മുസ്ലിങ്ങള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഇന്ത്യയില്‍ വര്‍ധിക്കുന്നു; ജനങ്ങള്‍ ജീവിക്കുന്നത് ഭയത്തോടെ: ബിബിസി റിപ്പോര്‍ട്ട്

ലണ്ടൻ: ഇന്ത്യയിലെ മുസ്ലിങ്ങൾ ജീവിക്കുന്നത‌് ഭയത്തോടെയാണെന്ന‌് അന്താരാഷ‌്ട്ര മാധ്യമമായ ബിബിസിയുടെ റിപ്പോർട്ട‌്. ഏതാനും വർഷമായി മുസ്ലിങ്ങൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വൻവർധനയാണ‌് രേഖപ്പെടുത്തിയിരിക്കുന്നത‌്.

മോഡി ഭരണത്തില്‍ ഇന്ത്യന്‍ ജനാധിപത്യം അപകടകരമാംവണ്ണം അസഹിഷ്ണുത നിറഞ്ഞതാണെന്നും റിപ്പോര്‍ട്ടിലുണ്ട്. അസമിലെ മുസ്ലിം വ്യാപാരിയായ ഷൗക്കത്ത‌് അലിയെ ആൾക്കുട്ടം മർദിച്ചത‌് ചുണ്ടിക്കാട്ടിയാണ‌് റിപ്പോർട്ട‌് തുടങ്ങുന്നത‌്.

ആ സംഭവം ഭീതിജനകമായിരുന്നുവെന്നും നിങ്ങൾ ബംഗ്ലാദേശിയാണോ‌‌, ബീഫ‌് വിൽക്കാറുണ്ടോയെന്നും ചോദിച്ചാണ‌് അവർ ഷൗക്കത്തിനെ ആക്രമിച്ചത‌്. ആയാളെ അവിടെനിന്ന‌് രക്ഷപ്പെടുത്തുന്നതിന‌ുപകരം അവിടെയുള്ളവർ ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു.

എന്റെ വിശ്വാസത്തിനെതിരെയുള്ള ആക്രമണം

പതിറ്റാണ്ടുകളായി ഷൗക്കത്ത‌് അദ്ദേഹത്തിന്റെ ചെറിയകടയിൽ പാകംചെയ‌്ത ബീഫ‌് വിറ്റിട്ടാണ‌് ഉപജീവനം നടത്തുന്നത‌്‌‌‌.

ഒരു ആക്രമണവും ഇതിന്റെ പേരിൽ നേരിടേണ്ടി വന്നിട്ടില്ല. ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ ബീഫ‌് വിൽക്കുന്നത‌് നിരോധിച്ചിട്ടുണ്ടെങ്കിലും അസമിൽ നിരോധനമില്ല. ഷൗക്കത്തിനെ അവർ ആക്രമിക്കുക മാത്രമല്ല ചെയ‌്തത‌്. അദ്ദേഹത്തെക്കൊണ്ട‌് അവർ പന്നിയിറച്ചി തീറ്റിക്കുകയും ചെയ‌്തു.

“അവർ വടി ഉപയോഗിച്ച‌് എന്നെ മർദിച്ചു. മുഖത്ത‌് ചവിട്ടി. ഇപ്പോൾ എനിക്ക‌് ജീവിക്കാൻ ഈ രാജ്യത്ത‌് യാതൊരു അവകാശവുമില്ല. എന്റെ വിശ്വാസത്തിനെതിരെയുള്ള ആക്രമണമായിരുന്നു അത‌്.

ഷൗക്കത്തിനെ സന്ദർശിച്ച ബിബിസി റിപ്പോർട്ടറോട‌് അദ്ദേഹം പറഞ്ഞു. ആക്രമണത്തെ തുടര്‍ന്ന് ജോലി വേണ്ടെന്നുവയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഷൗക്കത്ത്.

ഷൗക്കത്ത‌് അലി

ഹ്യൂമൻ റൈറ്റ‌്സ‌് വാച്ച‌് 2019 ഫെബ്രുവരിയിൽ പുറത്ത‌ുവിട്ട കണക്ക‌ുപ്രകാരം 2015 മെയ‌് മുതൽ 2018 ഡിസംബർവരെ ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിലായി 36 മുസ്ലിങ്ങളാണ‌് ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത‌്.

20 സംസ്ഥാനത്തിലായി നടന്ന നൂറോളം ആക്രമണങ്ങളിൽ 280 പേർക്ക‌് പരിക്കേറ്റു. ഐക്യരാഷ‌്ട്ര സഭയുടെ മനുഷ്യാവകാശ മേധാവി മിഷേൽ ബാഷ‌്ലെറ്റ‌് അവരുടെ വാർഷിക റിപ്പോർട്ടിൽ ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കെതിരെയും ദളിതുകൾക്കെതിരെയും വർധിച്ചുവരുന്ന ആക്രമണങ്ങളിൽ ഉൽക്കണ്‌ഠയുയർത്തുന്നുണ്ടെന്നും ബിബിസിയുടെ റിപ്പോർട്ടിൽ പറയുന്നു.

കഠ‌്‌വയിലെ പീഡനം, മുഹമ്മദ് അഖ്‌ലാഖ് വധം, അസമില്‍ പൗരത്വ രജിസ്റ്റര്‍ ഇല്ലാത്ത മുസ്ലിങ്ങളെ രാജ്യത്തുനിന്ന് പുറത്താക്കുമെന്ന പ്രഖ്യാപനം തുടങ്ങിയ സംഭവങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമർശിക്കുന്നുണ്ട‌്. ബിബിസിയുടെ ലേഖിക രജിനി വൈദ്യനാഥനാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News