ഇഞ്ചോടിഞ്ച് പോരാട്ടം; എല്‍ഡിഎഫിന് 8 മുതല്‍ 12 വരെ സീറ്റ്; യുഡിഎഫിനും 8നും 12നും ഇടയില്‍ സീറ്റ് ലഭിക്കാം; ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും കൈരളി ന്യൂസ്-സിഇഎസ് സര്‍വ്വേ

തിരുവനന്തപുരം: കേരളത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 8 മുതല്‍ 12 സീറ്റുകള്‍ വരെ പ്രവചിച്ച് കൈരളി ന്യൂസ് – സെന്റര്‍ ഫോര്‍ ഇലക്ടറല്‍ സ്റ്റഡീസ് സര്‍വേ. എന്‍ഡിഎ സീറ്റ് നേടില്ലെന്നും എല്ലാ മണ്ഡലങ്ങളിലും മൂന്നാം സ്ഥാനത്തായിരിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു.

യുഡിഎഫ് 40.8% മുതല്‍ 43.2% വരെ വോട്ടു നേടും. എല്‍ഡിഎഫിന്റെ വോട്ടോഹരി 40.3% മുതല്‍ 42.7% വരെയാകാം. എന്‍ഡിഎയുടെ വോട്ട് സാധ്യത 13.5% മുതല്‍ 15.9% വരെയാണ്.

മറ്റു സര്‍വേകളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ ചിത്രമാണ് കൈരളി – സിഇഎസ് സര്‍വേ വരച്ചു കാട്ടുന്നത്.

അര ഡസനോളം മണ്ഡലങ്ങളില്‍ ഒരു ശതമാനം വോട്ടിന്റെ വ്യത്യാസത്തിലുളള ഇഞ്ചാടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഈ പട്ടികയില്‍ എറണാകുളം, മാവേലിക്കര എന്നീ യുഡിഎഫ് ശക്തികേന്ദ്രങ്ങളും ഉള്‍പ്പെടുന്നു.

മറ്റ് സര്‍വേകളില്‍ ഇടതുപക്ഷത്തിന്റെ പല നെടുങ്കോട്ടകളും തകരുമെന്നാണ് പ്രവചിച്ചിരുന്നത്. എന്നാല്‍ കാസര്‍ഗോഡ്, കണ്ണൂര്‍ പോലുളള മണ്ഡലങ്ങള്‍ നിലനിര്‍ത്തുകയും വടകര, കോഴിക്കോട്, ആലപ്പുഴ, കൊല്ലം പോലുളള മണ്ഡലങ്ങള്‍ യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുക്കാനാണ് സാധ്യതയെന്നാണ് സര്‍വേ വിലയിരുത്തല്‍.

മലപ്പുറം, വയനാട് തുടങ്ങിയ ശക്തികേന്ദ്രങ്ങളില്‍ യുഡിഎഫ് ആധിപത്യം തുടരുന്നു. ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളില്‍ പോരാട്ടം യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ്. ബിജെപി മൂന്നാം സ്ഥാനത്തും.

തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനും പത്തനംതിട്ടയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജിനുമാണ് നേരിയ മുന്‍തൂക്കം.

കേരളത്തില്‍ ഇത്തവണ നടന്ന ഏറ്റവും വലിയ തെരഞ്ഞെടുപ്പ് സര്‍വേയാണ് കൈരളി ന്യൂസും സിഇഎസും ചേര്‍ന്ന് സംഘടിപ്പിച്ചത്.

സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 80 നിയമസഭാ മണ്ഡലങ്ങളില്‍ സര്‍വേ നടന്നു. 480 ബുത്തുകളിലെ 12,000 വോട്ടര്‍മാര്‍ സര്‍വേയില്‍ പങ്കെടുത്തു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൃത്യതയുളള പോസ്റ്റ് പോള്‍ സര്‍വേ നടത്തിയത് ഇതേ ടീം ആണ്.

എല്‍ഡിഎഫ് 43.1% വോട്ടോടെ 84 മുതല്‍ 90 വരെ സീറ്റ് നേടുമെന്നായിരുന്നു പ്രവചനം. മുന്നണി നേടിയത് 43.48 % വോട്ടും 91 സീറ്റുമാണ്. യുഡിഎഫിന്റേ യും എന്‍ഡിഎയുടേയും പ്രകടനവും ഇതേ ടീം പ്രവചിച്ചിരുന്നു.

യുഡിഎഫിന് 40.6% വോട്ടും 47 മുതല്‍ 53 വരെ സീറ്റും എന്‍ഡിഎക്ക് 14.1% വോട്ടും പൂജ്യം മുതല്‍ ഒന്നു വരെ സീറ്റും പ്രവചിച്ചു. യുഡിഎഫ് 38.81% വോട്ടും 47 സീറ്റുമാണ് നേടിയത്. എന്‍ഡിഎ 15.1% വോട്ട് നേടിയെങ്കിലും ഒരിടത്തും ജയിച്ചില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News