കർദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ നിർമ്മിച്ച കേസില്‍ ഫാദർ ടോണി കല്ലൂക്കാരനെ പോലീസ് പ്രതിചേർത്തു

കർദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ നിർമ്മിച്ച കേസില്‍ ഫാദർ ടോണി കല്ലൂക്കാരനെ പോലീസ് പ്രതിചേർത്തു.

വ്യാജരേഖ ഉണ്ടാക്കാൻ ഫാദർ പോൾ തേലക്കാടും ഫാദർ ടോണി കല്ലൂക്കാരനും ഗൂഢാലോചന നടത്തിയെന്നാണ് പോലീസിന്‍റെ കണ്ടെത്തല്‍.

വൈദികരുടെ നിർദ്ദേശം മൂന്നാം പ്രതി ആദിത്യൻ അനുസരിക്കുകയായിരുന്നുവെന്നും ആദിത്യന്‍റെ കസ്റ്റഡി അപേക്ഷയില്‍ പോലീസ് വ്യക്തമാക്കുന്നു.

അതേ സമയം കർദിനാൾ ജോർജ് ആലഞ്ചേരി അടക്കം മൂന്ന് പേർക്കെതിരെ കാക്കനാട് മജിസ്‌ട്രേറ്റ് കോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത ഭൂമിയിടപാട് കേസ് എറണാകുളം ജില്ലാ കോടതി സ്റ്റേ ചെയ്തു.

കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ നിര്‍മ്മിച്ച കേസില്‍ മുരിങ്ങൂര്‍ സാന്‍റോസ് നഗര്‍ പള്ളിവികാരി ഫാദര്‍ ടോണി കല്ലൂക്കാരനെ നാലാം പ്രതിയാക്കിയാണ് ഉൾപ്പെടുത്തിയത്.

കര്‍ദിനാള്‍ ആലഞ്ചേരിയെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി കേസിലെ ഒന്നാം പ്രതി ഫാദര്‍ പോള്‍ തേലക്കാടും നാലാം പ്രതി ഫാദര്‍ ടോണിയും ചേര്‍ന്ന് ഗൂഢാലോചന നടത്തുകയും മൂന്നാം പ്രതി ആദിത്യനെക്കൊണ്ട് വ്യാജരേഖ നിര്‍മ്മിച്ചെടുത്തുവെന്നും പോലീസ് വെളിപ്പെടുത്തി.

ആദിത്യന്‍റെ കസ്റ്റഡി അപേക്ഷയിലാണ് രണ്ട് വൈദികര്‍ ചേര്‍ന്ന് ഗൂഢാലോചന നടത്തിയകാര്യം പോലീസ് വെളിപ്പെടുത്തിയിരിക്കുന്നത്.

ആദിത്യന്‍റെ സാന്നിധ്യത്തില്‍ തെളിവെടുപ്പടക്കം പൂര്‍ത്തിയാക്കാനുള്ളതിനാലും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും ഇയാളെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്നാണ് കാക്കനാട് മജിസ്ട്രേറ്റ് കോടതിയില്‍ പോലീസ് ആവശ്യപ്പെട്ടത്.

എന്നാല്‍ പോലീസ് തന്നെ മര്‍ദിച്ചുവെന്നും കസ്റ്റഡിയില്‍ വിടാന്‍ അനുമതി നല്‍കരുതെന്നും ആദിത്യന്‍റെ അഭിഭാഷകനും ആവശ്യപ്പെട്ടു. ഇതിനിടെ കോടതി നിര്‍ദേശപ്രകാരം ആദിത്യനെ വൈദ്യ പരിശോധനക്ക് വിധേയനാക്കുകയും ചെയ്തു.

അതേ സമയം സഭാ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കർദിനാൾ ജോർജ് ആലഞ്ചേരി അടക്കം മൂന്ന് പേർക്കെതിരെ കാക്കനാട് മജിസ്‌ട്രേറ്റ് കോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസ് എറണാകുളം ജില്ലാ കോടതി സ്റ്റേ ചെയ്തു.

ഭൂമി വില്പനയിൽ ക്രമക്കേട് നടന്നെന്നു കണ്ടെത്തിയാണ് കോടതി നേരത്തെ കേസ് എടുത്തിരുന്നത്. ഇതിനിടെ കര്‍ദിനാള്‍ ആലഞ്ചേരി എറണാകുളം ജില്ലാ കോടതിയെ സമീപിച്ചിരുന്നു.

ആലഞ്ചേരിയുടെ ഹർജി പരിഗണിച്ചാണ് ജില്ലാ കോടതി സ്റ്റേ അനുവദിച്ചത്. റിവിഷൻ ഹർജിയിൽ തീർപ്പുണ്ടാകുന്നത് വരെ കേസില്‍ വിചാരണ നടപടി പാടില്ലെന്നും ജില്ല കോടതി ഉത്തരവിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here