ഭിന്നശേഷിക്കാര്‍ നിര്‍മ്മിച്ച അഭയം കുടകള്‍ വിപണിയിലെത്തി. അഭയം ഉപദേശക സമിതി ചെയര്‍മാന്‍ വിഎന്‍ വാസവന്‍ കുടകളുടെ വിപണനോദ്ഘാടനം കോട്ടയത്ത് നിര്‍വഹിച്ചു.

സിപിഐഎം കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലുള്ള അഭയം ചാരിറ്റബിള്‍ സൊസെറ്റി രണ്ടാം വര്‍ഷമാണ് അഭയം കുടകള്‍ വിപണിയിലെത്തിക്കുന്നത്.

അഭയം വളന്റിയര്‍മാര്‍ കുട നിര്‍മാണ സാമഗ്രികള്‍ ഭിന്നശേഷിക്കാര്‍ക്ക് എത്തിച്ചു നല്‍കും. നിര്‍മ്മിക്കുന്നവര്‍ക്ക് പ്രതിഫലം നല്‍കി കുടകള്‍ ശേഖരിച്ച് വിപണിയിലെത്തിക്കുന്ന സംവിധാനമാണ് അഭയത്തിന്റേത്.

ത്രിഫോള്‍ഡ്, ഫൈവ് ഫോള്‍ഡ് കുടകള്‍ക്ക് പുറമെ കുട്ടികള്‍ക്ക് വേണ്ടിയുള്ള അഭയം കുടകളും ഇത്തവണ വിപണിയിലുണ്ട്. അഭയം ഉപദേശക സമിതി ചെയര്‍മാനും മുന്‍ എംഎല്‍എയുമായ വിഎന്‍ വാസവന്‍ കുടകളുടെ വിപണനോദ്ഘാടനം നിര്‍വഹിച്ചു.

അഭയം ചാരിറ്റബിള്‍ സൊസെറ്റി മികച്ച ഗുണമേന്മയോടെ പല വര്‍ണ്ണത്തിലുള്ള കുടകള്‍ വിപണിയിലെത്തിക്കുമ്പോള്‍ സഫലീകരിക്കുന്നത് ഭിന്നശേഷിക്കാരുടെ സ്വപ്നങ്ങളാണ്.

വീല്‍ ചെയറിലും കട്ടിലിലും കഴിച്ചുകൂട്ടുന്ന നൂറിലേറെ പേരാണ് അഭയത്തിന്റെ ചിറകിലേറി കുട നിര്‍മ്മാണത്തിലൂടെ വരുമാനം ആര്‍ജിക്കുന്ന നിലയിലേക്ക് വളര്‍ന്നത്.