കൊച്ചി: മുന്‍പത്രപ്രവര്‍ത്തകനും സാമൂഹികചിന്തകനും എഴുത്തുകാരനുമായ പി കെ ശിവദാസ് (ശിവദാസ് പുതിയകോവിലകം) അന്തരിച്ചു.

എറണാകുളത്ത് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ശിവദാസ് മുഖ്യപ്രണേതാവായി രൂപം നല്‍കിയ ജനാവിഷ്‌കാര ( (janaavishkaara.in)യുടെ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരിക്കെയാണ് അന്ത്യം സംഭവിച്ചത്.

കനിവ് ചാരിറ്റബിള്‍ സൊസെറ്റി സ്ഥാപക അംഗവും രക്ഷാധികാരിയുമായിരുന്നു അദ്ദേഹം.ഒറ്റപ്പാലം താലൂക്കിലെ മടങ്ങര്‍ളി മനയ്ക്കല്‍ വിഷ്ണു നമ്പൂതിരിയുടെയും കോഴിക്കോട് സാമൂതിരി കോവിലകം തിരുവണ്ണൂര്‍ ശാഖയിലെ ശ്രീദേവിത്തമ്പുരാട്ടിയുടെയും മകനായി 1960 മാര്‍ച്ച് 16 ന് കോഴിക്കോട്ട് ജനിച്ചു.

കോഴിക്കോട് സെയ്ന്റ് ജോസഫ്സ് ബോയ്സ് ഹൈസ്‌കൂള്‍, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ്, പട്ടാമ്പി ഗവ. സംസ്‌കൃത കോളേജ്, ഒറ്റപ്പാലം എന്‍ എസ് എസ് കോളേജ്, ബറോഡ എം എസ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായി ഔപചാരിക വിദ്യാഭ്യാസം.

25 വയസുമുതല്‍ 15 വര്‍ഷത്തോളം ഫ്രീപ്രസ് ജേര്‍ണല്‍ (മുംബൈ), ടൈംസ് ഒഫ് ഡെക്കാന്‍ (ബാംഗ്ലൂര്‍), ന്യൂസ് ടുഡെ (ചെന്നൈ), ഇന്ത്യന്‍ കമ്യൂണിക്കേറ്റര്‍ (കൊച്ചി), ഇന്ത്യന്‍ എക്സ്പ്രസ് (അഹമ്മദാബാദ്, ബറോഡ, ചണ്ഡിഗഢ്), ചിന്ത പബ്ലിഷേഴ്സ് (തിരുവനന്തപുരം), കേരളശാസ്ത്ര സാഹിത്യപരിഷത്ത് (തിരുവനന്തപുരം), പുസ്തക പ്രസാധകസംഘം (മാങ്ങാനം) എന്നീ സ്ഥാപനങ്ങള്‍ക്കുവേണ്ടി പത്രപ്രവര്‍ത്തകന്‍, വിവര്‍ത്തകന്‍, രേഖാ ചിത്രകാരന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു.

ആര്‍തര്‍ സി ക്ലര്‍ക്, ഐസക് എസിമോവ്, റിച്ചാര്‍ഡ് ബ്ലോഹ് തുടങ്ങിയ പ്രഗത്ഭരുടെ ശാസ്ത്രകഥകളുടെ വിവര്‍ത്തനം, ഇ എം എസ് നമ്പൂതിരിപ്പാടിന്റെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രം (മൂന്നാം വാല്യം) ഇംഗ്ലീഷ് വിവര്‍ത്തനം, വൈശാഖന്റെ ബൊമ്മിഡിപ്പുണ്ടിയിലെ പാലം എന്ന ചെറുനോവലിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം, ഡി ഡി കൊസാംബി,റെനെ ദ്യൂബോ, ബാര്‍ബറാ വാര്‍ഡ് ഗോര്‍ഡന്‍ ചൈല്‍ഡ് , പൗലോ ഫ്രയര്‍, റൊമില ഥാപ്പര്‍,, ബിപന്‍ ചന്ദ്ര, എറിക് ഹോബ്‌സ്ബാം, രാമചന്ദ്രഗുഹ എന്നിങ്ങനെ നിരവധി പ്രശസ്ത വ്യക്തികളുടെ കൃതികളുടെ മലയാള വിവര്‍ത്തനവും ഡോ. എം പി പരമേശ്വരന്റെ പ്രപഞ്ചരേഖ എന്ന വിജ്ഞാനഗ്രന്ഥത്തിലെ ചിത്രീകരണവും പികെ ശിവദാസ് ചെയ്തിട്ടുണ്ട്

ദൂരദര്‍ശന്‍, സി ഡിറ്റ് എന്നിവയ്ക്കുവേണ്ടി വാര്‍ത്താചിത്രങ്ങള്‍ക്ക് ഗവേഷണവും തിരക്കഥാരചനയും സംവിധാനവും നിര്‍വഹിച്ചു. പി കെ ശിവദാസിന്റെ ഒരു പതിറ്റാണ്ട് നീണ്ട പരിശ്രമ ഫലമാണ് മലയാളത്തിലെതന്നെ ആദ്യത്തെ ഈ റിവേഴ്സ് ഡിക്ഷണറി.
പത്‌നി: രമ, മക്കള്‍: ഐശ്വര്യ, അനശ്വര.