ശരീരം തളർന്ന വീട്ടമ്മ, മാനസിക നില തെറ്റിയ മക്കള്‍; കൈത്താങ്ങ് തേടി മലയാളി കുടുംബം

വിധിയുടെ അവിചാരിതമായ വിളയാട്ടത്തിൽ മാനസികമായി തകർന്ന് ഒരു മലയാളി കുടുംബം ഒറ്റപ്പെട്ട ജീവിതവുമായി കഴിയുവാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ കിട്ടുന്നത് ഭക്ഷിച്ചു ദിവസങ്ങൾ തള്ളി നീക്കുകയാണ് ആരോരുമില്ലാത്ത ഈ നാലംഗ കുടുംബം. നാളെയെക്കുറിച്ചുള്ള പ്രതീക്ഷകൾ എല്ലാം അസ്തമിച്ച ഈ കുടുംബത്തിന്റെ ഏക ആശ്രയം വാർധക്യസഹജമായ ശാരീരിക പ്രശ്നങ്ങൾ അലട്ടിക്കൊണ്ടിരിക്കുന്ന ഗൃഹനാഥൻ ഗോപിനാഥൻ മാത്രമാണ്.

മുളുണ്ടിൽ നല്ല രീതിയിൽ ജീവിച്ചുകൊണ്ടിരുന്ന ഗോപിനാഥന്റെ ബിസിനസ് തകർന്നതോടെയാണ് ബാധ്യതകൾ തീർക്കാനായി സമ്പാദ്യമെല്ലാം കൈവിട്ടു പോയത്. സുഖവും സന്തോഷവും നിറഞ്ഞ ജീവിതത്തിൽ നിന്നും കടക്കെണിയിലേക്കുള്ള കൂപ്പുകുത്തൽ ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന ആ കുടുംബത്തിന് താങ്ങാവുന്നതിനും അപ്പുറമായിരുന്നു.

കൈവിട്ടു പോയ സൗഭാഗ്യത്തിന്റെ ആഘാതത്തിൽ നിന്നും മോചിതരാകാതെ ശരീരം തളർന്ന ഭാര്യയും വിഷാദരോഗം ബാധിച്ച രണ്ടു മക്കളുമായി ഗോപിനാഥൻ നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങി കൂടിയിട്ട് വർഷങ്ങളായി. കണ്ണൂർ ജില്ലയിലെ കല്യാശ്ശേരിയാണ് ഗോപിനാഥന്റെ സ്വദേശം.

പുണെയിലെ ഒരു സുഹൃത്ത് വഴിയാണ് ദുസ്സഹ ജീവിതം നയിക്കുന്ന ഈ മലയാളി കുടുംബത്തെ കുറിച്ച് ഡോംബിവ്‌ലിയിൽ വസിക്കുന്ന നടനും സാമൂഹിക പ്രവർത്തകനുമായ ജനാർദ്ദനൻ അറിയുന്നത്. ജനാർദ്ദനനും പുലരി എന്ന കൂട്ടായ്മയിലെ കുറച്ചു സുഹൃത്തുക്കളും ചേർന്ന് ഇവരുടെ ഡോംബിവലിയിലെ താമസസ്ഥലത്തെത്തി കണ്ടെത്തുമ്പോഴുള്ള സ്ഥിതി വളരെ ദയനീയമായിരുന്നു.

പുലരിയിലെ അംഗങ്ങൾ ചേർന്ന് പെട്ടെന്ന് സമാഹരിച്ച തുകയിൽ നിന്നാണ് അവർക്കാവാശ്യമായ വസ്ത്രങ്ങളും ഭക്ഷണസാധനങ്ങളുമെല്ലാം എത്തിച്ചത്. കിടപ്പിലായിരുന്നു വീട്ടമ്മയെ ആമ്പുലൻസിൽ അടുത്തുള്ള ഹോസ്പിറ്റലിലെത്തിച്ചു പ്രാഥമിക ചികിത്സയും നൽകി. വൃത്തിഹീനമായി ദുർഗന്ധം വമിക്കുന്ന വീട് മുഴുവനും വൃത്തിയാക്കി താമസയോഗ്യമാക്കിയത് ജനാർദ്ദനനും സുരേഷും സുബാഷ് കുമാറും രാജേഷുമടങ്ങുന്ന പന്ത്രണ്ടംഗ സംഘമാണ്. ശരീരം തളർന്ന വീട്ടമ്മയെയും മാനസിക നില തെറ്റിയ മക്കളെയും സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരണമെങ്കിൽ വിദഗ്ധ ചികിത്സ വേണ്ടി വരും.

