മലയാളികളെ നൊമ്പരപ്പെടുത്തി ലിനി എന്ന മാലാഖ ഓര്‍മയായിട്ട് ഇന്ന് ഒരു വര്‍ഷം

കോഴിക്കോട്: നിപായുടെ നാളുകളില്‍ സേവനത്തിന്റെ സന്ദേശം പകര്‍ന്ന ലിനി എന്ന മാലാഖ ഓര്‍മയായിട്ട് ഇന്ന് ഒരു വര്‍ഷം.

മലയാളികളെയാകെ ഏറെ നൊമ്പരപ്പെടുത്തിയാണ് 2018 മെയ് 21ന് പുലര്‍ച്ചെ നിപായോട് പൊരുതി ലിനി യാത്രയായത്. രോഗിയെ പരിചരിച്ചതിലൂടെ അസുഖം ബാധിച്ച ലിനി ലോകമലയാളികളില്‍ സേവന മാതൃകയുടെ പുതിയ മുഖം തീര്‍ത്താണ് വിടപറഞ്ഞത്.

നിപാ ബാധിച്ചുള്ള ആദ്യ മരണമെന്ന് കരുതുന്ന പേരാമ്പ്ര സൂപ്പിക്കടയില്‍ വളച്ചുകെട്ടിയിലെ സാബിത്തില്‍ നിന്നാണ് ലിനിക്ക് അസുഖം ബാധിച്ചത്. പേരാമ്പ്ര ഗവ. താലൂക്ക് ആശുപത്രിയില്‍ നേഴ്‌സായ ലിനി അവിടെ ചികിത്സ തേടിയ സാബിത്തിനെ പരിചരിച്ചിരുന്നു. പിന്നീട് ദിവസങ്ങള്‍ക്കകം പനിയും ലക്ഷണങ്ങളും കണ്ടു.

17ന് പേരാമ്പ്ര ഗവ. ആശുപത്രിയില്‍ ചികിത്സ നല്‍കി. ഭേദമാവാത്തതിനാല്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പിന്നീട് ഗവ. മെഡിക്കല്‍ കോളേജിലും എത്തിച്ചു. തന്റെ അസുഖത്തിന്റെ ഗൗരവം ബോധ്യപ്പെട്ട ലിനി ഭര്‍ത്താവ് സജീഷിന് നേഴ്‌സിന്റെ കൈവശം നല്‍കിയ അവസാന കത്ത് കണ്ണുനനയിക്കുന്നതായിരുന്നു. അഞ്ചും രണ്ടും വയസ്സായ കുഞ്ഞുങ്ങളെ സജീഷിനെ ഏല്‍പ്പിച്ചായിരുന്നു ലിനിയുടെ വിയോഗം.

സമൂഹവും സര്‍ക്കാരും ഈ കുടുംബത്തിനൊപ്പമായിരുന്നു പിന്നീട്. സജീഷിന് ഗവ. ജോലിയുള്‍പ്പെടെ നല്‍കി. പല നാടുകളിലും ജനങ്ങള്‍ ലിനിക്ക് ആദരങ്ങള്‍ സംഘടിപ്പിച്ചു.

ലിനിയുടെ പേരില്‍ മികച്ച നേഴ്‌സുമാര്‍ക്ക് സര്‍ക്കാര്‍ അവാര്‍ഡ് ഏര്‍പ്പെടുത്തി. മരിക്കാത്ത ഓര്‍മയായി ലിനി ആ വീട്ടിലും നാട്ടിലും നിറയുന്ന വേളയിലാണ് ആദ്യ അനുസ്മരണം എത്തുന്നത്.

ഒരു വര്‍ഷം പിന്നിടുന്ന വേളയില്‍ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. കേരള ഗവ. നേഴ്‌സസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ലിനി അനുസ്മരണം സംഘടിപ്പിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News