തിരുവനന്തപുരം: കേരള അടിസ്ഥാനസൗകര്യ വികസന ബോർഡിന്റെ (-കിഫ‌്ബി) മസാല ബോണ്ട‌് ലണ്ടൻ എക‌്സ‌്ചേഞ്ചിൽ (എൽഎസ‌്ഇ) വെള്ളിയാഴ‌്ച ഔദ്യോഗികമായി ലിസ്‌റ്റ‌് ചെയ്യും.

ഇതിനുമുന്നോടിയായുള്ള വിപണി തുറക്കൽ ചടങ്ങ‌് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ‌്ഘാടനംചെയ്യും. ലണ്ടൻ സ‌്റ്റോക്ക‌് എക‌്സ‌്ചേഞ്ചിൽ ഇന്ത്യൻ സമയം പകൽ 12.30ന‌് (പ്രാദേശിക സമയം രാവിലെ എട്ട‌്) മണിമുഴക്കിയാണ‌് മുഖ്യമന്ത്രി ഓഹരി വിപണി തുറക്കുക. ധനമന്ത്രി ടി എം തോമസ‌് ഐസക‌്, ചീഫ‌് സെക്രട്ടറി ടോം ജോസ‌് തുടങ്ങിയവരും പങ്കെടുക്കും.

ഇതാദ്യമായാണ‌് ഏതെങ്കിലുമൊരു സംസ്ഥാന സർക്കാർ ഇറക്കുന്ന ബോണ്ട് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെടുന്നതും ഉദ‌്ഘാടനചടങ്ങ‌് നടത്തുന്നതും.

കേരളത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിന്റെ നെടുംതൂണായ കിഫ‌്ബി മസാല ബോണ്ട‌് വിൽപ്പനയിലൂടെ 2150 കോടി രൂപയാണ‌് ഇതിനകം സമാഹരിച്ചത‌്.

ലണ്ടൻ സ‌്റ്റോക്ക‌് എക‌്സ‌്ചേഞ്ചിലെ ചടങ്ങിനുപിന്നാലെ മോണ്ട‌്കാം റോയൽ ലണ്ടൻ ഹൗസ‌് ഹോട്ടലിൽ ഇന്ത്യൻ സമയം രാത്രി 7.30ന‌് (പ്രാദേശിക സമയം ഉച്ചകഴിഞ്ഞ‌് മൂന്നിന്) മുഖ്യമന്ത്രി പിണറായി വിജയൻ കെഎസ‌്എഫ‌്ഇയുടെ യൂറോപ്യൻ പ്രവാസി ചിട്ടി ഉദ‌്ഘാടനംചെയ്യും.