കൊല്ലത്ത് മൃതദേഹം സംസ്കരിക്കാൻ അനുവദിക്കാത്ത സംഭവത്തിൽ കൊല്ലം ഡിഎംഒ റിപ്പോർട്ട് സമർപ്പിച്ചു.ശ്മശാനം മൂലം കുടിവെള്ള സ്ത്രോതസ് മലിനമാവില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. കൊല്ലം എഡിഎമിനാണ് വിശദ റിപ്പോർട്ട് നൽകിയത്.

മൃതദേഹം സംസ്കരിക്കാൻ അനുവദിക്കാതെ അനാഥരവ് കാട്ടുന്നുവെന്ന കൈരളി ന്യൂസ് വാർത്ത പുറത്തുവിട്ടതിനെ തുടർന്നാണ് ജില്ലാ ഭരണകൂടം പ്രശ്നത്തിൽ ഇടപെട്ടതും ജില്ലാ മെഡിക്കൽ ഓഫീസറോട് റിപ്പോർട്ട് ആവശ്യപ്പെട്ടതും.

ഏലൂർകുടിവെള്ള പദ്ധതിയെ ബാധിക്കുന്നതൊ സെമിത്തേരിക്കു സമീപത്തെ കുടിവെള്ള സ്ത്രേതസിനെ ബാധിക്കുന്നതൊആയ മാലിന്യം കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് ഡിഎംഒയുടെ റിപ്പോർട്ട്.

ഏലൂർ ചിറയുമായി സെമിത്തേരിക്ക് 200 മീറ്റർ ദൂരമുണ്ടെന്നും വെള്ളം മലിനമാകാൻ സാധ്യതയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

സെമിത്തേരിയുടെ 50 മീറ്ററിനുള്ളിൽ വാസയോഗ്യമായ വീടുകൾ ഇല്ലെന്നും ആരോഗ്യവകുപ്പ് ടെക്നിക്കൽ അസിസ്റ്റന്റ് അന്വേഷണം നടത്തി നൽകിയ റിപ്പാർട്ടിൽ ചൂണ്ടികാട്ടി.

ജെറുസലേം പള്ളിയുടെ 14 അര സെന്റ് സ്ഥലത്തും സാൽവേഷൻ ആർമിയുടെ 1ഏക്കർ സ്ഥലത്തും 60 വർഷമായി സെമിത്തേരി പ്രവർത്തിച്ചുവരുന്നു. സമീപ വാസികളുടെ പരാതിയും ലഭിച്ചിട്ടില്ല.

അതേ സമയം സെമിത്തേരിക്ക് പഞ്ചായത്തിന്റെ പ്രവർത്തനാനുമതി ഇല്ലെന്നും ശ്മശാനം മതിൽകെട്ടി സംരക്ഷിട്ടില്ലെന്നും,ശ്മശാനത്തിനാവശ്യമായ അടിസ്ഥാന സൗകര്യം സജ്ജീകരിച്ചിട്ടില്ലെന്നും ഡിഎംഒ റിപ്പോർട്ട് ചെയ്തു.

സംസ്കരിക്കാൻ കഴിയാതെ കഴിഞ്ഞ മൂന്നു ദിവസമായി അന്നമ്മയുടെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് ജില്ലാ കളക്ടറാണിനി അന്തിമ തീരുമാനം കൈകൊള്ളേണ്ടത്.