മ്യൂസിയങ്ങൾ; അറിവിന്റെ അക്ഷയഖനികൾ

ഒരു സമൂഹത്തിന്റെ ചരിത്രബോധവും സാംസ‌്കാരിക പൈതൃകത്തിന്റെ പ്രബുദ്ധതയും പ്രോജ്വലിപ്പിക്കുന്നതാണ് മ്യൂസിയങ്ങൾ. അവ ഒരു കാലഘട്ടത്തിന്റെ ധാർമിക–സാംസ‌്കാരിക പാരമ്പര്യമുൾക്കൊള്ളുന്ന ചൈതന്യത്തിന്റെ ഭൂതകാല സാക്ഷ്യങ്ങൾ കൂടിയാണ്.

പതിനേഴാം നൂറ്റാണ്ടിൽ രൂപംകൊണ്ട മ്യൂസിയം സങ്കൽപ്പം ഇന്ന് ലോകത്തിലെ ഏറ്റവും ശക്തമായ ഒരു പ്രസ്ഥാനമായി മാറിയിരിക്കുന്നു. അറിവുകൾ ഏറ്റവും സത്യസന്ധമായി അനുഭവവേദ്യമാകുന്ന മ്യൂസിയങ്ങൾ വർത്തമാനകാലത്തെ ഏറ്റവും ശക്തമായ ബോധന മാധ്യമം കൂടിയാണ്.

ഉദ്ഖനനങ്ങളിലൂടെ, പര്യവേക്ഷണങ്ങളിലൂടെ, മറ്റ് പഠനഗവേഷണങ്ങളിലൂടെ കണ്ടെത്തുന്ന പൈതൃക വസ‌്തുക്കൾ ശാസ്ത്രീയമായി സംരക്ഷിച്ച് പഠനങ്ങൾക്ക് വിധേയമാക്കി ഗ്യാലറികളിൽ പ്രദർശിപ്പിക്കുമ്പോൾ നമ്മുടെ പൂർവകാലചരിത്രം, സാംസ‌്കാരിക പാരമ്പര്യം എന്നിവ സന്ദർശക മനസ്സുകളിലേക്ക് സംക്രമിക്കപ്പെടുന്നു.

ഇന്ന് മെയ് 18, അന്താരാഷ്ട്ര മ്യൂസിയം ദിനം- മ്യൂസിയങ്ങളുടെ അന്തർദേശീയ സംഘടനയായ ഐസിഒഎം 1997 മുതൽ ഈ ദിനാചരണം നടത്തിവരുന്നു. ഓരോ വർഷവും ഓരോ പുതിയ പ്രമേയങ്ങൾ ഇതിന്റെ ഭാഗമായി ചർച്ച ചെയ്യപ്പെടാറുണ്ട്. ഇത്തവണ മ്യൂസിയങ്ങളുടെ സാംസ‌്കാരിക മൂല്യത്തിനാണ് പ്രാധാന്യം നൽകിയിട്ടുള്ളത‌്.

മ്യൂസിയങ്ങൾ സാംസ‌്കാരിക കേന്ദ്രങ്ങളായി മാറുമ്പോൾതന്നെ നമ്മുടെ പൈതൃകചിഹ്നങ്ങളുടെ പ്രദർശനാലയവുമാണ്. മ്യൂസിയങ്ങൾ ഒരു സമൂഹത്തിന്റെ അനുസൃതമായ വളർച്ചാഘട്ടങ്ങളെ സത്യസന്ധമായും ആധികാരികമായും അടയാളപ്പെടുത്തുന്ന സുപ്രധാനമായ പ്രമാണങ്ങൾ ഉൾക്കൊള്ളുന്ന പഠനാലയങ്ങളായി മാറുന്നു.

നമ്മുടെ സംഭാവനകൾ വിലപ്പെട്ടതാണ്

ഇന്ത്യയിലെ മ്യൂസിയം പ്രവർത്തനങ്ങൾക്ക് ഒന്നര നൂറ്റാണ്ടിന്റെ പഴക്കമേയുള്ളവെങ്കിലും ഈ മേഖലയിൽ നമ്മുടെ സംഭാവനകൾ വിലപ്പെട്ടതാണ്. ഇന്ത്യയിലെ ആദ്യകാല മ്യൂസിയങ്ങളിൽ നാലാമത്തേത് കേരളത്തിലാണെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അന്ന് സമാരംഭിച്ച സ്ഥാപനം ‘നാപ്പിയർ മ്യൂസിയം’ കേരളത്തിന്റെ മ്യൂസിയം പരമ്പരയിലെ മുത്തശ്ശിയായി തലസ്ഥാന നഗരിയുടെ പ്രൗഢിക്ക് മാറ്റുകൂട്ടി നിലകൊള്ളുന്നു.

