തിരുവനന്തപുരം: ഭാര്യയെയും മകളെയും അവസാനമായി ഒരുനോക്ക് കണ്ടപ്പോള്‍ ചന്ദ്രന്റെ മുഖത്ത് നിര്‍വികാരത. ഒരു തുള്ളി കണ്ണീര്‍പോലും പൊഴിഞ്ഞില്ല. ‘കണ്ടോ’ എന്ന ചോദ്യത്തിന് തലയാട്ടി.

ചന്ദ്രനെ മൃതശരീരങ്ങള്‍ കാണിക്കണമോ എന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ബന്ധുക്കളും മറ്റുള്ളവരും ഒടുവില്‍ ചന്ദ്രനെ മാത്രം കാണിക്കാം എന്ന ധാരണയില്‍ എത്തി. തുടര്‍ന്ന് പൊലീസിനെ അറിയിച്ചു.

കനത്ത സുരക്ഷയില്‍ സ്‌റ്റേഷനില്‍നിന്ന് പൊലീസ് ഇയാളെ എത്തിച്ചു. ആദ്യം ലേഖയെ കണ്ടു. പൂര്‍ണമായി കത്തിക്കരിഞ്ഞ വൈഷ്ണവിയുടെ മുഖമുള്‍പ്പെടെ മറച്ചിരുന്നു.

ഇതിനിടയില്‍ നാട്ടുകാരില്‍ ചിലര്‍ പറഞ്ഞു. ”ആ കൊച്ചിന്റെ കരിഞ്ഞ മുഖമൊന്നു കാണിച്ചു കൊടുക്ക് സാറേ അവന്”. തുടര്‍ന്ന് ചന്ദ്രന് വേണ്ടി മുഖം മറച്ചിരുന്ന ഭാഗം നീക്കിക്കൊടുത്തു.

ഭാവഭേദങ്ങള്‍ ഒന്നുമില്ലാതെയാണ് ഭാര്യയെയും മകളെയും അവസാനമായി ചന്ദ്രന്‍ കണ്ടത്.

പിന്നീട് പൊലീസ് വാഹനത്തിലേക്ക് കയറ്റാന്‍ ശ്രമിച്ചപ്പോള്‍ ചെറിയ പ്രതിഷേധസ്വരം ഉയര്‍ന്നെങ്കിലും അനിഷ്ടസംഭവങ്ങള്‍ ഉണ്ടായില്ല.

ചന്ദ്രന്റെ അമ്മ കൃഷ്ണമ്മയെ മൃതദേഹം കാണിക്കാന്‍ കൊണ്ടുവന്നിരുന്നില്ല. കൃഷ്ണമ്മ, കാശി, ശാന്ത എന്നിവരെ കൊണ്ടുവരരുത് എന്ന് ബന്ധുക്കള്‍ നിബന്ധനവച്ചിരുന്നു.