മുഖ്യമന്ത്രിയുടെ യൂറോപ്യൻ സന്ദർശനം, യുവതലമുറയ്ക്ക് പ്രതീക്ഷ നൽകുന്നത്: ഡിവൈഎഫ്ഐ

കേരളത്തിലെ യുവതയുടെ തൊഴിൽ സ്വപ്നങ്ങൾക്ക് ചിറകുനൽകുന്നതാണ് മുഖ്യമന്ത്രിയുടെ യൂറോപ്യൻ പര്യടനമെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ യൂറോപ്യൻ പര്യടനം പ്രളയത്തിൽ തകർന്ന കേരളത്തിന്റെ പുനർനിർമ്മാണത്തിനും ഭാവി വികസനത്തിനും തൊഴിൽ സാധ്യതകൾക്കും ഏറെ പ്രതീക്ഷ നൽകുന്നതാണ്.

കേരളത്തിന്റെ ഭാവി പുരോഗതിക്കും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും പശ്ചാത്തല സൗകര്യവികസനം ഏറെ അത്യന്താപേക്ഷിതമാണ്. സംസ്ഥാന സർക്കാർ കിഫ്ബിയിലൂടെ നടത്തികൊണ്ടിരിക്കുന്ന ഈ ദൗത്യത്തിന് കൂടുതൽ വേഗത നൽകുന്നതാകും മസാല ബോണ്ട് വഴി പണം സമാഹരിക്കുന്നത്.

വിഭവ സമാഹരണത്തിന് നവീനമായ സാധ്യതകൾ തേടിയ ഇടതുപക്ഷ സർക്കാരിന്റെ വികസന കാഴ്ചപ്പാട് കേരളത്തിന്റെ വികസന ചരിത്രത്തിൽ പുതിയ അധ്യായമാകുമെന്നത് ഉറപ്പാണ്. സുസ്ഥിരവികസനത്തിലൂന്നിയ കേരളത്തിന്റെ പുനർനിർമ്മാണ ദൗത്യത്തിന് കരുത്തുപകരാൻ മുഖ്യമന്ത്രിയുടെ ഈ യാത്ര ഉപകരിച്ചു.

പ്രവാസി ചിട്ടിയിലൂടെയും വിഭവസമാഹരണമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ടൂറിസം രംഗത്ത് വലിയ നിക്ഷേപസാധ്യതകളാണ് വിവിധ ചർച്ചകളിലൂടെ തുറന്നിട്ടിരിക്കുന്നത്. ജല-കാർഷിക-സമുദ്രതല സംരംഭങ്ങളിൽ ഡച്ച് കമ്പനികളുടെ സഹായത്തോടെ വൻ കുതിച്ചുചാട്ടമാണ് കേരളം ലക്ഷ്യമിടുന്നത്. നെതർലാന്റ്‌സിൽ വ്യാവസായികളുടെയും തൊഴിൽദായകരുടെയും കോൺഫെഡറേഷൻ യോഗത്തിൽ പങ്കെടുത്ത് വ്യാവസായിക പ്രതിനിധികളുമായി ചർച്ച നടത്തി.

അവർ കേരളത്തിന്റെ വികസനത്തിൽ പങ്കാളികളാകാൻ താൽപര്യം അറിയിച്ചുകഴിഞ്ഞു. ഇന്ന് ഇന്ത്യയിൽ തൊഴിൽ നഷ്ടങ്ങളുടെ കണക്കുകൾ ഉയരുമ്പോൾ കേരളത്തിൽ തൊഴിലവസരങ്ങളുയർത്തി യുവജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുകയാണ് മുഖ്യമന്ത്രി. കൂടുതൽ നിക്ഷേപങ്ങളും കൂടുതൽ നൂതനമായ തൊഴിലവസരങ്ങളും സൃഷ്ടിക്കാനുള്ള പിണറായി സർക്കാരിന്റെ ശ്രമങ്ങൾക്ക് കൂടുതൽ ഊർജ്ജം നൽകുന്നതാണ് ഈ സന്ദർശനം.

ഭാവിതലമുറയ്ക്ക് കേരളത്തിൽ തന്നെ പരമാവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള ഇടതുപക്ഷ സർക്കാരിന്റെ ഈ ശ്രമങ്ങളെ ഡിവൈഎഫ്ഐ സ്വാഗതം ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News