തൃശൂര്‍ പൂരം പകര്‍പ്പവകാശ വിവാദം; വില്ലന്‍ ടെക്‌നോളജിയുടെ ‘കൃത്രിമ ബുദ്ധി’

തൃശൂര്‍ പൂരം മേളത്തിന്റെ പകര്‍പ്പവകാശത്തിന്റെ പേരില്‍ റസൂല്‍ പൂക്കുട്ടിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളും തുടര്‍ന്നുള്ള വിവാദങ്ങളും അനാവശ്യമായ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.

പൂരത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ‘ദി സൗണ്ട് സ്റ്റോറി’ എന്ന ചിത്രത്തിന്റെ റെക്കോര്‍ഡിങ് അതേ രീതിയില്‍ ഉപയോഗിക്കരുതെന്ന വ്യവസ്ഥയാണ് സോണി മുന്നോട്ടു വച്ചിരിക്കുന്നതെങ്കിലും ഇതിനെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ യൂട്യൂബ്, ഫേസ്ബുക് തുടങ്ങിയ സമൂഹ മാധ്യമങ്ങളുടെ സാങ്കേതിക സംവിധാനങ്ങള്‍ക്കാവില്ല.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ് (കൃത്രിമബുദ്ധി) ഉപയോഗിച്ചുള്ള ഇീിലേി േകഉ സംവിധാനത്തിന് പരിമിതികള്‍ ധാരാളമാണ്. അത് കൊണ്ടാണ് നേരത്തെ പെരുവനം കുട്ടന്‍ മാരാര്‍ ആറാട്ടുപുഴ പൂരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമില്‍ പോസ്റ്റ് ചെയ്തപ്പോഴും സമാനമായ അനുഭവം ഉണ്ടായത്.

ഇലഞ്ഞിത്തറ മേളത്തിനും പഞ്ചവാദ്യത്തിനും തൃശൂര്‍ ആയാലും തിരുവന്തപുരത്തായാലും താളത്തില്‍ വലിയ വ്യത്യാസം വരുന്നില്ല. കോടിക്കണക്കിന് വീഡിയോകളും ഓഡിയോയോകളും കൈകാര്യം ചെയ്യുന്ന ഇത്തരം സോഷ്യല്‍ മീഡിയകളെ സംബന്ധിച്ച് ഇതിനെയെല്ലാം വേര്‍തിരിച്ചു അറിയുവാനുള്ള പ്രായോഗിക സംവിധാനങ്ങള്‍ നിലവിലില്ലാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

അത് കൊണ്ട് തന്നെയാണ് വളര്‍ന്ന് വരുന്ന കുട്ടികള്‍ മത്സരങ്ങള്‍ക്കായി പാടുന്ന പാട്ടുകള്‍ പോലും പകര്‍പ്പവകാശത്തിന്റെ പേരില്‍ ചോദ്യം ചെയ്യപ്പെടുന്നത്.

സോണി ഗ്രൂപ്പിന് വിതരണാവകാശമുള്ള ‘ദ സൗണ്ട് സ്റ്റോറി’ എന്ന സിനിമയുടെ പകര്‍പ്പവകാശത്തെ ചോദ്യം ചെയ്യാനാവില്ല. എന്നാല്‍ യൂട്യൂബ് പോലുള്ള മീഡിയകള്‍ ഉപയോഗിച്ച് വരുന്ന നിലവിലെ സാങ്കേതിക സംവിധാനം പൂരം മേളങ്ങളുടെ കാര്യത്തില്‍ പ്രായോഗികമല്ലെന്നാണ് സാങ്കേതിക വിദഗ്ധരുടെയും അഭിപ്രായം.

അത് കൊണ്ടാണ് യൂട്യൂബ് ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ ഉപയോഗിക്കുന്ന റോബോട്ടിക് സാങ്കേതിക സംവിധാനത്തിന് തൃശൂര്‍ പൂരവും ആറാട്ടുപുഴ പൂരവും തിരിച്ചറിയാന്‍ കഴിയാതെ വരുന്നത്.

