ആര് രാജ്യം ഭരിക്കും; വോട്ടെണ്ണൽ ആരംഭിച്ചു; ആദ്യ സൂചന എട്ടര മുതല്‍

പതിനേഴാമത‌് ലോക‌്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയും.

തെരഞ്ഞെടുപ്പ‌് നടന്ന 542 ലോക‌്സഭാ മണ്ഡലത്തിലും എട്ടുമുതൽ വോട്ടുകൾ എണ്ണിത്തുടങ്ങി. എട്ടരയോടെ ആദ്യ ഫലസൂചന അറിയാം.

രണ്ടു മണിയോടെ ഭൂരിഭാഗം മണ്ഡലങ്ങളിലും വോട്ടെണ്ണിത്തീരുമെങ്കിലും ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ചുവീതം ബൂത്തിലെ വിവിപാറ്റുകൾകൂടി എണ്ണേണ്ടതിനാൽ ഔദ്യോഗിക ഫലപ്രഖ്യാപനം വൈകും.

വിവിപാറ്റുകൾ എണ്ണിത്തിട്ടപ്പെടുത്തുന്നത‌് വോട്ടെണ്ണലിന്റെ തുടക്കത്തിൽത്തന്നെ വേണമെന്ന പ്രതിപക്ഷ പാർടികളുടെ ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ‌് കമീഷൻ തള്ളി.

വോട്ടിങ‌് യന്ത്രങ്ങളിലെ വോട്ടും വിവിപാറ്റുകളുടെ എണ്ണവും തമ്മിൽ പൊരുത്തക്കേടുകളുണ്ടെങ്കിൽ ആ നിയമസഭാ മണ്ഡലത്തിലെ മുഴുവൻ വിവിപാറ്റുകളും എണ്ണണമെന്ന പ്രതിപക്ഷ ആവശ്യവും നിരാകരിക്കപ്പെട്ടു. വിവിപാറ്റുകൾ തുടക്കത്തിൽത്തന്നെ എണ്ണിയാൽ തെരഞ്ഞെടുപ്പ‌് ഫലം വല്ലാതെ വൈകുമെന്ന ന്യായമാണ‌് കമീഷൻ മുന്നോട്ടുവയ‌്ക്കുന്നത‌്.

വോട്ടെണ്ണൽ പൂർത്തിയായശേഷംമാത്രമാകും അഞ്ച‌് ബൂത്തിലെ വിവിപാറ്റുകൾ എണ്ണിത്തിട്ടപ്പെടുത്തുക. എണ്ണത്തില്‍ എന്തെങ്കിലും പൊരുത്തക്കേടുണ്ടായാൽ വിവിപാറ്റ‌് എണ്ണമാകും അന്തിമമായി അംഗീകരിക്കുകയെന്നും തെരഞ്ഞെടുപ്പ‌് കമീഷൻ വ്യക്തമാക്കി.

വിവിപാറ്റുകളുടെ എണ്ണത്തിന‌് അനുസൃതമായി ആകെ വോട്ടുകളിൽ മാറ്റം വരുത്തിയശേഷം ഔദ്യോഗികമായ ഫലപ്രഖ്യാപനം നടത്തും. ബുധനാഴ‌്ച രാവിലെ യോഗം ചേർന്നാണ‌് പ്രതിപക്ഷ പാർടികളുടെ ആവശ്യങ്ങൾ കമീഷൻ തള്ളിയത‌്.

വോട്ടിങ‌് യന്ത്രങ്ങളിൽ തിരിമറിക്ക‌് ശ്രമം നടക്കുന്നുവെന്ന പ്രതിപക്ഷ പാർടികളുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽക്കൂടിയാണ‌് ഇക്കുറി വോട്ടെണ്ണൽ നടക്കുന്നത്. എക‌്സിറ്റ‌് പോൾ ഫലങ്ങൾ ബിജെപിക്കും എൻഡിഎ മുന്നണിക്കും വലിയ മുൻതൂക്കം പ്രവചിച്ചതോടെയാണ‌് വോട്ടിങ‌് യന്ത്രങ്ങളുടെ സുതാര്യതയുടെ കാര്യത്തിൽ സംശയം ബലപ്പെട്ടത‌്.

വോട്ടിങ‌് യന്ത്രങ്ങൾ സൂക്ഷിക്കുന്ന സ‌്ട്രോങ‌് റൂമുകളിലേക്ക‌് വാഹനങ്ങളിൽ പുറമെനിന്ന‌് യന്ത്രങ്ങൾ എത്തിക്കാൻ പലയിടത്തും ശ്രമിക്കുന്നുവെന്ന ആരോപണം ചിത്രങ്ങളും വീഡിയോകളുമടക്കം പ്രചരിച്ചതോടെ സ്ഥിതിഗതികൾ സങ്കീർണമായി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ‌്ട്രോങ‌് റൂമുകൾക്ക‌ുമുന്നിൽ പ്രതിപക്ഷ പാർടി പ്രവർത്തകർ രാത്രിയുടനീളം കാവലിരുന്നു. തൂത്തുക്കുടിയിൽ വോട്ടിങ‌് യന്ത്രങ്ങൾ നീക്കുന്നത‌് കണ്ടതായി ഡിഎംകെ നേതാവ‌് കനിമൊഴി വെളിപ്പെടുത്തി. സ‌്ട്രോങ‌് റൂമുകൾക്ക‌് കാവൽ നിൽക്കാൻ പ്രവർത്തകരോട‌് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

യുപിയിലെ മീറത്തിലും റായ‌്ബറേലിയിലും കോൺഗ്രസ‌് പ്രവർത്തകർ സ‌്ട്രോങ‌് റൂമിന‌ു മുന്നിൽ രാത്രി കാവലിരുന്നു. ചണ്ഡീഗഢ‌്, അസം, മഹാരാഷ്ട്ര തുടങ്ങിയ സ്ഥലങ്ങളിലും രാഷ്ട്രീയപ്രവർത്തകർ രാത്രി കാവലിനെത്തി. പ്രതിപക്ഷം അനാവശ്യ വിവാദം സൃഷ്ടിക്കുകയാണെന്ന‌് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.

തപാൽ വോട്ടിനായി യന്ത്രങ്ങളിലെ എണ്ണൽ നിർത്തില്ല

തപാൽ ബാലറ്റ് എണ്ണൽ പൂർത്തിയാകുന്നതുവരെ ഇലക്ട്രോണിക് വോട്ടിങ‌് യന്ത്രങ്ങളുടെ (ഇവിഎം) വോട്ടെണ്ണൽ നിർത്തിവയ‌്ക്കില്ലെന്ന‌് മുഖ്യതെരഞ്ഞെടുപ്പു ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. എല്ലാ മണ്ഡലങ്ങളിലും ഇവിഎമ്മിൽ വോട്ടെണ്ണൽ ആരംഭിച്ചുകഴിഞ്ഞാൽ പൂർത്തിയാകുന്നതുവരെ തുടരും. ഇതോടൊപ്പം തപാൽ വോട്ടും എണ്ണും.

തപാൽ വോട്ട‌് എണ്ണിത്തീരുന്നതുവരെ അവസാനത്തെ രണ്ടു റൗണ്ട് ഇവിഎമ്മുകളിലെ വോട്ടെണ്ണൽ നിർത്തിവയ‌്ക്കാനായിരുന്നു നേരത്തെയുള്ള നിർദേശം. ഇവിഎമ്മിലെ വോട്ടെണ്ണൽ പൂർത്തിയായാലുടൻ വിവി പാറ്റ് രസീതുകളുടെ എണ്ണൽ തുടങ്ങും. വ്യാഴ‌ാഴ‌്ച രാവിലെ എട്ടിനാണ‌് വോട്ടെണ്ണൽ തുടങ്ങുക. അതിന‌് മുമ്പായി സ്‌ട്രോങ് റൂമിൽനിന്ന് വോട്ടിങ് യന്ത്രങ്ങൾ അതത‌് നിയമസഭാ മണ്ഡലങ്ങൾക്കായി നിശ്ചയിച്ച ഹാളിലേക്ക‌് മാറ്റും.

വിവരങ്ങളെല്ലാം തത്സമയം

വോട്ടെണ്ണലിന്റെ തത്സമയ വിവരം പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും ലഭ്യമാക്കുന്നതിന് വിപുലമായ സംവിധാനം ഏർപ്പെടുത്തിയതായി മുഖ്യതെരഞ്ഞെടുപ്പ‌് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും മീഡിയാസെന്റർ സജ്ജമാക്കി. അവിടെ ഡിജിറ്റൽ ഡിസ്‌പ്ലേ ബോർഡിൽ ലോക‌്സഭാ മണ്ഡലം തിരിച്ചുള്ള ഫലം ലഭിക്കും.

കമീഷന്റെ സുവിധ സോഫ‌്റ്റ‌്‌വെയർ വഴിയും ലഭിക്കും (https://results.eci.gov.in). കമീഷന്റെ വോട്ടർ ഹെൽപ് ലൈൻ (voter helpline) ആപ്പ് വഴിയും തത്സമയ വിവരം ലഭ്യമാക്കും. നാഷണൽ ഇൻഫോർമാറ്റിക് സെന്ററിന്റെ എൻഐസി ട്രെൻഡ് (TREND) വഴിയുള്ള ഫലങ്ങൾ നേരിട്ട് ലഭ്യമാക്കും.

(http://trend.kerala.gov.in & http://trend.kerala.nic.in ) TREND മൊബൈൽ ആപ്പിലും ഫലം ലഭിക്കും. PRD Live മൊബൈൽ ആപ്പിലും തത്സമയ വിവരമുണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News