പോയകാലങ്ങളിൽ ലോക മ്യൂസിയം രംഗത്ത് വന്നുചേർന്ന പരിവർത്തനങ്ങൾ നിരവധിയാണ‌്. പ്രദർശന വസ‌്തുക്കളുടെ കേവലമായ സംഗ്രഹാലയം എന്നനിലയിൽനിന്ന‌് ആധുനിക മ്യൂസിയങ്ങൾ പാടേ മാറി. ഒരു സമൂഹത്തിന്റെ, ജനതയുടെ പൈതൃകത്തെക്കുറിച്ച് അറിയാനാണ് ചരിത്രം പഠിക്കുന്നതെങ്കിൽ, അത്തരം ചരിത്ര വസ‌്തുതകൾക്ക‌് സത്യസന്ധമായ സാക്ഷ്യപത്രങ്ങളാണ് പുരാവസ‌്തുക്കളും പൈതൃകശേഷിപ്പുകളും.

ഈ ചിഹ്നങ്ങൾ സംരക്ഷിച്ച് വരുംതലമുറക്ക് പഠിക്കാനും ഗവേഷണവിധേയമാക്കാനും കഴിയുന്ന രീതിയിൽ പ്രദർശിപ്പിക്കുക എന്ന ദൗത്യമാണ് മ്യൂസിയങ്ങൾ നിർവഹിച്ചുപോരുന്നത്. അപ്രകാരം ചരിത്രവും പൈതൃകവും മ്യൂസിയങ്ങളും പരസ‌്പരപൂരകങ്ങളാണെന്നർഥം. മ്യൂസിയം എന്ന മാധ്യമത്തിന്റെ പ്രാധാന്യവും അതുതന്നെ.നമ്മുടെ മ്യൂസിയങ്ങളും വളരുകയാണ്, വൈവിധ്യത്തിലും വൈപുല്യത്തിലുമെല്ലാം ആധുനിക സാങ്കേതികത്തികവോടെ ഗ്യാലറികൾ ‘ഇന്ററാക്ടീവ്’ ആകുമ്പോൾ സന്ദർശകനും അവിഭാജ്യ ഘടകമായി മാറുന്നു.

സമൂഹത്തിൽ മ്യൂസിയങ്ങൾ ഏറ്റെടുക്കേണ്ട പുതിയ ചുമതലകളിലാണ് ഈവർഷത്തെ ലോക മ്യൂസിയം ദിനം ഊന്നൽ നൽകുന്നത‌്. ആഗോളവൽക്കരണത്തിന്റെകൂടി ഭാഗമായി പ്രാദേശിക സമൂഹങ്ങളുടെപോലും ആവശ്യങ്ങളും ദർശനങ്ങളും ആഗോളതലത്തിൽത്തന്നെ ചർച്ച ചെയ്യപ്പെടുന്നു. അതിനുള്ള വേദിയും ഉപാധിയുമായി മ്യൂസിയങ്ങൾ രൂപപ്പെടുന്നു. വിവിധ സമൂഹങ്ങൾക്കിടയിൽ സാംസ‌്കാരിക വിനിമയത്തിനു മാത്രമല്ല, അവയ‌്ക്കിടയിൽ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും ശക്തമായ സന്ദേശവാഹകരായി മാറാനും മ്യൂസിയങ്ങൾക്ക് കഴിയുന്നു.

മ്യൂസിയം രംഗത്തുണ്ടാകുന്ന നൂതന ആശയങ്ങളുടെയും വികസന സങ്കൽപ്പങ്ങളുടെയും ചുവടുപിടിച്ച് നമ്മുടെ സംസ്ഥാനത്തും അടുത്തകാലത്ത് ഈ രംഗത്ത് ഒരു പുത്തനുണർവ‌് സൃഷ്ടിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്. പരമ്പരാഗത മ്യൂസിയം സങ്കൽപ്പങ്ങളെ മാറ്റി അവയെ ആധുനിക രീതിയിൽ ‘തീമാറ്റിക്ക് ഇന്ററാക്ടീവ് ’ രൂപത്തിലേക്ക് പരിവർത്തനപ്പെടുത്താനുള്ള ഇടപെടലുകളാണ് നാം നടത്തിക്കൊണ്ടിരിക്കുന്നത്.

ഇതിനായി സംസ്ഥാന സർക്കാർ ‘ഇന്ററാക്ടീവ് മ്യൂസിയം ഓഫ് കൾച്ചറൽ ഹിസ്റ്ററി ഓഫ് കേരള (കേരളം മ്യൂസിയം)’ എന്ന ഒരു പ്രത്യേക സ്ഥാപനത്തിനുതന്നെ രൂപം നൽകിയിട്ടുണ്ട്. മ്യൂസിയം രംഗത്ത് സർക്കാരിന്റെ നോഡൽ ഏജൻസിയായി ഈ സ്ഥാപനം പ്രവർത്തിച്ചുവരുന്നു.