ഓണ്‍ലൈനിലൂടെ ഇലഞ്ഞിത്തറ മേളം പഠിക്കുവാനോ പഠിപ്പിക്കുവാനോ പോലും ഇത്തരം നിയന്ത്രണങ്ങള്‍ ഭാവിയില്‍ തടസ്സമായേക്കാം. സിനിമ പാട്ടുകളും നാടന്‍ പാട്ടുകളും നാടക ഗാനങ്ങളുമെല്ലാം ഇത്തരം പകര്‍പ്പവകാശ നിയന്ത്രണങ്ങളില്‍ നിരവധി ആശയക്കുഴപ്പമാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.

നിലവില്‍ കോപ്പി റൈറ്റ് ഇഷ്യു വരുന്നതോട് കൂടി വീഡിയോയിലൂടെ വരുന്ന വരുമാനം പോലും ഇല്ലാതെയാവുകയാണെന്നും കേരളത്തിലെ ആഘോഷങ്ങളുടെയും സാംസ്‌കാരിക പരിപാടികളുടെയും ഭാഗമായ വാദ്യമേളങ്ങളെ പകര്‍പ്പവകാശത്തിന്റെ പരിധിയില്‍ ഒതുക്കുന്നതിനെയും നിരവധി പേരാണ് ചോദ്യം ചെയ്യുന്നത്.

തൃശ്ശൂര്‍ പൂരത്തിന്റെ കോപ്പിറൈറ്റ് അവകാശവുമായി ബന്ധപ്പെട്ട വിവാദത്തില്‍ റസൂല്‍ പൂക്കുട്ടിയെ പോലൊരു സാങ്കേതിക വിദഗ്ധനെ അനാവശ്യമായാണ് വലിച്ചിഴച്ചതെന്നും ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.

ഇതിന് പൂരം എന്ന സാംസ്‌കാരിക ഉത്സവവുമായി യാതൊരു ബന്ധമില്ലെന്നും ദി സൗണ്ട് സ്റ്റോറി എന്ന ചിത്രത്തിലെ ആല്‍ബം മാത്രമാണ് പകര്‍പ്പവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതെന്നും മുംബൈയിലെ സോണി ഗ്രൂപ്പ് വിശദീകരണം നല്‍കി. എന്നാല്‍ യൂട്യൂബില്‍ വരുമാനം തേടുന്ന സാധാരണക്കാരടക്കമുള്ളവര്‍ക്ക് പകര്‍പ്പവകാശം വിനയാകും.

യൂട്യൂബിന്റെ യാന്ത്രികമായ തിരച്ചിലില്‍ കണ്ടെത്തുന്ന സമാനമായ താളങ്ങളും, ടാഗ് ചെയ്ത പൂരം, ഇലഞ്ഞിത്തറമേളം, പഞ്ചവാദ്യം തായമ്പക, പഞ്ചാരി മേളം തുടങ്ങിയ വാക്കുകളും ഉപയോക്താക്കളെ വേട്ടയാടും.

ഈ വിഭാഗത്തിലുള്ള വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കെല്ലാം യൂട്യൂബിന്റെ വിശദീകരണം തേടിയുള്ള മുന്നറിയിപ്പും ലഭിക്കുന്നതോടെ സാങ്കേതിക തകരാറിന്റെ ബലിയാടുകളാകുന്നവരുടെ എണ്ണം വര്‍ദ്ധിക്കും. നാളെ മേളക്കാരും റോയല്‍റ്റി അവകാശപ്പെട്ട് മുന്നോട്ട് വരുവാന്‍ ഈ ചര്‍ച്ച വഴി വച്ചേക്കും.

ഈ സാങ്കേതികപ്രശ്‌നത്തില്‍ പരിഹാരം തേടേണ്ടത് യൂട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ കുത്തകകള്‍ തന്നെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here