകള്‍ വിദേശത്തുളളതാണ്. ഓണ്‍ലൈന്‍ വ!ഴിയും നിക്ഷേപത്തട്ടിപ്പ് നടന്നെന്നാണ് കണ്ടെത്തല്‍.

പ്രതികള്‍ക്കെതിരേ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. കമ്പനിയുടെ ഭൂനിക്ഷേപങ്ങളും സ്വത്ത് വിവരങ്ങളും മറ്റും എന്‍ഫോ!ഴ്‌സ്‌മെന്റ് അന്വേഷണവിധേയമാക്കുന്നുണ്ട്. ആന്ധ്രയിലും മഹാരാഷ്ട്രയിലും തട്ടിപ്പു നടത്തിയ സംഭവത്തില്‍ നൗഹീര ഷെയ്ക്ക് മുമ്പും അറസ്റ്റിലായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.