കോഴിക്കോട് നീലേശ്വരം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പകരം അധ്യാപകന്‍ പരീക്ഷ എഴുതിയ സംഭവത്തില്‍ കുറ്റക്കാരായ അധ്യാപകരുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും.

ഒളിവില്‍ പോയ അധ്യാപകര്‍ എവിടെയാണ് എന്നത് സംബസിച്ച് പോലിസിന് സൂചന ലഭിച്ചതായാണ് വിവരം. അധ്യാപകന്‍ എഴുതിയ ഉത്തരപേപ്പറുകള്‍ അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങും.

വിദ്യാര്‍ത്ഥികള്‍ക്ക് പകരം അധ്യാപകന്‍ പരീക്ഷ എഴുതിയ സംഭവത്തില്‍ ഒളിവില്‍ കഴിയുന്ന പ്രതികളായ അധ്യാപകരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. നീലേശ്വരം ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പലും പരീക്ഷ ചീഫ് സൂപ്രണ്ടുമായ കെ.റസിയ, പരീക്ഷ എഴുതിയ നിഷാദ് വി.മുഹമ്മദ്, പരീക്ഷ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടും ചേന്ദമംഗലൂര്‍ സ്‌കൂള്‍ അധ്യാപകനുമായ പി കെ ഫൈസല്‍ എന്നിവരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിത്തിലാണ് മുക്കം പോലീസ്.

ഒളിവില്‍ പോയ അധ്യാപകര്‍ എവിടെയാണ് എന്നത് സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചതായാണ് സൂചന. 3 പേര്‍ക്കുമെതിരെ കഴിഞ്ഞ ദിവസം പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. കേസിലെ സുപ്രധാന തെളിവായ അധ്യാപകന്‍ എഴുതിയ ഉത്തര പേപ്പര്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങും.

അധ്യാപകന്റെ കൈപ്പടയാണെന്ന് തെളിയിക്കുന്നതിനായി ഇവ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രമക്കേടിന് പിന്നില്‍ കൂടുതല്‍ അധ്യാപകര്‍ ഉണ്ടോ എന്നത് സംബന്ധിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.

അതിനിടെ അറസ്റ്റ് ഒഴിവാക്കാനായി പരീക്ഷ എഴുതിയ അധ്യാപകന്‍ നിഷാദ് വി മുഹമ്മദ് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു, ഹര്‍ജി നാളെ പരിഗണിക്കും. മറ്റ് അധ്യാപകരും മൂന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നതായാണ് വിവരം.