എക്‌സിറ്റ് പോള്‍ സര്‍വേകള്‍ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നവയല്ലെന്ന് കോടിയേരി; മതേതര ജനാധിപത്യ ശക്തികളെ അധികാരത്തിലെത്തിക്കാനാണ് ഇടതുപക്ഷത്തിന്റെ പരിശ്രമം

കണ്ണൂര്‍: എക്‌സിറ്റ് പോള്‍ സര്‍വേകള്‍ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നവയല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവന്ന എക്‌സിറ്റ് പോളുകള്‍ ജനവികാരം പ്രതിഫലിപ്പിക്കുന്നവയല്ലെന്നും അദ്ദേഹം പറഞ്ഞു.

വിദേശരാജ്യങ്ങളിലാണ് എക്‌സിറ്റ് പോള്‍ സര്‍വേ രീതികള്‍ ആദ്യം ഉടലെടുത്തത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹിലാരി ക്ലിന്റന്‍ വിജയിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചിച്ചതെങ്കിലും ജയിച്ചത് ട്രംപായിരുന്നു.

എബി വാജ്‌പേയ് സര്‍ക്കാര്‍ വീണ്ടുമധികാരത്തിലെത്തുമെന്ന് പ്രഖ്യാപിച്ച അക്കാലത്തെ എക്‌സിറ്റ് പോള്‍ ഫലങ്ങളും തകിടംമറിഞ്ഞു. കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങളാണ് ഇത്തരം ഫലങ്ങളിലൂടെ പുറത്തുവരുന്നത്. ഇത് ജനഹിതവുമായി പൊരുത്തപ്പെട്ടുപോകാറില്ല. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഘട്ടത്തിലും ചില പ്രവചനക്കാര്‍ക്ക് തെറ്റുപറ്റി.

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് പ്രവചനം വന്നു. 140 സീറ്റിലെയും വോട്ടെണ്ണിക്കഴിഞ്ഞ ശേഷമേ ഉമ്മന്‍ചാണ്ടിക്ക് യാഥാര്‍ഥ്യം ബോധ്യമായുള്ളൂവെന്നും കോടിയേരി പറഞ്ഞു.

എല്‍ഡിഎഫ് പ്രതിപക്ഷത്താവുമെന്ന എക്‌സിറ്റ്‌പോള്‍ ഫലം തിരുത്തി 91 സീറ്റ് നേടി എല്‍ഡിഎഫ് അധികാരമേറ്റത് ജനങ്ങള്‍ക്കറിയാം. ഇടതുപക്ഷത്തിന് സീറ്റില്ലാത്ത സംസ്ഥാനമായി കേരളത്തെ കാണാന്‍ ആഗ്രഹിക്കുന്നവരുടെ മനോവികാരമാണ് ഇത്തരം ഫലങ്ങളായി പുറത്തുവരുന്നത്. ജയപരാജയങ്ങള്‍ സിപിഐഎമ്മിന് പുതിയ കാര്യമല്ല. തോറ്റാല്‍ കരഞ്ഞിരിക്കലും ജയിച്ചാല്‍ അമിതാവേശം പ്രകടിപ്പിക്കലും പാര്‍ട്ടിരീതിയുമല്ല.

77ല്‍ ലോക്‌സഭയിലേക്ക് ഒരിടത്തും ജയിക്കാതിരുന്നിട്ടും മൂന്നുകൊല്ലം പിന്നിട്ടപ്പോള്‍ 1980ല്‍ കേരളത്തില്‍ അധികാരത്തിലെത്തിയ ചരിത്രമുള്ള പാര്‍ടിയാണിത്. മതേതര ജനാധിപത്യ ശക്തികളെ അധികാരത്തിലെത്തിക്കാനാണ് ഇടതുപക്ഷത്തിന്റെ പരിശ്രമം. ബിജെപി ഇതര പ്രധാനമന്ത്രിയാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യമെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News