ഡോംബിവ്‌ലിയിലേക്ക് ചേക്കേറുന്നതിന് മുൻപ് മുളുണ്ടിയിലായിരുന്നു ഇവരെല്ലാം താമസിച്ചിരുന്നത്. അന്ന് ഗോപിനാഥന് സ്വന്തമായി മെഡിക്കൽ ഷോപ്പ് ഉണ്ടായിരുന്നു. നല്ല നിലയിൽ നടത്തി വരികയായിരുന്ന മെഡിക്കൽ ഷോപ്പ് കൂടാതെ ഇതിനോടൊപ്പം ഒരു ചിട്ടിക്കമ്പനിയും തുടങ്ങിയതോടെയാണ് ഗോപിനാഥന്റെ ശനിദശ ആരംഭിക്കുന്നത്. ചിട്ടിക്കമ്പനിയിലെ സാമ്പത്തിക ഇടപാടുകൾ ഗോപിനാഥന്റെ ബാലൻസ് ഷീറ്റ് തന്നെ തകിടം മറിച്ചു. കടക്കെണിയിൽ പൊറുതി മുട്ടിയതോടെ നേടിയതെല്ലാം ഒന്നൊന്നായി വിറ്റുപെറുക്കി പിടിച്ചു നിൽക്കാൻ പാട് പെട്ടു.

മിസ് വേൾഡും ബോളിവുഡ് താരവുമായ യുക്ത മുഖി തുടങ്ങിയ സെലിബ്രിറ്റികൾ സഹപാഠികളായിരുന്ന ഗോപിനാഥന്റെ മക്കൾ ഒരു സുപ്രഭാതത്തിൽ അനശ്ചിതമായ ഭാവിയെ നോക്കി പകച്ചു നിൽക്കുകയാണ്. ജാവയും പി എച്ഛ് പി കോഡും ഉപയോഗിച്ച് വെബ്സൈറ്റുകൾ രൂപകൽപ്പന ചെയ്തിരുന്ന മകൾക്ക് കൈവിട്ട ജീവിതത്തിന്റെ സോഴ്സ് കോഡുകൾ പോലും അന്യമായി. എം ബി എ ബിരുദധാരിയായ മകനും വിഷാദ രോഗത്തിനടിമയായതോടെ ഗോപിനാഥന്റെ മുന്നിൽ മൂന്ന് വിശക്കുന്ന വയറുകൾ ബാധ്യതയായി മാറുകയായിരുന്നു.

മലയാളികൾ തിങ്ങി പാർക്കുന്ന ഡോംബിവ്‌ലിയിലെ സുമനസ്സകളായ കുറെ സാമൂഹിക പ്രവർത്തകരുടെ കാരുണ്യത്തിലാണ് ഗോപിനാഥനും കുടുംബവും ഇപ്പോൾ ദിവസങ്ങൾ തള്ളി നീക്കുന്നത്. ആഹാരവും മരുന്നും എത്തിച്ചു കൊടുത്താണ് സാമൂഹിക പ്രവർത്തകരായ ബാബുവും ഗീതാ ദാമോദരനുമെല്ലാം ഈ കുടുംബത്തിന് കൈത്താങ്ങാകുന്നത്.

പക്ഷെ വ്യക്തിപരായി സാമൂഹിക സേവകർ നൽകി വരുന്ന സഹായങ്ങൾ ശാശ്വത പരിഹാരമല്ല. നാല് പേരടങ്ങുന്ന ഈ കുടുംബത്തെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരേണ്ടത് മലയാളി സമൂഹത്തിന്റെ ബാധ്യതയാണ്.

അവരുടെ ജീവിതത്തിലെ അണഞ്ഞുപോയ പ്രകാശം വീണ്ടും തെളിയിക്കാൻ മലയാളി സമാജങ്ങളും സന്നദ്ധ സംഘടനകളും മുന്നിട്ടിറങ്ങേണ്ടതാണ് . അതിജീവനത്തിന്റെ നഗരയാത്രയിൽ കാലിടറിയ ഈ കുടുംബം കാരുണ്യം തേടുകയാണ്.

Attachments area

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel