തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ തലസ്ഥാനത്തെ ജൂവലറി മാനേജരായ ഹക്കീമിന്റെ വീട്ടില്‍ റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി.

സ്വര്‍ണകടത്ത് കേസില്‍ സംശയം ഉളളവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച വിവരത്തെ തുടര്‍ന്നാണ് ഹക്കീമിന്റെ മലപ്പുറത്തെയും തിരുവനന്തപുരത്തെയും വസതികള്‍ ഡിആര്‍ഐ റെയ്ഡ് ചെയ്തത്. മലപ്പുറം സ്വദേശിയായ ഹക്കീം ഒളിവിലാണ്.

തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയതിന് പിടിയിലായ പ്രതികള്‍ ഹക്കീമിന് വേണ്ടിയാണ് സ്വര്‍ണം കൊണ്ട് വന്നതെന്നാണ് ഡിആര്‍ഐ കരുതുന്നത്. കേസിലെ മുഖ്യ പ്രതിയായ കഴക്കൂട്ടം സ്വദേശിയായ അഭിഭാഷകന്‍ ബിജു ഇപ്പോഴും ഒളിവിലാണ്.

ഡിആര്‍ഐ നാല് സംഘമായി തിരിഞ്ഞ് ദുബായിലും, തിരുവനന്തപുരത്തും, മലപ്പുറത്തും, കോഴിക്കോടും കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. കേസില്‍ കൂടുതല്‍ റെയ്ഡുകള്‍ ഉണ്ടാവുമെന്നാണ് ഡിആര്‍ഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.