കോട്ടയത്ത് നിര്‍ദ്ദിഷ്ട മൊബിലിറ്റി ഹബ്ബിനായി യുഡിഎഫ് സർക്കാർ നികത്താനിരുന്ന പാടശേഖരം വീണ്ടും കൃഷി ഭൂമിയായപ്പോള്‍ നൂറുമേനി വിളവ്.

നഗരസഭാ പരിധിയിലെ മുപ്പായിക്കാട് പൂഴിക്കുന്ന് പാടശേഖരത്താണ് ജനകീയ കൂട്ടായ്മയില്‍ പൊന്ന് വിളഞ്ഞത്. 100 മേനി വിളഞ്ഞ പാടത്തെ വിളവെടുപ്പ് ഉത്സവമായി മാറി.

യു ഡി എഫ് ഭരണകാലത്ത് നിലം നികത്താന്‍ അനുമതി നല്‍കിയ മുപ്പായിക്കാട് പൂഴിക്കുന്ന് പാടശേഖരത്ത് മീനച്ചിലാർ മീനന്തരറയാര്‍ കൊടൂരാര്‍ പുനര്‍ സംയോജന പദ്ധതിയുടെ ഭാഗമായാണ് നെല്‍കൃഷി പുനര്‍ജ്ജനിച്ചത്.

ജനകീയ കൂട്ടായ്മയും കര്‍ഷകരും സംഘടിിച്ചപ്പോൾ ഇവിടെ രചിക്കപ്പെട്ടത് പുതിയൊരു കാര്‍ഷിക വിജയഗാഥയാണ്.

ഈരയില്‍ കടവ് ബൈപ്പാസിന് സമീപമുള്ള നിലം കാലങ്ങളായി ഇവിടം തരിശായി കിടക്കുകയായിരുന്നു. നിലമൊരുക്കല്‍ വൈകിയെങ്കിലും പ്രളയത്തിൽ വന്‍തോതില്‍ എക്കല്‍ മണ്ണ് പാടശേഖരത്ത് അടിഞ്ഞത് പ്രതിക്ഷിച്ചതിലും വിളവ് കൂടുതൽ ലഭിച്ചു.

നൂറ് മേനി വിളഞ്ഞതോടെ അടുത്ത കൊല്ലം കൂടുതലിടങ്ങളില്‍ ക്യഷി വ്യാപിപ്പിക്കാനാണ് ജനകീയ കൂട്ടായ്മയുടെ തീരുമാനമെന്ന് നദീ പുനര്‍സംയോജന പദ്ധതി കോ ഓഡിനേറ്റര്‍ അഡ്വ. കെ അനില്‍കുമാര്‍ പറഞ്ഞു.

ജനപങ്കാളിത്തത്തോടെയാണ് സമീപത്തെ മണിപ്പുഴ തോട് നവീകരിച്ചത്. ഒപ്പം കോട്ടയം നഗര സഭയും ജലവിഭവ വകുപ്പും കൈകോര്‍ത്തു. ഇതാണ് മുപ്പായിക്കാട് പൂഴിക്കുന്ന് പാടശേഖരത്ത് നൂറുമേനി വിളയുന്നതിന്ഞ്ഞ വഴിയൊരുക്കിയത് .

കൈരളി ന്യൂസ്
കോട്ടയം