ഈ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ പുതിയ വിഷയങ്ങളും പുത്തൻ സങ്കേതങ്ങളും ഉൾക്കൊള്ളുന്ന നാനാതരത്തിലുള്ള മ്യൂസിയങ്ങൾ സംസ്ഥാനത്തുടനീളം രൂപം കൊള്ളുകയാണ്. നിലവിൽ പുരാവസ‌്തു, പുരാരേഖ, മ്യൂസിയം വകുപ്പുകൾക്കു പുറമെ വിവിധ സർക്കാർ വകുപ്പുകളും സാംസ‌്കാരിക സ്ഥാപനങ്ങളും മ്യൂസിയങ്ങൾ സ്ഥാപിച്ചുവരുന്നു.

ജില്ലകൾതോറും പൈതൃക മ്യൂസിയങ്ങൾ

കണ്ണൂരിലെ തെയ്യം മ്യൂസിയം, കൈത്തറി മ്യൂസിയം, വൈക്കം സത്യഗ്രഹ മ്യൂസിയം, പയ്യന്നൂരിൽ ഗാന്ധിസ‌്മൃതി മ്യൂസിയം, പെരളശ്ശേരിയിൽ എ കെ ജി സ‌്മൃതി മ്യൂസിയം, കണ്ണൂർ ചെമ്പന്തൊട്ടിയിൽ ബിഷപ് വള്ളാപ്പള്ളി പിതാവിന്റെ സ്മാരക കുടിയേറ്റ മ്യൂസിയം, വയനാട്ടിലെ കുങ്കിച്ചിറ മ്യൂസിയം തുടങ്ങിയവ അതിൽ ചിലതുമാത്രം. ഈവർഷത്തെ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള നവോഥാന മ്യൂസിയവും ഈ ശൃംഖലയിൽപ്പെടുന്നു.

പുരാവസ‌്തു സംരക്ഷിത സ‌്മാരകമായ കണ്ണൂർ അറയ‌്ക്കൽ രാജകുടുംബത്തിന്റെ കൊട്ടാരം പരിരക്ഷണ പദ്ധതികൾ വകുപ്പിന്റെ പരിഗണനയിലാണ്. നമ്മുടെ നാടിന്റെ സാംസ‌്കാരിക പൈതൃകം അടയാളപ്പെടുത്തുന്നതോടൊപ്പം വരുംതലമുറയ‌്ക്ക് അക്കാര്യത്തിൽ അവബോധം സൃഷ്ടിക്കാനും കഴിയുന്നരീതിയിൽ ജില്ലകൾതോറും പൈതൃക മ്യൂസിയങ്ങൾ സ്ഥാപിക്കുന്ന പദ്ധതിയും നടപ്പാക്കിവരുന്നു.

തിരുവനന്തപുരത്തുള്ള ശ്രീചിത്ര ആർട്ട് ഗ്യാലറിയിലെ അമൂല്യങ്ങളായ രവിവർമ ചിത്രങ്ങൾ ശാസ്ത്രീയമായി സംരക്ഷിക്കാനും ഗ്യാലറി നവീകരിക്കാനും നടപടി സ്വീകരിച്ചു. നാച്വറൽ ഹിസ്റ്ററി മ്യൂസിയം ആധുനികമായ സാങ്കേതികത്തികവോടെ നവീകരിക്കപ്പെടുകയാണ്.

ലോകത്തിലെ അപൂർവവും അത്ഭുതകരവുമായ ഒരു കോടിയിലേറെ താളിയോലകളുടെ ശേഖരമാണ് സംസ്ഥാന ആർക്കൈവ്സിലുള്ളത്. ഈ അമൂല്യശേഖരത്തെ പഠന ഗവേഷണങ്ങൾക്കുകൂടി ഉപയുക്തമാക്കുമാറ് കാര്യവട്ടം ക്യാമ്പസിൽ അന്തർദേശീയ നിലവാരമുള്ള ഒരു മ്യൂസിയവും പഠന ഗവേഷണ കേന്ദ്രവും സ്ഥാപിക്കാൻ പദ്ധതിയുണ്ട്.

അങ്ങനെ വിവിധ സമൂഹങ്ങൾക്കിടയിൽ, സജീവവും ക്രിയാത്മകവുമായ സാംസ‌്കാരിക വിനിമയവും പൈതൃക അവബോധവും സാംസ‌്കാരിക മൂല്യങ്ങളും പകർന്നുനൽകി, അവയ‌്ക്കിടയിൽ സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും സമാധാനത്തിന്റെയും ശക്തമായ സന്ദേശവാഹകരായി പ്രവർത്തിക്കാൻ കഴിയുംവിധം നമ്മുടെ മ്യൂസിയങ്ങളെ പുനഃസംവിധാനം ചെയ‌്തുകൊണ്ട‌് സംസ്ഥാനം വൈവിധ്യമാർന്ന മ്യൂസിയങ്ങളുടെ ഒരു സമുച്ചയമായി മാറുന്നത് ഒരു ചരിത്രനിർവഹണത്തിന്റെ കർമസാക്ഷ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News