വ്യാജ എൽഎൽബി സർട്ടിഫിക്കറ്റുപയോഗിച്ച‌് വിവിധ കോടതികളിൽ പ്രാക്ടീസ‌്; വ്യാജ വക്കീൽ കസ‌്റ്റഡിയിൽ

വ്യാജ എൽഎൽബി സർട്ടിഫിക്കറ്റുപയോഗിച്ച‌് വിവിധ കോടതികളിൽ പ്രാക്ടീസ‌് ചെയ‌്ത കേസിൽ അറസ്റ്റിലായ യുവാവിനെ കോടതി പൊലീസ‌് കസ‌്റ്റഡിയിൽ വിട്ടു. നെയ്യാറ്റിൻകര, നെടുമങ്ങാട‌്, ആറ്റിങ്ങൽ, വഞ്ചിയൂർ കോടതികളിൽ പ്രാക്ടീസ‌് ചെയ്ത‌് തട്ടിപ്പ‌് നടത്തിയ ഒറ്റശേഖരമംഗലം ഊരൂട്ടമ്പലം സ്വദേശി എം ജെ വിനോദിനെയാണ‌് നെയ്യാറ്റിൻകര കോടതി റൂറൽ ഡിസിആർബി ഡിവൈഎസ‌്പി ഡി അശോകന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ കസ‌്റ്റഡിയിൽ വിട്ടത‌്.

പത്താം ക്ലാസ‌് യോഗ്യത മാത്രമുള്ള എം ജെ വിനോദ‌് ബീഹാർ ചപ്ര ജയപ്രകാശ‌് നാരായണൻ യൂണിവേഴ്സിറ്റിയുടെ വ്യാജ എൽഎൽബി സർട്ടിഫിക്കറ്റ‌് ഉപയോഗിച്ചായിരുന്നു പ്രാക‌്ടീസ‌് ചെയ‌്തത‌്. ബിഎ, എംഎ സർട്ടിഫിക്കറ്റുകളും ഇയാൾ ഇങ്ങനെ സംഘടിപ്പിച്ചു.

പത്താം ക്ലാസിൽ ട്യൂഷനെടുത്ത ഒരു അധ്യാപികയെ ഇയാൾ വഞ്ചിച്ചതോടെയാണ‌് സംഭവത്തിന്റെ ചുരുൾ നിവർന്നത‌്. ഇവർ നെയ്യാറ്റിൻകര പൊലീസിലും പിന്നീട‌് റൂറൽ എസ‌്പിയ‌്ക്കും പരാതി നൽകി. തുടർന്ന‌് ഡിവൈഎസ‌്പി ഡി അശോകന്റെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപീകരിച്ച‌് നടത്തിയ അന്വേഷണത്തിൽ തട്ടിപ്പ‌് തെളിഞ്ഞു.

ചപ്ര യൂണിവേഴ‌്സിറ്റിയിൽ എത്തിയ പൊലീസ‌് സർട്ടിഫിക്കറ്റ‌് വ്യാജമെന്ന‌് കണ്ടെത്തി. ഇതോടെ കേസെടുത്ത‌് അറസ‌്റ്റ‌് ചെയ്യുകയായിരുന്നു. വ്യാജ സർട്ടിഫിക്കറ്റ‌് ഉപയോഗിച്ച‌് രജിസ‌്റ്റർ ചെയ‌്തതിന‌് ബാർ കൗൺസിൽ സെക്രട്ടറി എറണാകുളം സെൻട്രൽ പൊലീസ‌് സ‌്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട‌്. ഡോക‌്ടറായ ഇയാളുടെ ഭാര്യ ഗാർഹികപീഡനത്തിന‌് കോടതിയിലും പരാതി നൽകി.

ഇയാളെ കസ‌്റ്റഡിയിൽ വാങ്ങിയ പൊലീസ‌് വീട്ടിലെത്തിച്ച‌് തെളിവെടുത്തു. വക്കീൽ ബോർഡും മറ്റു ചില രേഖകളും അദ്ദേഹം ഉപയോഗിച്ച കോട്ടും കണ്ടെടുത്തു. അടുത്ത ദിവസം ഇയാൾ വക്കാലത്ത‌് നൽകിയ കേസുകളുടെ വിവരങ്ങൾ പൊലീസ‌് ശേഖരിക്കും. ഇതിനായി മജിസ‌്ട്രേട്ടുമാർക്ക‌് കത്തു നൽകും.

ഡിവൈഎസ‌്പിയെ കൂടാതെ എസ‌്ഐ ഗോപൻ, എഎസ‌്ഐ ആർ ജയൻ, അജിത‌് കുമാർ, സിപിഒമാരായ വിനോദ‌്, പ്രതീഷ‌്, ജോയി എ‌ന്നിവരും അന്വേഷണ സംഘത്തിലുണ്ട‌്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News