പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ തിരികെയെത്താം തിരുമുറ്റത്തേക്ക് എന്ന പ്രചാരണത്തിന് തുടക്കമായി.

ഓരോ വീടുകളും സന്ദര്‍ശിച്ച് കുട്ടികളെ പൊതു വിദ്യാലയങ്ങളിലേക്ക് ക്ഷണിക്കുന്ന പരിപാടിയില്‍ സിനിമാ താരങ്ങളും വിവിധ മേഖലകളിലെ പ്രശസ്തരും പങ്കാളികളായി.ഒരു മണിക്കൂര്‍ നീണ്ട ആദ്യ ദിന പ്രചരണത്തില്‍ ആറ് കുട്ടികള്‍ പൊതുവിദ്യാലയത്തില്‍ പ്രവേശനം നേടി.

പൊതു വിദ്യാലയങ്ങളിലേക്ക് കൂടുതല്‍ കുട്ടികളെ എത്തിക്കുന്നതിനായുള്ള കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ പ്രചാരണം നാട് ഏറ്റെടുത്തപ്പോള്‍ ഉദ്ഘാടന പരിപാടിക്ക് ഉത്സവ പ്രതീതി. ചിറക്കല്‍ രാജാസ് യു പി സ്‌കൂള്‍ പരിസരത്തുള്ള വീടുകളിലെത്തി കുട്ടികളെ സ്‌കൂളിലേക്ക് ക്ഷണിച്ചു കൊണ്ടാണ് പ്രചാരണത്തിന് തുടക്കം കുറിച്ചത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെവി സുമേഷിന്റെ നേതൃത്വത്തില്‍ എത്തിയ സംഘത്തെ വീട്ടുകാര്‍ സ്‌നേഹപൂര്‍വ്വം വരവേറ്റു.ഒരു മണിക്കൂര്‍ പ്രചാരത്തില്‍ ആറ് വിദ്യാര്‍ഥികള്‍ പൊതു വിദ്യാലയത്തില്‍ പ്രവേശനം നേടി.

പൊതു വിദ്യാലയത്തില്‍ പഠനം പൂര്‍ത്തിയാക്കി വ്യത്യസ്ത മേഖലകളില്‍ പ്രശസ്തരായവര്‍ പ്രചാരണത്തില്‍ പങ്കാളികളായി.സിനിമാതാരം നിഹാരിക എസ് മോഹന്‍, മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഷെരീഫ് ഈസ, പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയ സിത്താര എന്നിവര്‍ മുഖ്യ അതിഥികളായി.